സൗദി അറേബ്യയിലേക്ക് മോദിയുടെ മൂന്നാം വരവ്; ദ്വിദിന സന്ദർശനത്തിൽ സുപ്രധാന കരാറുകൾ ഒപ്പുവെച്ചേക്കും
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം നാളെ തുടങ്ങാനിരിക്കെ പ്രതീക്ഷകള്‍ വാനോളം. സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാന് രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തുന്നത്.
ഏപ്രില്‍ 22, 23 തീയതികളില്‍ മോദി ജിദ്ദയിലുണ്ടാകും. മൂന്നാം തവണയാണ് മോദി സൗദിയിലെത്തുന്നത്. ആദ്യ രണ്ട് തവണ പ്രധാനമന്ത്രിയായപ്പോഴും മോദി സൗദി സന്ദര്‍ശിച്ചിരുന്നു. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ഈ സന്ദര്‍ശനത്തില്‍ ഇന്ത്യ സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം മീറ്റിങ്ങില്‍ ഇരു രാഷ്ട്ര നേതാക്കളും പങ്കെടുക്കും. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് സൗദിയുടെ ലക്ഷ്യം. ഊര്‍ജ്ജം, പ്രതിരോധം, വ്യാപാരം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ സുപ്രധാന കരാറുകള്‍ ഒപ്പിടുമെന്നാണ് സൂചന. ഇന്ത്യ മീഡിലീസ്റ്റ് യൂറോപ് വ്യവസായ ഇടനാഴി പുരോഗതിയും ചര്‍ച്ചയായേക്കും.
Read Also – പ്രധാനമന്ത്രി സൗദിയിലേക്ക്; ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലടക്കം ചര്‍ച്ച, സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച
സൗദിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപ അവസരം വര്‍ധിപ്പിക്കാനും ഈ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വെക്കുന്നു. 2023ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മോദിയുടെ ഇത്തവണത്തെ സൗദി സന്ദര്‍ശനം. ഹജ്ജ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിലെ ചർച്ച പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി 10,000 പേരെ അനുവദിക്കാമെന്നും സൗദി നിലവിൽ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
ഇന്ത്യയ്ക്ക് സൗദി അറബ്യ ഇത്തവണ അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ട 1,75,000 ആണ്. ഇതിൽ സർക്കാർ ക്വാട്ട വഴി പോകുന്ന 1,22,000 പേരുടെ യാത്രയ്ക്ക് നടപടികൾ പൂർത്തിയായി കഴിഞ്ഞു. എന്നാൽ, സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് 52,000 പേരെ കൊണ്ടു പോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും സൗദിയിലെ സൗകര്യങ്ങൾ ബുക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാത്തതിനാൽ ഇത് റദ്ദാകുകയായിരുന്നു.
സന്ദര്‍ശനത്തില്‍ പ്രവാസികള്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് പ്രവാസ ലോകം. നേരത്തെ തന്നെ ശക്തമായ ഇന്ത്യ-സൗദി അറേബ്യ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവസരമൊരുക്കുന്നതാണ് മോദിയുടെ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.