സ്വപ്‌നം പോലൊരു വെക്കേഷന്‍ യാത്ര, അപ്രതീക്ഷിത വഴിത്തിരിവ്, സങ്കടഭരിതമായ ഓര്‍മ്മകള്‍

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം. 

വധിക്കാലത്തിന്‍റെ ഓര്‍മ്മകള്‍ക്ക് എപ്പോഴും ഇരട്ടിമധുരമാണ്. പ്രത്യേകിച്ച് കൂട്ടുകുടുംബത്തിലെ സ്‌നേഹലാളനകള്‍ അനുഭവിച്ച് വളര്‍ന്ന ഒരു കുട്ടിക്ക്.  

ആദ്യമായി സ്‌കൂളില്‍ പോകുന്ന ഒരു ഒന്നാം ക്ലാസുകാരിയുടെ  നിഷ്‌കളങ്കമായ കണ്ണുകളിലെ സംശയം മാറാത്ത നൂറു നൂറു ചോദ്യങ്ങള്‍. ആ കുഞ്ഞു ഫ്രോക്കുകാരിയെ കൊഞ്ചിക്കാനും അവളുടെ ശാഠ്യങ്ങളെ കണ്ട് രസിക്കാനും കുസൃതികള്‍ ഏറ്റുവാങ്ങാനും അവളുടെ ഉല്‍ക്കണ്ഠയും, ആകാംക്ഷയും ആദ്യമായി വീടുവിട്ട് സ്‌കൂളില്‍ പോകുന്നതിന്‍റെ സങ്കടവും ഒക്കെ പകര്‍ന്നെടുത്ത് ആ കുഞ്ഞു മനസ്സിനെ ആശ്വസിപ്പിച്ച് പ്രാപ്തമാക്കാനും ചുറ്റും മത്സരിക്കുന്ന അധ്യാപകര്‍. പേര് പറഞ്ഞ് വിളിച്ചാല്‍ മതിവരാത്ത അത്രയും പ്രിയപ്പെട്ടവര്‍.

യുപി സ്‌കൂള്‍ അധ്യാപകനായ അച്ഛന്‍റെ കൈപിടിച്ചാണ് ആദ്യമായി സ്‌കൂളില്‍ പോയത്. ആ വേനലവധിയിലെ എട്ടും പൊട്ടും തിരിയാത്ത, ആദ്യമായി സ്‌കൂളില്‍ പോകാന്‍ തയ്യാറെടുക്കുന്ന ഞാനെന്ന അഞ്ച് വയസ്സുകാരിയെയാണ് ഈയൊരു നിമിഷത്തിലും ഞാനെന്നില്‍ തിരഞ്ഞ് കൊണ്ടിരിക്കുന്നത്. പിന്നെ, ആ കുഞ്ഞ് ഫ്രോക്കുകാരിയുടെ ഓരോ വേനലവധി കഴിഞ്ഞുമുള്ള വളര്‍ച്ചകള്‍. 

കളിക്കൂട്ടുകാരുമൊത്ത് നടവരമ്പത്തും തൊടിയിലും വള്ളിക്കാവിലും  കറങ്ങി നടന്ന് അപ്പൂപ്പന്‍ താടിയോടും മുക്കുറ്റിയോടും അരിമുല്ലയോടും ശലഭങ്ങളോടും കിളികളോടും കാക്കകളോടും തുമ്പികളോടുമൊക്കെ  കിന്നരിച്ച് നടക്കുന്ന, സമയത്ത് ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കാതെ മുത്തശ്ശിയുടെയും വല്യേച്ചിയുടെയും ചിറ്റയുടെയും ഒക്കെ വിളികളെ വകവയ്ക്കാതെ അരപ്പാവാടയില്‍ കറങ്ങി നടന്ന് മണ്ണിനെയും പ്രകൃതിയെ യും അറിയാന്‍ ആഗ്രഹിക്കുന്ന കൗതുകക്കാരി,  മിടുക്കി.

എത്ര അറിഞ്ഞാലും വീണ്ടും ബാക്കിയാകുന്ന ചോദ്യങ്ങള്‍. ഉത്തരം പറഞ്ഞ് മടുത്തവര്‍ ‘ഇപ്പോ ഇത്രയും അറിഞ്ഞാ മതീന്ന്’ പറഞ്ഞ് പിന്തിരിയുമ്പോള്‍ ചിണുങ്ങിക്കൊണ്ട് കുറച്ച് നേരത്തേക്കെങ്കിലും പിണങ്ങിപ്പോയി പറമ്പിന്‍റെ ഏതെങ്കിലും മൂലയില്‍ ഒതുങ്ങിക്കൂടി മഴമേഘം മൂടിക്കെട്ടിയ മുഖമൊളിപ്പിക്കുന്ന കുഞ്ഞ് പിണക്കക്കാരി. ഏറെ ഉത്സുകതയോടെ പ്രകൃതിയുടെ മടിത്തട്ടില്‍ പലതിനെയും തിരഞ്ഞ് നടക്കുന്ന  കൊച്ചുപെണ്‍കുട്ടി. കാലില്‍ ചെരുപ്പിടാതെ ഇളം പാദങ്ങളെ കല്ലിലും മുള്ളിലും മണ്ണിലും ചെളിയിലും വെള്ളത്തിലുമൊക്കെ ആഴ്ത്തി, ചുറ്റുമുള്ള ഒന്നിനെയും വകവയ്ക്കാതെ അവളുടെ കൊച്ചു കാലുകള്‍ അലയുന്നു.

വീണ്ടും വീണ്ടും പിന്നിലേക്ക് നടക്കുമ്പോള്‍ ഓര്‍മ്മകളില്‍ കല്ലിച്ച് കിടക്കുന്നത് ഇനി എട്ടാം ക്ലാസിലേക്കെന്ന് പാടിപ്പറഞ്ഞ് പറന്ന് നടന്ന വേനലവധിക്കാലമാണ്. സ്‌കൂളിലേക്ക് നടന്ന് പോകുന്ന ഇടവഴിയില്‍ തണല്‍ വിരിച്ച് നിന്നിരുന്ന പടുകൂറ്റന്‍ മഞ്ചാടിമരം. എത്ര തിരക്കിനിടയിലും അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍ പെറുക്കി കൂട്ടി വയ്ക്കാറുണ്ടായിരുന്ന പ്രണയത്തിന്‍റെ മഞ്ചാടിമണികള്‍! 

നല്ല തിളക്കം. തലോടുമ്പോള്‍ കൈവിരല്‍ തുമ്പുകളില്‍ സുഖംപകരുന്ന മെഴുമെഴുപ്പ്. വാരിയെടുക്കുമ്പോള്‍ കൈക്കുമ്പിളിലിരുന്ന് കിലുകിലെ കുലുങ്ങല്‍. കൗമാരത്തുടിപ്പുകളില്‍ നേര്‍ത്ത കുളിരിന്‍റെ ഇക്കിളികള്‍ പകരുന്ന ദിനരാത്രങ്ങള്‍.

വീട്ടില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് രണ്ട് വീടുകളുടെ അതിര്‍ത്തികളെ തിരിക്കുന്ന മണ്‍കയ്യാലയും ചാടിക്കടന്ന് കൂട്ടുകാരി സാലമ്മയുടെ പറമ്പിന്റെന്‍റെ കിഴക്കേ മൂലയില്‍, മലപോലെ കൂട്ടിവച്ചിട്ടുള്ള കച്ചിത്തുറുവില്‍ കുത്തി മറിയുന്ന ഞാനും സാലമ്മയും. നടവഴികളിലെ തൊട്ടാവാടികളെ ഒരു കോലന്‍ കമ്പുകൊണ്ടുഴിഞ്ഞ് മയക്കി കിടത്തുക പ്രിയമുള്ള കുട്ടിക്കളിയാണ്.

വേനലവധിയുടെ അവസാന നാളുകളിലെ അമ്മയുടെ തറവാട്ടിലേക്കുള്ള യാത്ര. വല്ലപ്പോഴും കാറില്‍ കയറിയിരുന്ന് പുറം കാഴ്ചകള്‍ കണ്ട് രസിച്ച്, ഓടുന്ന വണ്ടിക്കൊപ്പം മറയുന്ന മരങ്ങളും കാഴ്ചകളും പിന്നിട്ട് യാത്ര ചെയ്യുക! അന്നൊക്കെ അതൊരു വലിയ സ്വപ്നം തന്നെയായിരുന്നു. അത് നേടുമ്പോളുള്ള സന്തോഷം വലിയ ആഘോഷവും. 

എല്ലാ വര്‍ഷവും വീടും പൂട്ടിയിട്ട് ഒരു 10-15 ദിവസം അമ്മയുടെ തറവാട്ടില്‍ പോയി താമസിക്കും.  കായലും കയറും കൂക്കി വിളിയും വള്ളവും വെള്ളവും പടിപ്പുരയും കയറ് പുരയും ചവിട്ടി നടക്കുമ്പോള്‍ പാദങ്ങള്‍ പൂഴ്ന്നിറങ്ങുന്ന ആറ്റുമണല്‍ നിറഞ്ഞ മുറ്റം.  ഇലച്ചെടികള്‍, പത്തായം, ഗോവണികള്‍, മച്ച്. ആ പഴയ  തറവാടും പതിനേഴ് സഹോദരങ്ങള്‍ അടങ്ങുന്ന അമ്മയുടെ കൂട്ടു കുടുംബവും ഞങ്ങള്‍ കുട്ടികള്‍ക്ക് വിസ്മയം നിറഞ്ഞ  ലോകം തന്നെയാണ്. അന്നത്തെ പേരെടുത്ത കയറ് മുതലാളിയായിരുന്ന മുത്തച്ഛന്‍ ഞങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും പഴയ സിനിമകളിലൊക്കെ കാണുമ്പോലുള്ള ഒരു മുതലാളിയാണ്.

ജുബ്ബയും മുണ്ടും ധരിച്ച് ഒരു കസവ് നേര്യത് തോളിലൂടെ ഇട്ട് അപ്പുറവും ഇപ്പുറവും മൂന്നോ നാലോ കിങ്കരന്മാരുമായി ഒരു എഴുന്നള്ളിപ്പ് പോലെ തലയുയര്‍ത്തി നടന്ന് വരുന്ന മുത്തച്ഛന്‍റെ മുഖത്ത് അപരിചിതത്വമാണ് പ്രധാന ഭാവം. അധികം സംസാരിക്കാത്ത പ്രകൃതം .

‘അപ്പൂപ്പന്‍ വരുന്നു, പോയി കൈയ്യില്‍ പിടിക്ക്’ എന്ന് അമ്മ ഞങ്ങളുടെ ചെവിയില്‍ വന്ന് മന്ത്രിച്ച്, ഏറ്റവും ബഹുമാനത്തോടെ നോക്കി നിന്ന് സ്വന്തം അച്ഛനെ സ്വീകരിക്കും. കൊച്ച് മക്കളെ കണ്ട് ഓടി വന്ന് വാരിപ്പുണരാത്ത മുത്തച്ഛനെ ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ലായിരുന്നു. കഥകള്‍ പറഞ്ഞ് തന്ന് ലാളിക്കാത്ത, അടുത്തിരുത്തി സ്‌നേഹിക്കാത്ത, ഒന്ന് തലോടാത്ത, ശരിക്കൊന്ന് മിണ്ടുക പോലും ചെയ്യാത്ത മുത്തച്ഛനെ ആരാണ് ഇഷ്ടപ്പെടുക!

ഞങ്ങള്‍ കുട്ടികള്‍ എന്തിനാണ് അന്ന് അമ്മ പറയുന്നത് കേട്ട് അറച്ച് അറച്ച് സങ്കോചത്തോടെ ചെന്ന് മുത്തച്ഛന്‍റെ കൈ പിടിക്കാന്‍ തുനിഞ്ഞതെന്ന് പിന്നീടോര്‍ത്ത് അതിശയിക്കാറുണ്ട്. അത് അമ്മയോടുള്ള സ്‌നേഹം കൊണ്ട് മാത്രമായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴും ഉള്ളില്‍ കരുതലുള്ള എന്നാല്‍ ഒട്ടും സ്‌നേഹം പുറമേ പ്രകടിപ്പിക്കാത്ത, ഒരു പരുക്കനായിരുന്നു മുത്തച്ഛന്‍ എന്ന് മനസ്സിലാക്കാനും മറന്നിരുന്നില്ല.  ഞങ്ങളുടേത് മാത്രമായ വേനല്‍ക്കാല സൊറ പറച്ചില്‍ കൂട്ടത്തില്‍ ഇതൊക്കെ പറഞ്ഞ്  വെറുതെയെങ്കിലും അമ്മയെ ചൊടിപ്പിക്കാറുണ്ടായിരുന്നു. 

ഞങ്ങള്‍ വീട്ടിലേക്ക് തിരികെ മടങ്ങുന്നതിന് രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ, ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചനുജന് യാദൃശ്ചികമായി മുത്തച്ഛന്‍റെ കയ്യില്‍ നിന്നും ഒരെട്ടിന്‍റെ പണി കിട്ടി. ആ ദിവസം  ഞങ്ങള്‍ മരിച്ചാലും മറക്കില്ല!

അന്നൊരു ബുധനാഴ്ചയായിരുന്നു. മുത്തച്ഛന്‍ മറ്റ് മുതലാളിമാരുമായി അദ്ദേഹത്തിന്‍റെ മീറ്റിംഗ് റൂമില്‍ ചര്‍ച്ചകളിലായിരുന്നു. അവിടേക്ക് തെല്ലാകാംക്ഷയോടെ ഒരേഴ് വയസ്സുകാരന്‍ ആരും കാണാതെ അതിക്രമിച്ച് കടന്ന് ചെന്ന് അവരുടെ മുന്നില്‍ വച്ചിരുന്ന ഒരു പാത്രം നിറയെ ഹല്‍വയില്‍ നിന്നും ഓരോ കഷണങ്ങളായെടുത്ത് കഴിക്കാന്‍ തുടങ്ങുന്നു. അതുകണ്ട് മുറിയിലുള്ള  മറ്റുള്ളവര്‍ ആ കൊച്ചുമിടുക്കനെ പരിചയപ്പെട്ട് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കുന്നു. പെട്ടെന്ന് മുത്തച്ഛന്‍റെ മുഖമാകെ വലിഞ്ഞു മുറുകുന്നു. ആ വീടാകെ മുഴങ്ങുന്ന ശബ്ദത്തില്‍ മുത്തച്ഛന്‍റെ വിളിമുഴങ്ങുന്നു.

അത് അമ്മയെയാണ്. അമ്മയ്ക്ക് കാര്യം മനസ്സിലായി. അമ്മ വേഗം ചെന്ന് ഞങ്ങളുടെ ഉണ്ടത്തക്കിടിയായ കുറുമ്പന്‍ കുട്ടനെ ശാസിച്ച് പിടിച്ചിറക്കി വെളിയില്‍ കൊണ്ടുവന്നു. അവനുണ്ടോ അടങ്ങുന്നു. അവന്‍റെ വലിയ വായിലെ നിലവിളി ആ അന്തരീക്ഷമാകെ മുഴങ്ങി. സ്‌നേഹനിധികളായ കുഞ്ഞമ്മമാരും മാമന്മാരും മറ്റ് പണിക്കാരും ഒക്കെ  മാറിമാറി എടുത്ത് പല കഥകളും പറഞ്ഞ് പല വേലകളും പയറ്റി വല്ല വിധേനയും അവന്‍റെ കരച്ചില്‍ മാറ്റാന്‍ നോക്കി. വീണ്ടും ഹല്‍വ കൊടുത്ത് നോക്കി.

അവനുണ്ടോ കേള്‍ക്കുന്നു. അവന് അവരോടൊപ്പം ആ മുറിയില്‍ ചെന്നിരുന്നു ഹല്‍വ കഴിക്കണം. ഇതൊക്കെ കണ്ട്, ഈയൊരു പ്രശ്‌നത്തിലേക്ക് കൈകടത്താന്‍ വരാതെ മാറി നിന്ന അച്ഛന്‍റെ മുഖം വല്ലാതെ വാടിപ്പോയി.

പിറ്റേന്ന് തന്നെ രാവിലെ പുറപ്പെടണമെന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞു. അതു കേട്ട അമ്മയ്ക്കറിയാം, ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന്. പിന്നെ വേഗം അടുക്കി പെറുക്കലും ഒരുക്കങ്ങളും തുടങ്ങി. ഇതിനിടെ മുത്തച്ഛന്‍റെ മീറ്റിങും സഭയും കഴിഞ്ഞിരുന്നു. 

അപ്പോഴേക്കും അച്ഛന്‍റെ ചുമലില്‍ ചാഞ്ഞ് ഞങ്ങളുടെ കുസൃതിക്കുട്ടന്‍ നിശ്ശബ്ദനായിരുന്നു.

ഞങ്ങള്‍ മടങ്ങുന്നതിന്‍റെ വിഷമം കുഞ്ഞമ്മമാരുടെയും മാമന്‍മാരുടെയും, മുഖത്ത് കാണാമായിരുന്നു. 

പെട്ടെന്ന് തന്നെ ഞങ്ങള്‍ക്കും കസിന്‍സിനുമിടയിലുള്ള കളികളും സംസാരവും കുറഞ്ഞു വന്നു. അജ്ഞാതമായ എന്തോ ഒരു വികാരം എല്ലാവരേയും ഭരിച്ചു. എന്നാല്‍, മുത്തച്ഛന്‍  മാത്രം പൂര്‍വ്വാധികം ശക്തിയോടെ അമ്മയെ വിളിച്ച് വഴക്കുപറഞ്ഞ്, ഒരു പാത്രം നിറയെ ഹല്‍വ നിരത്തിച്ച് ‘ഇന്നിവന്‍റെ കൊതി തീരണം’ എന്ന് ആക്രോശിച്ചു. ‘അവരുടെ മുന്നില്‍ നിന്‍റെ മോന്‍ കാരണം ഞാന്‍ നാണം കെട്ടു’ എന്ന് പരിഹാസിച്ച അദ്ദേഹം ‘ഇനി ഇതാവര്‍ത്തിക്കരുത്’ എന്ന് താക്കീതും മുഴക്കി. 

ഒരേഴ് വയസ്സുകാരനെ കൊണ്ട് തന്‍റെ കലിയടങ്ങും വരെ ഹല്‍വ തീറ്റിച്ച് കരയിപ്പിച്ച് ഛര്‍ദ്ദിപ്പിക്കാമെന്ന് കരുതിയ മുത്തച്ഛന് തെറ്റി. ഞങ്ങളുടെ കുറുമ്പന്‍ അച്ഛന്‍റെ ചുമലില്‍ ചാരിയിരുന്ന് അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. 

മൂത്ത വല്യമ്മാമ മുത്തച്ഛന്‍റെ മുഖത്ത് നോക്കി പറഞ്ഞു. ‘അവന്‍ എപ്പോഴേ ഉറങ്ങി, അവര്‍ രാവിലെ പുറപ്പെടുകയാണ്.’

‘ങും..’ ഒന്നിരുത്തി മൂളി മുത്തച്ഛന്‍ യാതൊരു കൂസലുമില്ലാതെ തിരിഞ്ഞ് നടന്നു. അന്നേരം അമ്മയുടെ കണ്ണുകളില്‍ നിന്നും അടര്‍ന്നു വീണ  കണ്ണുനീര്‍ത്തുള്ളികള്‍ ഇന്നും എന്‍റെ ഈ വരികളെ നനയ്ക്കുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ ശരിക്കും അമ്മയുടെ തറവാട്ടിലെ അവധി ദിനങ്ങള്‍ ആസ്വദിച്ച് തന്നെയാണ് മടങ്ങിയത്. തൊണ്ട് അഴുക്കുന്നതും, കയര്‍ പിരിക്കുന്നതും, ചക്രങ്ങളില്‍ കൈകളും കാലുകളും ഒരുപോലെ കറക്കി തൊഴിലെടുക്കുന്നതും കണ്ടുനിന്നു. ഒരായിരം തൊഴിലാളികളെയും ഏതോ സിഗ്‌നല്‍ കൊടുത്ത് കൊണ്ടുള്ള അവരുടെ ജോലി സംബന്ധമായ കൂക്കിവിളികളെയും ഒക്കെ നിറഞ്ഞ വിസ്മയത്തോടും ആകാംക്ഷയോടും നോക്കിയും കണ്ടും മനസ്സിലാക്കി.

ഒന്ന് വിരല്‍ നീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ വെള്ളം നിറഞ്ഞ അവിടുത്തെ കിണറും പ്രധാന മുറിയില്‍ നിന്ന് ഗോവണിപ്പടികള്‍ ചവിട്ടി കയറി മുകളിലേക്ക് എത്തുമ്പോള്‍ കാണുന്ന വിശാലമായ മച്ചും ഞങ്ങള്‍ക്ക് പ്രിയമുള്ള കാഴ്ചകളായിരുന്നു. 

വേനലവധിയുടെ കുറച്ച് ദിവസങ്ങള്‍ക്ക് പുത്തന്‍ നിറങ്ങള്‍ പകര്‍ന്ന് വീണ്ടും വീട്ടിലേക്ക് മടക്കം. ഒപ്പം സ്‌നേഹത്തിന്‍റെ ഒരു കടലോളം കണ്ണീര്‍ത്തുള്ളികളും, അടുത്ത വെക്കേഷന് വേണ്ടിയുള്ള  കാത്തിരിപ്പിന്‍റെ നിശ്വാസങ്ങളുമായിരുന്നു.

By admin