സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ബൈക് യാത്രികനായ യുവാവ് മരിച്ചു

കൊച്ചി: എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വൈക്കം മറവന്‍തുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടില്‍ പരേതരായ ജോയി – ശാന്തമ്മ ദമ്പതികളുടെ മകന്‍ ജിജോ തോമസ് (38) ആണ് മരിച്ചത്. 

ഇന്ന് പുലര്‍ച്ചെ 6.30 ഓടെ പുത്തന്‍കാവ് ജങ്ഷന് സമീപത്തായിരുന്നു അപകടം. എറണാകുളത്ത് സുഹൃത്തിനെ ആക്കിയ ശേഷം തിരികെ മറവന്‍തുരുത്തിലേക്ക് പോവുകയായിരുന്നു ജിജോ. ഇതിനിടെ പൂത്തോട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് ജിജോയുടെ ബസ് ഇടിച്ചുകയറി. യുവാവ് ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

റോഡില്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ജിജോ. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

By admin