തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്ക് വിനിത വധക്കേസിലെ വിധി പ്രസ്താവം മാസം 24 ലേക്ക് മാറ്റി. നിരപരാധികളെ രക്ഷിക്കാൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയെ അറിയിച്ചു. കവർച്ചക്കായി തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി. പ്രതി നടത്തിയ നാല് കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളാണ്. ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയാണന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്.അലങ്കാര ചെടി വിൽപ്പന സ്ഥാനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കാനാണ് പ്രതി തോവാള സ്വദേശി രാജേന്ദ്രൻ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയാണ് സ്വർണം മോഷ്ടിക്കാനായി വിനിതയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ പ്രതി സമൂഹത്തിന് ഭീഷണിയായെന്നും പരമാവധി ശിക്ഷയായ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.