ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ? വിവാദങ്ങള്‍ക്കിടെ കൊച്ചിയിൽ ഇന്ന് നിര്‍ണായക യോഗങ്ങള്‍

കൊച്ചി: ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവും ഇന്ന് ചേരും.സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസി നേരിട്ട ദുരനുഭവത്തിൽ ഇന്‍റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ.

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്‍റെ യോഗം. ഐസിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ചേംബറിൽ ചർച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികൾ അറിയിക്കും. ഇതിനിടെ, വിൻസി ഉന്നയിച്ച പരാതിയിൽ ഷൈൻ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നൽകിയില്ല.

വിഷയത്തിൽ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുൻപാകെ വിശദീകരണം നൽകാൻ ഷൈനിനു നൽകിയ സമയം അവസാനിച്ചു. ഷൈനിന്‍റെ അച്ഛൻ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്ഹോക്ക് കമ്മറ്റി മുൻപാകെ റിപ്പോർട്ട്‌ ചെയ്യും. കൊച്ചിയിൽ നടക്കുന്ന ഐസി യോഗം കൂടി പരിഗണിച്ച് സംഘടന ഷൈനിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയേക്കും.

അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളെ എക്സൈസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, ഇവരുടെ സഹായി ഫിറോസ് എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുക. പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും. ഇതിനുശേഷം ഇവർ തങ്ങിയിരുന്ന കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും.

കേസുമായി ബന്ധപ്പെട്ട 25ലധികം പേരെയാണ് എക്സൈസ് ഇതുവരെ ചോദ്യം ചെയ്തത്. ലഹരി കേസിൽ കൊച്ചിയിൽ പിടിയിലായ ഷൈൻ ടോം ചാക്കോ, തസ്ലീമയുമായി ബന്ധമുണ്ടെന്ന് മൊഴി നൽകിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടക്കം എക്സൈസ് വ്യക്തത വരുത്തും.പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഷൈൻ ടോം ചാക്കോ ഉൾപ്പടെ തസ്ലിമ പേര് വെളിപ്പെടുത്തിയ സിനിമ നടന്മാർക്ക് നോട്ടീസ് അയക്കുകയുള്ളു.

മുൻ ദേശീയ അധ്യക്ഷൻ ചേറ്റൂരിനെ കോൺഗ്രസ് മറന്നു; തുറന്നടിച്ച് കുടുംബം, സുരേഷ് ഗോപിയുടെ സന്ദർശനത്തിലും മറുപടി

By admin