ഷെയർ ട്രേഡിംങ്ങിൽ വൻ ലാഭ വാഗ്ദാനം, തട്ടിയത് ഒരു കോടിയിലേറെ, തൃശൂരിൽ ഒരാൾ അറസ്റ്റിൽ

തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക കാക്കശ്ശേരി വീട്ടില്‍ റനീസ് (26) ആണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പിലൂടെ 13450000 രൂപ തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാളാണ് പിടിയിലായ റനീസ്. ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കിഴുത്താണി സ്വദേശിയില്‍നിന്ന് പണം തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.

സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവുകളിലായി പല തവണകളായിട്ടാണ് പരാതിക്കാരന്‍ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് 13450000 രൂപ  നിക്ഷേപിച്ചത്. ഈ പണത്തിലുള്‍പ്പെട്ട 2220000 രൂപ റെനീസിന്റെ അക്കൗണ്ടിലേക്കാണ് അയച്ചിട്ടുള്ളതെന്നു പൊലീസ് വിശദമാക്കി. ഈ തുക പിന്‍വലിച്ച് പ്രതികള്‍ക്ക് തട്ടിപ്പ് സംഘത്തിന് നല്‍കി. 15000 രൂപ കമ്മീഷനായി കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജന്റായി പ്രവത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി  ബി.കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സുരേഷ്.എസ്.വൈ, സൈബര്‍ എസ്.എച്ച്.ഒ. വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, എസ്.ഐ. ബെന്നി ജോസഫ്, അനൂപ് കുമാര്‍, അജിത്ത് കുമാര്‍,  അനീഷ്  എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin