ലോക്കേഷനിലെ ദുരനുഭവം: സിനിമയ്ക്ക് പുറത്ത് നിയമ നടപടിക്കില്ല; അന്വേഷണത്തോട് സഹകരിക്കുമെന്നും വിന്‍സി അലോഷ്യസ്
പത്തനംതിട്ട: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണൽ കംപ്ലയിന്‍റ് അതോറിറ്റിക്കും നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.
സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയ നടനെതിരെ നിയമപരമായി പരാതി നൽകില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നാണ് വിന്‍സി അലോഷ്യസ് വ്യക്തമാക്കുന്നത്. സിനിമ മേഖലയില്‍ മാറ്റം ഉണ്ടാകണമെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുത് എന്നുമാണ് തന്‍റെ ആവശ്യം. അതിന് വേണ്ടിയാണ് ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണൽ കംപ്ലയിന്‍റ് അതോറിറ്റിയിലും പരാതി നല്‍കിയത്. പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് സിനിമയിലെ ആഭ്യന്തര സമിതിക്ക് മുൻപാകെ ഹാജരാക്കുമെന്നും നടി അറിയിച്ചു. തൻ്റെ പരാതി ആഭ്യന്തര സമിതി പരിശോധിച്ച് നടപടിയുണ്ടാവും എന്നാണ് കരുതുന്നത്. താന്‍ പരാതി പിൻവലിക്കില്ലെന്നും ഉറച്ചു നിൽക്കുമെന്നും പറഞ്ഞ വിന്‍സി സിനിമയ്ക്ക് പുറത്ത് പരാതി നല്‍കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.
തന്‍റെ പരാതി ചോർന്നത് സജി നന്ത്യാട്ട് വഴി ആണെന്ന് സംശയിച്ചു. കുറ്റപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു. മാല പാർവതി പറഞ്ഞ പ്രതികരണത്തില്‍ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.