റോസിന്‍റെ സ്വപ്നം പൂവണിഞ്ഞു, കെട്ടിപ്പിടിച്ച് നന്ദി, ഒരിക്കലുംമറക്കില്ലെന്ന് വാക്കും; ഇന്‍ഫ്ലുവന്‍സറിന് കയ്യടി
പരമ്പരാഗതമായ ചൈനീസ് വസ്ത്രം ധരിച്ച് വിവിധ രാജ്യങ്ങളിലെ തെരുവുകളിലൂടെ നടന്നു പോകുന്ന ഇൻഫ്ലുവൻസർ. സോഷ്യൽ മീഡിയയിൽ മിക്കവർക്കും ഏറെ പരിചിതനാണ് ചൈനീസ്-അമേരിക്കൻ ടിക് ടോക്കർ മൈൽസ് മൊറെറ്റി. അടുത്തിടെ മൊറെറ്റി ഇന്ത്യയിലുമെത്തി. മുംബൈയിലെത്തിയ മൊറെറ്റിയെ പലരും കൗതുകത്തോടെയാണ് നോക്കിയത്. എന്നാൽ, സോഷ്യൽ മീഡിയയെ ആകർഷിച്ചത് ഇതൊന്നുമല്ല. മൊറെറ്റി പങ്കുവച്ച മറ്റൊരു വീഡിയോയാണ്.
മുംബൈയിൽ നിന്നുള്ള റോസ് ഹെവൻ ഫ്രാൻസിസ് എന്ന യുവതിയുമായി സംസാരിക്കുന്ന വീഡിയോയാണ് മൊറെറ്റി പങ്കുവച്ചത്. 200 നായ്ക്കളെയും പൂച്ചകളെയും റോസ് പരിപാലിക്കുന്നുണ്ട് എന്നാണ് പറയുന്നത്. വളരെ രസകരമായ രീതിയിലുള്ള പെരുമാറ്റവും സംസാരവും കൊണ്ട് ആരേയും ആകർഷിക്കുന്നയാളാണ് റോസ്. പല ഭാഷകളും സംസാരിക്കാനുള്ള കഴിവും അവർക്കുണ്ട്. അത് മൊറെറ്റിയെ മാത്രമല്ല സോഷ്യൽ മീഡിയയിൽ എല്ലാവരേയും ഞെട്ടിച്ചു. ഒപ്പം തനിക്ക് ഹോങ് കോങ്ങിൽ ഒരു ബോയ്ഫ്രണ്ട് ഉണ്ട് എന്നും അവൾ പറയുന്നു. അതാരാണ് എന്ന് മൊറെറ്റി ചോദിക്കുമ്പോൾ ജാക്കി ചാൻ എന്നാണ് മറുപടി.
റോസിന്റെ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം മരിച്ചുപോയതാണ്. തനിക്ക് ആരുമില്ല എന്നും ഈ നായകളെയും പൂച്ചകളെയും ഒക്കെ നോക്കാനായി തനിക്ക് ഒരു ബിസിനസ് തുടങ്ങിയാൽ കൊള്ളാമെന്നുണ്ട് എന്നാണ് അവള്‍ പറയുന്നത്. അത് തന്നെ ജീവിക്കാൻ കൂടുതൽ സഹായിക്കുമെന്നും റോസ് പറയുന്നുണ്ട്. വണ്ടിയിൽ പഴങ്ങൾ വിൽക്കാനാണ് താൻ
ആഗ്രഹിക്കുന്നത് എന്നും അവൾ പറയുന്നു.
എന്നാൽ, പിറ്റേന്ന് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മൊറെറ്റി അവൾക്ക് ഒരു ഉന്തുവണ്ടിയും കൊണ്ടാണ് വരുന്നത്. അതിൽ നിറയെ പൈനാപ്പിളും വാഴപ്പഴവും അടക്കം പഴങ്ങളും വച്ചിരിക്കുന്നത് കാണാം. ഇത് കണ്ട് റോസ് ആകെ ഞെട്ടിപ്പോകുന്നു. അവൾക്ക് സന്തോഷമായി. ഞാൻ നിങ്ങളെ ഒരിക്കലും മറക്കില്ല എന്നാണ് അവൾ മൊറെറ്റിയോട് പറയുന്നത്.
ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. അനേകങ്ങളാണ് ഇതിന് കമന്റുകളുമായും എത്തിയിരിക്കുന്നത്. റോസിനെ പലർക്കും ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു സഹായം അവൾക്ക് വേണ്ടി നൽകിയ മൊറെറ്റിയേയും പലരും അഭിനന്ദിച്ചു.
ഇങ്ങനെയുമുണ്ടോ പ്രണയം? മരിച്ചുപോയ കാമുകന്റെ മുഴുവൻ കടവും തീർത്തു, കുടുംബത്തെയും നോക്കി യുവതി