മാപ്പ് കന്നഡയിൽ തന്നെ! ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറോട് ഹിന്ദി സംസാരിക്കാൻ ആക്രോശിച്ച യുവാവ് കന്നഡയിൽ മാപ്പ് പറഞ്ഞു

ബെംഗളൂരു: കർണാടകയിലെ ബംഗളുരുവിൽ ഭാഷാ വിവാദത്തിന് തിരികൊളുത്തി ഓട്ടോ റിക്ഷ ഡ്രൈവറിനോട് ഹിന്ദിയിൽ സംസാരിക്കണമെന്ന് ആക്രോശിച്ച യുവാവിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ബംഗളുരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കണമെന്ന് യുവാവ് തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായതോടെ യുവാവിന് തിരിച്ചറിവ്. ഹിന്ദി സംസാരിക്കണമെന്ന് കർണാടകയിലെ ഓട്ടോ ഡ്രൈവറോട് ആക്രോശിച്ച യുവാവ് ഇപ്പോൾ കന്നഡയിൽ മാപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കന്നഡക്കാരനല്ലാത്ത ഇയാൾ, തനിക്ക് ഉപജീവനമാർഗം നൽകിയ നഗരത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് കന്നഡയിൽ ക്ഷമാപണം നടത്തിയത്.

 

‘എല്ലാ കന്നഡിഗരോടും ഞാൻ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി ഞാൻ ബംഗളൂരുവിലുണ്ട്, ഈ നഗരത്തോട് എനിക്ക് ആഴമായ വികാരങ്ങളുണ്ട്. ബംഗളൂരു എനിക്ക് ഉപജീവനമാർഗം നൽകി, ഞാൻ അതിനെ ബഹുമാനിക്കുന്നു. ഈ നഗരത്തിൽ നിന്നാണ് ഞാൻ സമ്പാദിക്കുന്നത്. എനിക്ക് ഈ നഗരം വളരെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ഹിന്ദി ഭാഷക്ക് വേണ്ടി തർക്കിച്ചത് ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ഖേദിക്കുന്നു’ – എന്നാണ് യുവാവ് പുതിയ വീഡിയോയിലൂടെ പറഞ്ഞത്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുവാവിന്‍റെ ക്ഷമാപണത്തോട് സമ്മിശ്ര പ്രതികരണമാണ് നടത്തുന്നത്. ചിലർ യുവാവിന്‍റെ ക്ഷമാപണം അംഗീകരിച്ചപ്പോൾ മറ്റ് ചിലർ വിമർശിച്ചു. ‘മാപ്പ് പറഞ്ഞ സ്ഥിതിക്ക് അവനെ വെറുതെ വിടൂ സുഹൃത്തുക്കളെ, അവൻ ഒരു തെറ്റ് ചെയ്തു, അത് അവന് മനസ്സിലായി’ – എന്നാണ് ഒരാൾ കുറിച്ചത്.

‘ബെംഗളൂബരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കൂ’, കർണാടകയിൽ ഭാഷാ വിവാദത്തിന് വീണ്ടും തിരികൊളുത്തി വീഡിയോ

കഴിഞ്ഞ ദിവസമാണ് ഓട്ടോ റിക്ഷ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കത്തിന്‍റെ വീഡിയോ പുറത്തുവന്നത്. ബെംഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കണമെന്നാണ് യുവാവ്, ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടത്. ഇതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവറും രൂക്ഷമായ ഭാഷയിലാണ് മറുപടി പറഞ്ഞത്. ഒപ്പമുള്ളയാൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, യുവാവ് രൂക്ഷമായ ഭാഷയിൽ ഓട്ടോ റിക്ഷ ഡ്രൈവറോട് വീണ്ടും ക്ഷോഭിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. നിങ്ങൾ ബെംഗളുരുവിലേക്ക് വന്നതാണ്. നിങ്ങൾ കന്നഡ സംസാരിക്കൂ. ഞാൻ ഹിന്ദി സംസാരിക്കില്ലെന്നുമായിരുന്നു ഓട്ടോ ഡ്രൈവറുടെ മറുപടി. ഓട്ടോ ഡ്രൈവറുടെ മറുപടി ഏറ്റെടുത്ത കർണാടകക്കാർ യുവാവിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. യുവാവിന്‍റെ ജോലിയെ അടക്കം ബാധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയത്. ഇതോടെയാണ് യുവാവ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin