ബാങ്ക് അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കുക, പുതിയ നിയമം പ്രാബല്യത്തിൽ; നോമിനികളുടെ കാര്യത്തിൽ ഇവ ഓർക്കുക
2025-ലെ ബാങ്കിംഗ് നിയമ ഭേദഗതി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ, ബാങ്ക് അക്കൗണ്ടുകള്‍ക്കും ലോക്കറുകള്‍ക്കും നോമിനികളെ നിശ്ചയിക്കുന്നതിനുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. 1949-ലെ ബാങ്കിംഗ് ആന്‍ഡ് റെഗുലേഷന്‍ ആക്ട് പ്രകാരം ബാങ്ക് അകൗണ്ടുകള്‍ക്ക് ഒരു നോമിനിയെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. പുതിയ നിയമം പ്രാബല്യത്തിലായതോടെ അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പരമാവധി 4 നോമിനികളെ ചേര്‍ക്കാന്‍ കഴിയും. ഒരേസമയം തന്നെ ഈ നടപടിക്രമം പൂര്‍ത്തിയാക്കാം.
നോമിനികളുടെ അവകാശം
ഒരേസമയം നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍, എല്ലാ നോമിനികള്‍ക്കും അക്കൗണ്ട് ഉടമ മുന്‍കൂട്ടി നിശ്ചയിച്ച അനുപാതത്തില്‍ പണം ലഭിക്കും. അക്കൗണ്ട് ഉടമ 4 പേരെ നോമിനികളായി നിയമിക്കുകയും അവര്‍ക്ക് യഥാക്രമം 40%, 30%, 20% & 10% എന്നിങ്ങനെയുള്ള വിഹിതം നിശ്ചയിച്ചുവെന്നും കരുതുക. നിക്ഷേപകന്‍റെ മരണശേഷം, അവര്‍ക്ക് അവരുടെ വിഹിതം ഉടനടി ലഭിക്കും. ഓരോ നോമിനിക്കും നിക്ഷേപ തുകയുടെ അനുപാതം വ്യക്തമായി നിര്‍ദേശിക്കണം. കൂടാതെ മുഴുവന്‍ നിക്ഷേപ തുകയുടെയും കാര്യത്തില്‍ നോമിനികള്‍ക്കുള്ള അനുപാതം നിര്‍ദേശിക്കുകയും വേണം.
നോമിനി, അക്കൗണ്ട് ഉടമയ്ക്ക് മുമ്പ് മരിച്ചാല്‍ എന്ത് സംഭവിക്കും?
ഇങ്ങനെയുള്ള സാഹചര്യത്തില്‍ മരണപ്പെട്ട നോമിനിക്ക് വേണ്ടി നിര്‍ദേശിച്ച വിഹിതം നാമനിര്‍ദ്ദേശം ചെയ്തിട്ടില്ലാത്തതുപോലെ കണക്കാക്കും. നാമനിര്‍ദ്ദേശത്തിന്‍റെ ക്രമം വ്യക്തമായി പരാമര്‍ശിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, നാമനിര്‍ദ്ദേശത്തില്‍ അവരുടെ പേരുകള്‍ പ്രത്യക്ഷപ്പെടുന്ന ക്രമത്തില്‍ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്തതായി കണക്കാക്കും. സാധാരണയായി, ഒരു നോമിനിയെയും നിയമിച്ചിട്ടില്ലാത്ത സാഹചര്യങ്ങളില്‍, നിക്ഷേപകന്‍റെ നിയമപരമായ അവകാശിക്ക് പണം കൈമാറുന്നതിനായി രജിസ്റ്റര്‍ ചെയ്ത വില്‍പത്രം, പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ എന്നിവ ബാങ്കുകള്‍ പരിശോധിക്കും.
ബാങ്ക് ലോക്കറുകള്‍ക്കുള്ള നോമിനേഷന്‍
ബാങ്ക് ലോക്കറുകളുടെ കാര്യത്തില്‍ അക്കൗണ്ട് ഉടമകള്‍ക്ക് തുടര്‍ച്ചയായി 4 നോമിനികളെ വരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയും, അക്കൗണ്ട് ഉടമയുടെ മരണമുണ്ടായാല്‍ ഒന്നാമതായുളള നോമിനിക്ക് മുന്‍ഗണന ലഭിക്കും. ഇത് ഘടനാപരവും തര്‍ക്കരഹിതവുമായ ഉടമസ്ഥാവകാശ കൈമാറ്റം ഉറപ്പാക്കുന്നു