പേരുകൊണ്ടും കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ അമ്പരപ്പിക്കും; ഒരിക്കലും മിസ്സാക്കരുത് ഈ എലിഫന്‍റ് ബീച്ച്

സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ് ആൻഡമാൻ ദ്വീപുകൾ. മനോ​ഹരമായ ബീച്ചുകൾ തന്നെയാണ് ആൻഡമാനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുന്നത്. പ്രശസ്തമായ നിരവധി ബീച്ചുകൾ ഇവിടെയുണ്ടെങ്കിലും അധികമാരാലും അറിയപ്പെടാത്ത, തിരക്കുകളില്ലാത്ത ഒരു ബീച്ച് ആൻഡമാനിലുണ്ട്. അതാണ് എലിഫന്റ് ബീച്ച്. 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ അതിശയിപ്പിക്കുന്ന സ്വരാജ് ദ്വീപിൽ (ഹാവ്‌ലോക്ക് ദ്വീപ്) സ്ഥിതി ചെയ്യുന്ന എലിഫന്റ് ബീച്ച് അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്നത്. പേരിലെ പ്രത്യേകതകൾ കൊണ്ട് മാത്രമല്ല, പ്രകൃതി സൗന്ദര്യത്തിനും ആവേശകരമായ വാട്ടർ ആക്ടിവിറ്റീസിനും പേരുകേട്ടതാണ് എലിഫന്റ് ബീച്ച്. സാഹസികതയും സമാധാനവും ആഗ്രഹിക്കുന്ന യാത്രക്കാർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. 

ബീച്ചിന് എന്തുകൊണ്ടാണ് എലിഫന്റ് എന്ന് പേര് വരാൻ കാരണം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. എന്നാൽ, ഇതിന് പിന്നിലൊരു കഥയുണ്ട്. പണ്ടുകാലത്ത് ഇവിടെ നിന്ന് തടി കൊണ്ടുപോകാൻ ആനകളെ ഉപയോഗിച്ചിരുന്നു. ആനകളെ വെള്ളത്തിലൂടെ ചെറിയ ദൂരം നീന്താൻ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. വളരെ പ്രശസ്തനും ഈ ദ്വീപിലെ പ്രിയപ്പെട്ടവനുമായ ഒരു ആനയായിരുന്നു രാജൻ. അത്തരത്തിൽ ആനകളുമായി ഈ പ്രദേശത്തിന് വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഇവിടെ ആനകളില്ലെങ്കിലും ഈ സ്ഥലം ഇപ്പോഴും എലിഫന്റ് ബീച്ച് എന്നാണ് അറിയപ്പെടുന്നത്.
  
സ്നോർക്കെലിംഗ്, സീ വോക്ക്, ഗ്ലാസ്-ബോട്ടം ബോട്ട് റൈഡുകൾ, ജെറ്റ് സ്കീയിംഗ്, കയാക്കിംഗ്, ബനാന ബോട്ട് റൈഡുകൾ തുടങ്ങി നിരവധി ആക്ടിവീറ്റീസാണ് ഇവിടെ സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. പച്ചപ്പും പവിഴപ്പുറ്റുകളാൽ സമ്പന്നമായ ആഴം കുറഞ്ഞ ബീച്ചുമാണ് ഇവിടുത്തെ പ്രധാന സവിശേഷത. വൈറ്റ് സാൻഡ് ബീച്ചുകൂടിയാണിത്. പാരറ്റ് ഫിഷ്, ക്ലൗൺ ഫിഷ്, ചിലപ്പോൾ കുഞ്ഞു സ്രാവുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സമുദ്രജീവികളെയും ഇവിടെ കാണാൻ സാധിക്കും. ഒക്ടോബർ മുതൽ മെയ് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. 

READ MORE: മണിക്കൂറിൽ 320 കി.മീ വേ​ഗത, രണ്ട് ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയിലേക്ക്; കട്ട സപ്പോർട്ടുമായി ജപ്പാൻ

By admin