താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; വടകരയിലേക്ക് സ്ഥലം മാറ്റി
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. താമരശ്ശേരിയിൽ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. അപേക്ഷ നൽകിയതിനെ തുടർന്നാണ് സ്ഥലമാറ്റം എന്നാണ് താമരശ്ശേരി പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ഗ്രേഡ് എസ് ഐ കെ.കെ നൗഷാദിനെ തിരിച്ചെടുത്തതിന് പിന്നാലെയാണ് പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റിയത്. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് എസ്.ഐ നൗഷാദിനെ തിരിച്ചെടുത്തത്. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബില നല്‍കിയ പരാതിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു നൗഷാദിനെ നേരത്തെ സസ്പെന്‍റ് ചെയ്തത്. ഭര്‍ത്താവായ യാസിറിനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഷിബിലയുടെ കുടുംബം പൊലീസിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്. സ്റ്റേഷന്‍ പി ആര്‍ ഓ കൂടിയായിരുന്നു എസ്ഐ നൗഷാദ്.
കോഴിക്കോട് ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയെ ഭർത്താവ് യാസർ വെട്ടിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. മാർച്ച് 18 ന് ഉച്ചയ്ക്ക് ഷിബിലയുടെ വീട്ടിലെത്തി എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറിയ യാസർ വൈകീട്ട് കത്തിയുമായി വീണ്ടുമെത്തി കൊലപാതകം നടത്തുകയായിരുന്നു. യാസറിൻ്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും മൂലം സഹികെട്ടാണ് ഷിബിലെ യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു. ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബിലെ പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു. അങ്ങനെയാണ് സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തിയത്. വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞ് പോയ യാസർ, തിരികെ വന്ന് ആക്രമിക്കുകയായിരുന്നു.