ചികിത്സയ്ക്കിടെ വളർത്തുനായ ചത്തു, ഇൻജക്ഷൻ നൽകിയ മൃഗഡോക്ടറെ മുടിക്ക് പിടിച്ച് ആക്രമിച്ച് യുവതി

ദില്ലി: അവശനിലയിലായ വളർത്തുനായ ചികിത്സയ്ക്കിടെ ചത്തതോടെ ഇൻജക്ഷൻ നൽകിയ മൃഗഡോക്ടറെ കൈകാര്യം ചെയ്ത് യുവതി. ഏപ്രിൽ 7നുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ചലനമറ്റ നിലയിലുള്ള  പഗ് ഇനത്തിലെ നായയ്ക്ക് ഓക്സിജൻ മാസ്ക് അടക്കം ഘടിപ്പിച്ച് ജീവൻ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് വനിതാ മൃഗഡോക്ടറും സഹായിയും. ഇത് കണ്ട് കൊണ്ട് ചികിത്സ നടക്കുന്ന മുറിയിൽ തന്നെയുള്ള ഉടമയായ യുവതിയാണ് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുന്നത്. 

അക്രമം നടന്ന സ്ഥലം കൃത്യമായി വ്യക്തമല്ലെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ കാണിച്ചിരുന്ന തിയതി ഏപ്രിൽ 17ാണ്. രണ്ട് മൃഗഡോക്ടർമാരാണ് നായയെ പരിശോധിക്കുന്നത്. നായ മരിച്ചെന്ന് വ്യക്തമായതോടെയാണ് നായയെ പരിശോധിച്ച വനിതാ ഡോക്ടറെ യുവതി ആക്രമിച്ചത്. പിന്നിൽ നിന്ന് പാഞ്ഞെത്തി വനിതാ ഡോക്ടറെ മുടിയിൽ കുത്തിപ്പിടിച്ച് ആക്രമിക്കാനാണ് യുവതി ശ്രമിക്കുന്നത്. യുവതിക്ക് ഒപ്പമുള്ളവരും ചികിത്സാ മുറിയിലെ ജീവനക്കാരും ഒരു പോലെ ശ്രമിച്ചാണ് ഡോക്ടറെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. 

ഏപ്രിൽ 20ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ 9 ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടിട്ടുള്ളത്. യുവതിയെ കൊലപാതക ശ്രമത്തിന് ജയിലിൽ അടയ്ക്കണമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. ശാരീരികമായി കൈകാര്യം ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാവുന്ന കാര്യമല്ലെന്നാണ് പ്രതികരണങ്ങൾ വിശദമാക്കുന്നത്. 2022 ഡിസംബറിൽ പൂനെയിൽ സമാന സംഭവം നടന്നിരുന്നു. വളർത്തു പൂച്ച ചികിത്സയ്ക്കിടെ ചത്തതോടെയായിരുന്നു ഇത്. പൂച്ചയുടെ ഉടമയായ യുവതിയുടെ ആക്രമണത്തിൽ പരിക്കേറ്റ മൃഗഡോക്ടർ ഗുരുതരാവസ്ഥയിലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

By admin