ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ അതിക്രമം? ഭക്തരെ മർദ്ദിക്കുന്ന ദൃശ്യം പുറത്ത്

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തിനടുത്ത് മൂന്ന് സെക്യൂരിറ്റിക്കാർ ചേർന്നാണ് ഭക്തരെ തടഞ്ഞുവെച്ച്, തട്ടിക്കയറി മർദ്ദിച്ചത്. സെക്യൂരിറ്റി ജീവനക്കാർ ഒരു ഭക്തന്റെ കൈ രണ്ടും പുറകിലേക്ക് പിടിച്ചു വച്ചിരിക്കുന്നതും മറ്റൊരു ഭക്തനെ ഷർട്ടിൽ പിടിച്ചു വലിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

ക്യൂ നിൽക്കുന്നത് ചോദിക്കാൻ ചെന്ന ഭക്തർക്ക് നേരെ സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമർദ്ദനം എന്ന അടിക്കുറിപ്പോടെയാണ് ഇന്ന് രാവിലെ മുതൽ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ദേവസ്വത്തിനോ പോലീസിനോ ഇതുവരെ ഭക്തരുടെ പരാതി ലഭിച്ചിട്ടില്ല. എന്നാൽ ഭക്തർ മർദ്ദിച്ചെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാർ ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

By admin