കാറുകളിലെ ഈ പാർട്‍സുകൾക്ക് നിരോധനം, വരുന്നത് എട്ടിന്‍റെ പണി, വിഷവസ്‍തുവെന്ന് യൂറോപ്യൻ യൂണിയൻ
വാഹന നിർമ്മാണ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു വസ്‍തുവാണ് കാർബൺ ഫൈബർ. ഫോർമുല 1 പോലുള്ള റേസിംഗ് കാറുകളിൽ മാത്രമല്ല, റോഡിൽ ഓടുന്ന സ്പോർട്സ് കാറുകളിലും ഇലക്ട്രിക് വാഹനങ്ങളിലും (ഇവി) ഇപ്പോൾ കാർബൺ ഫൈബർ വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ സവിശേഷത വളരെ ഭാരം കുറഞ്ഞതും വളരെ ശക്തവുമാണ് എന്നതാണ്. അതുകൊണ്ടാണ് കാർ നിർമ്മാണ കമ്പനികൾ ഇത് വലിയ തോതിൽ ഉപയോഗിക്കുന്നത്.
എന്നാൽ ഇപ്പോൾ ഈ മെറ്റീരിയലിനെ നിരോധിക്കാൻ ഒരുങ്ങുകയാണ് യൂറോപ്യൻ യൂണിയന് (EU) എന്നാണ് റിപ്പോർട്ടുകൾ. കാർബൺ ഫൈബറിനെ ‘അപകടകരമായ വസ്തുവായി’ പ്രഖ്യാപിക്കാൻ സാധ്യതയുള്ള ഒരു നിയമം കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഈ നിർദ്ദേശം പാസായാൽ, അത് മുഴുവൻ ഓട്ടോമൊബൈൽ വ്യവസായത്തെയും ബാധിക്കും.
‘അപകടകരമായ വസ്‍തുക്കളുടെ’ പട്ടികയിൽ കാർബൺ ഫൈബറിന്‍റെ പേര് ചേർക്കനാണ് യൂറോപ്യൻ യൂണിയന്‍റെ നീക്കം. ലെഡ്, കാഡ്മിയം, മെർക്കുറി, ഹെക്‌സാവാലന്റ് ക്രോമിയം തുടങ്ങിയ വിഷ ഘടകങ്ങൾ ഇതിനകം തന്നെ ഉൾപ്പെടുന്ന പട്ടികയിൽ കാർബൺ ഫൈബറിനെ ചേർക്കുന്നതിനുള്ള ഭേദഗതി യൂറോപ്യൻ പാർലമെന്റ് അവതരിപ്പിച്ചു. കാറുകളും വിമാനങ്ങളും നിർമ്മിക്കാൻ ഈ വസ്തുക്കളെല്ലാം ഇപ്പോഴും ചെറിയ അളവിൽ ഉപയോഗിക്കുന്നു.
ഈ ഭേദഗതികൾ യൂറോപ്യൻ യൂണിയൻ “എൻഡ് ഓഫ് ലൈഫ് വെഹിക്കിൾസ് ഡയറക്റ്റീവ്” എന്ന പരിഷ്‍കരണത്തിൽ ചേർത്തിരിക്കുന്നു. കാർബൺ ഫൈബറിന്റെ സൂക്ഷ്‍മ നാരുകൾ വായുവിൽ പടർന്ന് മനുഷ്യന്റെ ചർമ്മത്തിൽ സ്പർശിച്ചാൽ അവ ദോഷം വരുത്തുമെന്ന് യൂറോപ്യൻ യൂണിയൻ വിശ്വസിക്കുന്നു. ലോകത്ത് ഇതാദ്യമായാണ് ഒരു സർക്കാർ കാർബൺ ഫൈബർ അപകടകരമാണെന്ന് പരിഗണിക്കുന്നത്. ഈ നിർദ്ദേശം പാസായാൽ, 2029 മുതൽ യൂറോപ്പിൽ കാർബൺ ഫൈബറിന്‍റെ ഉപയോഗം അവസാനിപ്പിക്കേണ്ടിവരും. കമ്പനികൾ അവരുടെ ഉൽപാദനത്തിൽ നിന്ന് ഇത് ക്രമേണ നീക്കം ചെയ്യേണ്ടിയും വരും. ലോകമെമ്പാടും ഉപയോഗിക്കുന്ന മൊത്തം കാർബൺ ഫൈബറിന്റെ 20 ശതമാനം ഓട്ടോമോട്ടീവ് വ്യവസായത്തിൽ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ടതാണ്.
ലോകത്തിലെ കാർബൺ ഫൈബറിന്റെ 54 ശതമാനവും ഉത്പാദിപ്പിക്കുന്നത് ജപ്പാനാണ്. അതുകൊണ്ട് ഈ നിരോധനം ജപ്പാനെയായിരിക്കും ഏറ്റവും വലിയ ആഘാതം ഏൽപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. യൂറോപ്പ് ഈ നിർദ്ദേശം മുന്നോട്ടുവച്ച ഉടനെ, ജാപ്പനീസ് കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. കാർബൺ ഫൈബർ ഉത്പാദിപ്പിക്കുന്നതിൽ യൂറോപ്പ് തന്നെ മുന്നിലാണ്, അതിനാൽ അവിടത്തെ കമ്പനികളെയും ഇത് ബാധിക്കും.
സ്‌പോർട്‌സ് കാറുകളും സൂപ്പർകാറുകളും നിർമ്മിക്കുന്ന കമ്പനികളെയായിരിക്കും ഈ നിരോധനം ഏറ്റവും കൂടുതൽ ബാധിക്കുക. കാരണം ഈ കാറുകൾ ഭാരം കുറഞ്ഞതിനും ഉയർന്ന വേഗതയ്ക്കും പൂർണ്ണമായും കാർബൺ ഫൈബറിനെയാണ് ആശ്രയിക്കുന്നത്. ബിഎംഡബ്ല്യു, ഹ്യുണ്ടായ്, ലൂസിഡ്, ടെസ്‌ല തുടങ്ങിയ ഇവി നിർമ്മാതാക്കളും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.