ഓറഞ്ച് ക്യാപ്പിനുള്ള പോര് കടുപ്പിച്ച് സൂര്യകുമാറും കോലിയും! നിക്കോളാസ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി റോയല്‍ ചലഞ്ചേഴ്‌സ് സീനിയര്‍ താരം വിരാട് കോലി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടിയതോടെയാണ് കോലി നാലാമതെത്തിയത്. എട്ട് മത്സരങ്ങില്‍ 322 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 64.40 ശരാശരിയും 140.00 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു കോലി.

അതേസമയം മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് കയറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 30 പന്തില്‍ 68 റണ്‍സെടുത്തതോടെയാണ് സൂര്യ മൂന്നാം സ്ഥാനത്തെത്തിയത്. എട്ട് മത്സരങ്ങളില്‍ 333 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. അതേസമയം ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ നിക്കോളാസ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അവസാന രാജസ്ഥാന്‍ റോയല്‍സിനെതിരെ 11 റണ്‍സിന് പുറത്തായെങ്കിലും ഓറഞ്ച് ക്യാപ്പ് പുരാന്റെ തലയില്‍ തന്നെയാണ്. എട്ട് മത്സരങ്ങള്‍ കളിച്ച പുരാന്റെ അക്കൗണ്ടില്‍ 368 റണ്‍സുണ്ട്. ഏഴ് മത്സരം കളിച്ച സായ് സുദര്‍ശന്‍ രണ്ടാമത്. സായ് 365 റണ്‍സ് നേടി. 

സൂര്യയുടേയും കോലിയുടേയും വരവോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലര്‍ അഞ്ചാമതായി. ഏഴ് മത്സരങ്ങളില്‍ 315 റണ്‍സാണ് ബട്ലര്‍ നേടിയത്. പിന്നില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. എട്ട് മത്സരങ്ങളില്‍ നിന്ന് 307 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. ലക്നൗവിന്റെ മിച്ചല്‍ മാര്‍ഷ് ഏഴാമതായി. ഏഴ് മത്സരം കളിച്ച താരം 299 റണ്‍സ് നേടി. ലക്നൗവിന്റെ തന്നെ എയ്ഡന്‍ മാര്‍ക്രം എട്ടാമതുണ്ട്. എട്ട് മത്സങ്ങളില്‍ 274 റണ്‍സാണ് സമ്പാദ്യം. കെ എല്‍ രാഹുല്‍ (266), ശ്രേയസ് അയ്യര്‍ (263) എന്നിവര്‍ യഥാക്രമം ഒമ്പതും  പത്തും സ്ഥാനങ്ങളില്‍. ഏഴ് മത്സരങ്ങളില്‍ 224 റണ്‍സെടുത്ത സഞ്ജു സാംസണ്‍ ആദ്യ പതിനഞ്ചില്‍ പോലുമില്ല. 

ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ്! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ലക്ഷ്യം ആറാം സ്ഥാനം

അതേസമയം പോയിന്റ് പട്ടികയില്‍ ഏഴ് മത്സരങ്ങളില്‍ 10 വീതം പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുണ്ട്. ഉയര്‍ന്ന റണ്‍റേറ്റാണ് ഗുജറാത്തിനെ ഒന്നാമതെത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ വിജയത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ആറാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഇത്രയും തന്നെ പോയിന്റുണ്ട്. നാല് വിജയവും നാല് തോല്‍വിയും. ഇതോതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മറികടക്കാന്‍ മുംബൈക്ക് സാധിച്ചു. ചെന്നൈ അവസാന സ്ഥാനത്ത് തുടരുന്നു.

By admin