ഒന്നും അവസാനിച്ചിട്ടില്ല; ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇപ്പോഴും ഐപിഎല്‍ പ്ലേഓഫ് സാധ്യത, അത്ര എളുപ്പവുമല്ല!
മുംബൈ: ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള ടീം. എം എസ് ധോണി നായകനായിട്ടും ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ കരകയറുന്ന ലക്ഷണമില്ല. ബാറ്റര്‍മാര്‍ക്ക് കൂറ്റന്‍ സ്കോര്‍ നേടാനാവുന്നില്ല, ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനും കഴിയുന്നില്ല. ചോരുന്ന ക്യാച്ചുകളുടെ മഴയായി ഫീല്‍ഡിംഗും ദയനീയം. മുംബൈ ഇന്ത്യന്‍സിനോട് സീസണിലെ എട്ടാം മത്സരത്തില്‍ 9 വിക്കറ്റിന് ദയനീയമായി തോറ്റതോടെ സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷികള്‍ അസ്തമിച്ചോ? നമുക്ക് പരിശോധിക്കാം.
എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമായി പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെ പത്താമത് ഇടം. മൈനസ് 1.392 എന്ന ഏറ്റവും മോശം നെറ്റ്‌റണ്‍റേറ്റും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പേരിനൊപ്പം. ഐപിഎല്‍ പതിനെട്ടാം സീസണിന്‍റെ സീസണിന്‍റെ ആദ്യപകുതി അഞ്ച് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ടിന്‍റെ പണിയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 4 വിക്കറ്റിനും, പിന്നീട് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനോട് 5 വിക്കറ്റിനും വിജയിച്ചത് മാത്രമാണ് സീസണില്‍ സിഎസ്‌കെയ്ക്ക് സന്തോഷിക്കാന്‍ വകയായുള്ളത്. ഇതിനിടെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദ് പരിക്കേറ്റ് പുറത്തായതോടെ മുന്‍ നായകന്‍ എം എസ് ധോണിയെ തേടി വീണ്ടും ക്യാപ്റ്റന്‍റെ തൊപ്പിയെത്തി. ധോണി കപ്പിത്താനായിട്ടും സിഎസ്‌കെയ്ക്ക് തിരിച്ചടികള്‍ തുടരുകയാണ്. ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാംപാദത്തില്‍ 9 വിക്കറ്റിന് ദയനീയമായി തോല്‍ക്കുകയും ചെയ്തു. സീസണില്‍ ചെന്നൈ ടീമിന്‍റെ ആറാം തോല്‍വിയാണിത്. ടീമിന്‍റെ സ്ഥാനം പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെ പത്താമതും. രാജസ്ഥാന്‍ റോയല്‍സാണ് ആറ് തോല്‍വികളുള്ള മറ്റൊരു ടീം.
ഐപിഎല്‍ 2025ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇനിയും പ്ലേഓഫ് സാധ്യതയുണ്ടോ? ഉണ്ട് എന്നതാണ് ഉത്തരം. അതിന് കണക്കിന്‍റെ ദയ സിഎസ്‌കെയ്ക്ക് ലഭിക്കണമെന്ന് മാത്രം. ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്ന ആറ് മത്സരങ്ങളും ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പ്ലേഓഫിലെത്താം. എല്ലാ കളികളും ജയിച്ചാല്‍ സിഎസ്‌കെയ്ക്ക് 16 പോയിന്‍റുകളാകും. കഴിഞ്ഞ ഐപിഎല്‍ പതിനേഴാം സീസണില്‍ 14 പോയിന്‍റ് മാത്രം നേടിയിട്ടും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേഓഫിലെത്തിയ ചരിത്രം ആരാധകര്‍ക്ക് മുന്നിലുണ്ട്. അതേസമയം നെറ്റ്റണ്‍റേറ്റില്‍ ഏറ്റവും പിന്നിലാണ് എന്നതിനാല്‍ ഉയര്‍ന്ന മാര്‍ജിനുകളിലുള്ള വിജയങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് അനിവാര്യതയാകുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേഓഫ് പ്രതീക്ഷകളെ കുറിച്ച് ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന ഒരു മത്സരത്തില്‍ മാത്രം ശ്രദ്ധ പതിപ്പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ശ്രമിക്കണം എന്നാണ് ധോണിയുടെ നിലപാട്. മികച്ച ക്രിക്കറ്റ് കളിക്കാതിരിക്കുമ്പോള്‍ അതിനെക്കുറിച്ച് ആലോചിച്ച് അധികം വൈകാരികമാകാതിരിക്കുന്നതാണ് ടീമിന് നല്ലത്, പ്രായോഗികമായി ചിന്തിച്ച് പരിഹാരം കാണുകയാണ് വേണ്ടത് എന്നും ധോണി പറയുന്നു. കൃത്യമായ പ്ലേയിംഗ് ഇലവന്‍ ഇതുവരെ കണ്ടെത്താനാവാതെ ഉഴലുന്ന സിഎസ്‌കെയ്ക്ക് ഐപിഎല്‍ പതിനെട്ടാം സീസണില്‍ ശക്തമായി തിരിച്ചെത്തുക അത്ര എളുപ്പമായിരിക്കില്ല. അതുകൊണ്ടാണ്, കുറേ മത്സരങ്ങള്‍ തോറ്റാലും പ്ലേഓഫിനായി കിണഞ്ഞ് പരിശ്രമിക്കുമെന്നും, അതിന് സാധിക്കാതെ വന്നാല്‍ അടുത്ത വര്‍ഷത്തേക്ക് മികച്ച ഇലവനെ പരുവപ്പെടുത്തുകയും ശക്തമായി തിരിച്ചെത്തുകയുമാണ് ടീമിന്‍റെ ലക്ഷ്യമെന്നും എം എസ് ധോണി പറയുന്നത്.
Read more: വിമര്‍ശകരുടെ വായടപ്പിച്ച രോഹിത് ശര്‍മ്മ ഇന്നിംഗ്‌സ്; 37ലും അവസാനിക്കാത്ത ഹിറ്റ്‌മാനിസം