ഐപിഎല്ലിനെ പോലും വെല്ലുന്ന ടി20 ലീഗ് എപ്പോൾ; നിലപാട് വ്യക്തമാക്കി സൗദി കായിക മന്ത്രി
ജിദ്ദ: ഐപിഎല്ലിനെപ്പോലും വെല്ലുന്ന ഗ്ലോബല്‍ ടി20 ക്രിക്കറ്റ് ലീഗ് തുടങ്ങാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സൗദി കായിക മന്ത്രി അബ്ദുള്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ ടി20 ക്രിക്കറ്റ് ലീഗ് തുടങ്ങാനാവില്ലെന്ന് സൗദി കായിക മന്ത്രി വ്യക്തമാക്കി.
വിഷന്‍ 2030ന്‍റെ ഭാഗമായി ലോകത്തെ പ്രധാന കായിക മത്സരങ്ങളുടെ ഹബ് ആവുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന സൗദി ഫോര്‍മുല വണ്‍, ഗോള്‍ഫ് എന്നീ കായിക ഇനങ്ങളില്‍ വന്‍ നിക്ഷേപം നടത്തുന്നതിന് പുറമെ 2034 ഫുട്ബോള്‍ ലോകകപ്പിനും ആതിഥ്യം വഹിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ലോകത്തിലെ ഏറ്റവും വലിയ ടി20 ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുക എന്ന ആശയവും സൗദി മുന്നോട്ടുവെച്ചത്. ഐപിഎല്ലിനെപ്പോലും വെല്ലുന്ന രീതിയിലായിരിക്കും ടൂര്‍ണമെന്‍റെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രാജ്യത്ത് ഏതാണ്ട് 35000ത്തോലം രജിസ്റ്റേര്‍ഡ് ക്രിക്കറ്റ് താരങ്ങളുണ്ടെന്നും ഇവരില്‍ 90 ശതമാനവും സൗദി പൗരന്‍മാരല്ലെന്നും കായിക മന്ത്രി സൗദി അറേബ്യൻ ഗ്രാന്‍ പ്രിക്സിനോട് അനുബന്ധിച്ച ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞു. സൗദി പരൗരന്‍മാരല്ലെങ്കിലും സൗദിയില്‍ താമസിക്കുന്നവരാണ് എന്നതിനാല്‍ രാജ്യത്തെ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഒരു ലീഗ് തുടങ്ങാനാണ് കായിക മന്ത്രാലയം പദ്ധതിയിട്ടത്. സൗദി ഭാവിയില്‍ വലിയൊരു ക്രിക്കറ്റ് ടൂര്‍ണമെന്‍റോ മത്സരമോ നടത്തുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ ഇത്തരം മത്സരങ്ങളും ടൂര്‍ണമെന്‍റുകളും നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യം വികസിപ്പിക്കേണ്ടതെന്നും അല്‍ ഫൈസല്‍ പറഞ്ഞു.
സ്പോര്‍ട്സ് ഹബ്ബായി വികസിപ്പിക്കുന്ന ക്വിദ്ദിയ നഗരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വലിയൊരു ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് വേദിയൊരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കായിക മന്ത്രി വ്യക്തമാക്കി. 2027ൽ ക്വിദ്ദിയ നഗരത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നത്. ക്വിദ്ദിയയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടത്താനുള്ള ഗ്രൗണ്ടുകളോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കുന്നുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
‘അവര്‍ ഇന്ത്യയിലെത്തിയത് അവധിക്കാലം ആഘോഷിക്കാന്‍’, ഐപിഎല്ലിലെ 2 വിദേശതാരങ്ങളെ പൊരിച്ച് സെവാഗ്
2023ലെ ഐപിഎല്ലിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊരാളായിരുന്നു സൗദി ടൂറിസം. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം ഐപിഎല്‍ താരലേലത്തിന് വേദിയായത് സൗദി അറേബ്യയിലെ ജിദ്ദയായിരുന്നു. ഐസിസി അസോസിയേറ്റ് അംഗം കൂടിയാണ് നിലവില്‍ സൗദി. എന്നാല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഐപിഎല്ലിനെ വെല്ലുന്ന ടി20 ലീഗ് വരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം ഐപിഎല്‍ ചെയര്‍മാന്‍ അരുൺ ധുമാല്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. ഐപിഎല്‍ പോലൊരു വലിയൊരു ടൂര്‍ണമെന്‍റ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ സൗദിയിലില്ലെന്നായിരുന്നു ധുമാലിന്‍റെ പ്രതികരണം.