എസി ശരിയായി തണുപ്പിക്കുന്നില്ലേ? ഒരു ടെക്നീഷ്യനെ വിളിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ചെയ്യുക

ചൂടുള്ള വേനൽക്കാല ദിവസങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എയർ കണ്ടീഷണറുകൾ പലരും ഉപയോഗിക്കുന്ന സമയാണിത്. എന്നാൽ നിങ്ങളുടെ എസി പെട്ടെന്ന് പ്രവർത്തനരഹിതമായാൽ എന്തുചെയ്യും? കടുത്ത ചൂടിൽ സ്ഥിതി അൽപ്പം കഷ്‍ടമായേക്കാം. എന്നാൽ നിങ്ങൾ പരിഭ്രാന്തരാകുന്നതിനോ ഒരു ടെക്നീഷ്യനെ വിളിക്കുന്നതിനോ മുമ്പ്, അത് പരിഹരിക്കാൻ നിങ്ങൾക്ക് സ്വയം ചെയ്യാവുന്ന ചില ലളിതമായ പരിശോധനകളും പരിഹാരങ്ങളും ഉണ്ട്.  നിങ്ങളുടെ എസി മുറി കാര്യക്ഷമമായി തണുപ്പിക്കുന്നില്ലെങ്കിൽ വീട്ടിൽ പരീക്ഷിക്കാവുന്ന വേഗത്തിലും എളുപ്പത്തിലും ഉള്ള ഏഴ് പരിഹാരങ്ങൾ ഇതാ. നിങ്ങളുടെ സമയവും പണവും ലാഭിക്കുന്നതിന് ആ വഴികൾ അറിയാം.

1. തെർമോസ്റ്റാറ്റ് ക്രമീകരണങ്ങൾ പരിശോധിക്കുക

ആദ്യഘട്ടം തെർമോസ്റ്റാറ്റ് പരിശോധിക്കുക എന്നതാണ്. അത് ‘കൂൾ’ മോഡിലേക്ക് (സ്നോഫ്ലേക്ക് ചിഹ്നമുള്ളത്) സജ്ജീകരിച്ചിട്ടുണ്ടെന്നും താപനില നിലവിലെ മുറിയിലെ താപനിലയേക്കാൾ കുറവാണെന്നും ഉറപ്പാക്കുക. ചിലപ്പോൾ, തെർമോസ്റ്റാറ്റ് അബദ്ധവശാൽ ‘ഫാൻ’ മോഡിലേക്ക് സജ്ജീകരിച്ചേക്കാം. ഇത് കടുത്ത ചൂടിനെ ചെറുക്കാൻ ആവശ്യമായ തണുപ്പ് നൽകാൻ കഴിയില്ല.

2. എയർ ഫിൽറ്റർ വൃത്തിയാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുക

വൃത്തിഹീനമായതോ അടഞ്ഞുകിടക്കുന്നതോ ആയ എയർ ഫിൽറ്റർ സുഗമമായി വായുപ്രവാഹത്തെ തടസപ്പെടുത്തുകയും തണുപ്പിക്കൽ കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും. ഫിൽറ്റർ പൊടിപിടിച്ചതായി തോന്നുന്നുവെങ്കിൽ അല്ലെങ്കിൽ കുറച്ചുനാളായി വൃത്തിയാക്കിയിട്ടില്ലെങ്കിൽ, അത് കഴുകുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുക. കനത്ത ഉപയോഗത്തിനിടയിൽ രണ്ടാഴ്ചയിലൊരിക്കൽ ഫിൽറ്റർ വൃത്തിയാക്കുന്നതാണ് ഉത്തമം.

3. ഔട്ട്ഡോർ യൂണിറ്റ് പരിശോധിക്കുക

തണുപ്പിക്കുന്നതിൽ ഔട്ട്ഡോർ കണ്ടൻസർ യൂണിറ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പൊടി, ഇലകൾ, അവശിഷ്ടങ്ങൾ എന്നിവയാൽ അത് തടഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഔട്ട്ഡോർ കണ്ടൻസറിന് ചുറ്റുമുള്ള പ്രദേശം വൃത്തിയാക്കുകയും തടസങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നത് വായുസഞ്ചാരം മെച്ചപ്പെടുത്താനും തണുപ്പിക്കൽ പ്രകടനം പുനഃസ്ഥാപിക്കാനും സഹായിക്കും.

4. വാതിലുകളും ജനലുകളും അടയ്ക്കുക

നിങ്ങളുടെ മുറിയിലെ എല്ലാ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. തുറന്ന വാതിലും ജനലുകളും തണുത്ത വായു പുറത്തേക്ക് പോകാനും ചൂടുള്ള വായു മുറിയിലേക്ക് പ്രവേശിക്കാനും സഹായിക്കും. ഇത് എസി കൂടുതൽ കഠിനമാക്കുകയും തണുപ്പിക്കൽ കാര്യക്ഷമത കുറയ്ക്കുകയും ചെയ്യും.

5. ഐസ് രൂപപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക

എസി കോയിലുകളിലോ പൈപ്പുകളിലോ ഐസ് അടിഞ്ഞുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, യൂണിറ്റ് ഓഫ് ചെയ്ത് കുറച്ച് മണിക്കൂർ അത് ഉരുകാൻ അനുവദിക്കുക. മോശം വായുപ്രവാഹമോ കുറഞ്ഞ റഫ്രിജറന്റ് അളവോ കാരണം ഐസ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

6. സർക്യൂട്ട് ബ്രേക്കർ പുനഃസജ്ജമാക്കുക

ചിലപ്പോൾ, ഒരു ട്രിപ്പ്ഡ് സർക്യൂട്ട് ബ്രേക്കർ നിങ്ങളുടെ എസി ശരിയായി പ്രവർത്തിക്കുന്നത് നിർത്തിയേക്കാം. ഇലക്ട്രിക്കൽ പാനൽ പരിശോധിച്ച് ആവശ്യമെങ്കിൽ ബ്രേക്കർ പുനഃസജ്ജമാക്കുക. കൂടാതെ, വൈദ്യുതി വിതരണത്തിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലെന്ന് ഉറപ്പാക്കുക.

7. മുറിക്കുള്ളിലെ ചൂട് കുറയ്ക്കുക

അനാവശ്യമായ ലൈറ്റുകൾ, വീട്ടുപകരണങ്ങൾ എന്നിവ ഓഫ് ചെയ്യുക, സൂര്യപ്രകാശം അകത്തു കടക്കാതിരിക്കാൻ കർട്ടൻ ഉപയോഗിക്കുക. ചൂട് കുറയ്ക്കുന്നത് മുറി വേഗത്തിലും കാര്യക്ഷമമായും തണുപ്പിക്കാൻ എസിയെ സഹായിക്കുന്നു.

ഈ പരിഹാരങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെങ്കിൽ, ഒരു പ്രൊഫഷണൽ ടെക്നീഷ്യനെ വിളിക്കുക. പതിവ് അറ്റകുറ്റപ്പണികളും സമയബന്ധിതമായ സർവീസിംഗും ഭാവിയിലെ കൂളിംഗ് പ്രശ്‍നങ്ങൾ തടയാണൻ നിങ്ങളെ സഹായിക്കും.

Read more: ചൂടല്ലേ, ഒന്ന് തണുപ്പിച്ചാലോ; എസികളേക്കാൾ വിലക്കുറവില്‍ ശക്തമായ എയർ കൂളറുകൾ ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin