ഈ നഗരങ്ങൾ തമ്മിലുള്ള ദൂരം വെറും 6 മണിക്കൂറായി കുറയും! വമ്പൻ പ്രഖ്യാപനവുമായി ഗഡ്കരി
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ഗോവ ഹൈവേ പദ്ധതി 2025 ജൂണിൽ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി പ്രഖ്യാപിച്ചു. ഈ പുതിയ പാത മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രാ സമയം വെറും ആറ് മണിക്കൂറായി കുറയ്ക്കും. നിലവിൽ 10 മുതൽ 12 മണിക്കൂർ വരെ സമയമെടുക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ, നിയമപരമായ വെല്ലുവിളികൾ, വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ കാരണം വർഷങ്ങളായി ഈ പദ്ധതി നിരവധി കാലതാമസങ്ങൾ നേരിട്ടിട്ടുണ്ട്. എങ്കിലും, ഈ തടസങ്ങൾ പരിഹരിച്ചതായും നിർമ്മാണം ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുന്നതായും നിതിൻ ഗഡ്‍കരി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.
ഹൈവേ പൂർത്തിയാകുന്നതോടെ യാത്രാ സമയം കുറയുകയും കൊങ്കൺ മേഖലയിലെ വികസനത്തിന് ആക്കം കൂട്ടുകയും ചെയ്യും. ഭൂമി തർക്കങ്ങൾ, നിയമപരമായ വെല്ലുവിളികൾ തുടങ്ങിയവ കാരണം പദ്ധതി വർഷങ്ങളോളം വൈകിയതായി ഗഡ്‍കരി സമ്മതിച്ചു. പല തർക്കങ്ങളും കോടതികളിൽ കേസുകളും ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിൽ അനന്തമായ സങ്കീർണതകളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നും മുംബൈ-ഗോവ ഹൈവേയുടെ പണിക്ക് ആക്കം കൂടി എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ ഭാവിയിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഗഡ്‍കരി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയേക്കാൾ മികച്ചതായിരിക്കും. ഡൽഹി-ജയ്പൂർ, മുംബൈ-ഗോവ തുടങ്ങിയ ചില ഹൈവേകൾ ഇപ്പോഴും ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി-ജയ്പൂർ, മുംബൈ-ഗോവ ഹൈവേകൾ നമ്മുടെ വകുപ്പിന്റെ കറുത്ത പാടുകളിൽ പെടുന്നു എന്ന് ഗഡ്കരി പറഞ്ഞു. പൂർത്തിയാകുമ്പോൾ, മുംബൈ-ഗോവ ഹൈവേ പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു വലിയ ഉത്തേജനം മാത്രമല്ല, പടിഞ്ഞാറൻ തീരത്തെ പതിവ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ആശ്വാസം നൽകും.
മെച്ചപ്പെട്ട യാത്രാ സമയം കൂടാതെ, ഹൈവേ യാത്ര കൂടുതൽ സുഗമമാക്കുന്ന ഒരു പുതിയ ടോൾ നയം അവതരിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. നിലവിലെ ടോൾ ബൂത്തുകൾ ഉടൻ തന്നെ ഉപഗ്രഹ അധിഷ്ഠിത ടോൾ പിരിവ് സംവിധാനത്തിലേക്ക് മാറ്റും. ഈ സംവിധാനം വാഹനങ്ങളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യുകയും സഞ്ചരിച്ച ദൂരത്തെ അടിസ്ഥാനമാക്കി വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ നിരക്കുകൾ സ്വയം പിരിക്കുകയും ചെയ്യും.