ആന്റണിയ്ക്ക് താക്കീത് നൽകി രേവതി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

സച്ചി എന്തിനാണ് ഓട്ടോ വിറ്റതെന്ന് അറിയാനായി രേവതി മഹേഷിനടുത്തെത്തുകയാണ്. സച്ചി ഒരു കാര്യവുമില്ലാതെ അങ്ങനെ ചെയ്യില്ലെന്നും ദയവായി സത്യം പറയണമെന്നും രേവതി മഹേഷിനോട് ആവശ്യപ്പെടുന്നു. ആന്റണി വന്ന് ഭീഷണിപ്പെടുത്തിയ കാര്യവും പലിശസഹിതം ഉടൻ പണം തിരികെ തന്നില്ലെങ്കിൽ ഞങ്ങളുടെയെല്ലാം കാർ പിടിച്ച് കൊണ്ടുപോകുമെന്ന് പറഞ്ഞ് ആന്റണി ഭീഷണിപ്പെടുത്തിയ കാര്യവും മഹേഷ് രേവതിയോട് പറഞ്ഞു . എന്നാൽ നാട്ടുകാരുടെ മുന്നിലിട്ട് സച്ചി ആന്റണിയെ തല്ലിയതിന് സച്ചി കാലു പിടിച്ച് മാപ്പ് പറഞ്ഞാൽ കാർ പിടിച്ച് കൊണ്ടുപോകില്ലെന്ന് ആന്റണി പറഞ്ഞെന്നും അവന്റെ മുന്നിൽ താഴില്ലെന്ന് വാശി പിടിച്ച് സച്ചി കാർ വിറ്റ് ഞങ്ങൾ ആന്റണിക്ക് കൊടുക്കാനുള്ള പണം അവന്റെ മുഖത്തെറിഞ്ഞ് കൊടുത്ത കാര്യവും മഹേഷ് തുറന്ന് പറയുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

 മഹേഷ് പറഞ്ഞ സത്യങ്ങളെല്ലാം കേട്ട് രേവതി ആകെ കലിപ്പിലാണ്. ആ ആന്റണി ഇപ്പൊ അവളുടെ കൺ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ അവൾ ചിലപ്പോ അവന്റെ തലയിടിച്ച് പൊട്ടിച്ചേനെ . അത്രയും ദേഷ്യമാണ് രേവതിയ്ക്ക്. മഹേഷിനടുത്ത് നിന്നും അവൾ നേരെ പോയത് ആന്റണിയെ കാണാൻ തന്നെയായിരുന്നു. എടാ ആന്റണി എന്ന് ഉച്ചത്തിൽ വിളിച്ച് അവൾ നേരെ അവന്റെ ഓഫീസിലേയ്ക്ക് കയറിച്ചെന്നു. രേവതിയുടെ ഇങ്ങനൊരു മുഖം ഒരുപക്ഷെ ആദ്യമായിട്ടാവും പ്രേക്ഷകർ കാണുന്നത്. എന്തായാലും രേവതിയുടെ അതിനു ശേഷമുള്ള ഓരോ ഡയലോഗിനും പ്രേക്ഷകർ കയ്യടിക്കും . അമ്മാതിരി ആയിരുന്നു പെർഫോമൻസ്. ശരത്തിനെ ആന്റണി കൂടെ കൂട്ടിയതിനും സച്ചിയോട് കാലു പിടിക്കാൻ പറഞ്ഞതിനും …അങ്ങനെ എല്ലാത്തിനുമായി അവൾ കണക്കിന് കൊടുത്തു. 

ഇനി സച്ചിയേട്ടന് കുറുകെ നീ വന്നാൽ നടുറോഡിൽ വെച്ച് ഞാൻ നിന്നെ ചെരുപ്പൂരി അടിക്കുമെന്ന് വാണിംഗ് കൊടുത്തതാണ് അവൾ അവിടെ നിന്ന് മടങ്ങിയത്. രേവതിയുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ട ആന്റണി ആകെ ഉരുകി ഒലിച്ചു. ഒപ്പമുള്ള ഗുണ്ടകളോട് രേവതി തന്നോട് ചൂടായ കാര്യം ശരത്തിനോട് പോലും പറയരുതെന്ന് ആന്റണി പറഞ്ഞു . മാത്രമല്ല അവൾ ഈ ചെയ്തതിനുള്ള പണി അവൾക്ക് വേറെ കൊടുക്കാമെന്നും ആന്റണി ഉറപ്പിച്ചു. 

അതേസമയം കെനിയയിൽ പോകുന്നത് സ്വപ്നം കണ്ടിരിപ്പാണ് സുധി. എങ്ങനെയെങ്കിലും ശ്രുതിയെ പറഞ്ഞ് സമ്മതിപ്പിച്ച് 14 ലക്ഷം രൂപ ഒപ്പിച്ച് കെനിയയിലേക്ക് പറക്കണമെന്നാണ് അവന്റെ ആഗ്രഹം. അപ്പോഴാണ് സുധിയുടെ കൂട്ടുകാരൻ അതായത് പാർക് മേറ്റ് ബ്രോ സുധിയെ കാണാൻ വീട്ടിലേയ്ക്ക് വന്നത് . കാര്യം മറ്റൊന്നുമല്ല. പൈസ തന്നെ . സുധി വാങ്ങിയ 25000 രൂപ ഉടനെ തന്നെ മടക്കി തരണമെന്ന് ബ്രോ അവനോട് പറഞ്ഞു . ശ്രുതി വിവരം അറിയാതിരിക്കാൻ അവൻ പരമാവധി ശ്രമിച്ചെങ്കിലും ബ്രോ കാര്യം ശ്രുതിയോട് പറഞ്ഞു . സുധിയെ വിശ്വാസം ഇല്ലെന്നും പെങ്ങൾ പറ്റിക്കരുതെന്നും പറഞ്ഞ് അയാൾ വീട്ടിൽ നിന്നും പോയി . ഇത്രയൊക്കെ ആയിട്ടും സുധിയ്ക്ക് വല്ല ചമ്മലും ഉണ്ടോ …ഒരിത്തിരി പോലുമില്ല . കടം കേറി പ്രാന്തായ ശ്രുതി കട്ട കലിപ്പിൽ സുധിയോട് ചൂടാവുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.
 

By admin