ആദ്യമായി പ്രിയദര്‍ശനൊപ്പം, ഉറപ്പിച്ച് സെയ്‍ഫ് അലി ഖാന്‍; വരുന്നത് ആ ചിത്രത്തിന്‍റെ റീമേക്ക്?

അക്ഷയ് കുമാര്‍ നായകനാവുന്ന ബോളിവുഡ് ചിത്രം ഭൂത് ബംഗ്ലയാണ് പ്രിയദര്‍ശന്‍റേതായി അടുത്ത് വരാനിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രവും ഹിന്ദിയില്‍ ഉറപ്പായിരിക്കുകയാണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരാളാണ് ഇക്കുറി എത്തുന്നത്. സെയ്ഫ് അലി ഖാന്‍ ആണ് ആ താരം. കഴിഞ്ഞ വര്‍ഷം മുതല്‍ കേള്‍ക്കുന്ന ഈ പ്രോജക്റ്റ് സെയ്ഫ് തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. 

ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് അലി ഖാന്‍ വരാനിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. അതെ, പ്രിയദര്‍ശനൊപ്പമാണ് എന്‍റെ അടുത്ത ചിത്രം. അന്ധനായ ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. വലിയ ആവേശമുണ്ട്, എന്നാണ് സെയ്ഫ് അലി ഖാന്‍റെ വാക്കുകള്‍. ഇത് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ മലയാളത്തില്‍ ഒരുക്കിയ ഒപ്പത്തിന്‍റെ റീമേക്ക് ആണെന്ന് നേരത്തേ സംസാരമുണ്ട്. എന്നാല്‍ ചിത്രം റീമേക്ക് ആണോ എന്ന കാര്യം സെയ്ഫ് അലി ഖാന്‍ പറഞ്ഞിട്ടില്ല. 

2024 ജൂലൈയില്‍ ആരംഭിച്ച് 40 ദിവസത്തെ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ പിന്നീട് പ്രിയദര്‍ശന്‍റെ പ്ലാനുകള്‍ മാറി. അക്ഷയ് കുമാര്‍ ചിത്രം ആദ്യം സംഭവിച്ചു. ഈ വര്‍ഷം തന്നെ സെയ്ഫ് അലി ഖാന്‍ ചിത്രം ഉണ്ടാവുമെന്നാണ് അറിയുന്നത്. 

മോഹന്‍ലാല്‍ നായകനായ ഒപ്പത്തില്‍ കാഴ്ചാ പരിമിതിയുള്ള ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ പ്രകടനവും കൈയടി നേടിയിരുന്നു. സെയ്ഫ് ചിത്രത്തിന്‍റെ ഔദ്യോ​ഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

അതേസമയം നീണ്ട 14 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രമാണ് ഭൂത് ബംഗ്ല. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2026 ഏപ്രിലിലാവും ചിത്രം തിയറ്ററുകളില്‍ എത്തുക.

മലയാള ചിത്രത്തിന്‍റെ മറ്റൊരു ഹിന്ദി റീമേക്കും അടുത്തിടെ തിയറ്ററുകളില്‍ എത്തിയിരുന്നു. ഷാഹിദ് കപൂറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ദേവയാണ് ആ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഒരുക്കിയ മുംബൈ പൊലീസിന്‍റെ റീമേക്ക് ആയിരുന്നു ഇത്. 

ALSO READ : മതങ്ങള്‍ക്ക് അതീതമായ മാനവികത; ‘ഹിമുക്രി’ ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin