അടിച്ച് കേറി കേരളത്തിന്‍റെ രോഹൻ; ഒമാനിലെത്തി ആദ്യ മത്സരത്തിൽതന്നെ മിന്നും വിജയം, തിളങ്ങി സൽമാനും നിദീഷും ഏദനും
മസ്ക്കറ്റ്: ഒമാൻ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ മിന്നുന്ന വിജയവുമായി കേരള ടീം. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടിൽ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഒമാൻ ചെയര്‍മാൻ ഇലവനെ കേരളം പരാജയപ്പെടുത്തിയത്. രോഹൻ കുന്നുമ്മലിന്റെ സെഞ്ചുറി മികവിലാണ് (109 ബോളിൽ 122) കേരളം വിജയം സ്വന്തമാക്കിയത്. നാല് സിക്‌സറും 12 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹന്റെ വെടിക്കെട്ട്. ഒമാൻ ഉയർത്തിയ 327 എന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം പതിയെയാണ് തുടങ്ങിയത്. 11-ാം ഓവറിൽ ടീം 64ൽ നിൽക്കെ 23 റൺസെടുത്ത അഹമദ് ഇബ്രാഹിമിന്റെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ മുഹമ്മദ് അസറുദ്ദീനെയും പുറത്താക്കി ഹുസൈൻ അലി ഒമാന് വിജയ പ്രതീക്ഷ നല്‍കി.
എന്നാല്‍, ഒരറ്റത്ത് രോഹൻ കുന്നുമ്മൽ പിടിച്ച് നിന്നതോടെ കേരളം സ്കോര്‍ ഉയര്‍ത്തി. സൽമാൻ നിസാറും (87) തിളങ്ങിയതോടെ ആദ്യ മത്സരത്തില്‍ വിജയം ഉറപ്പിക്കാൻ കേരളത്തിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിന്റെ ഗംഭീര ഇന്നിങ്‌സിന്റെ മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. 136 ബോളിൽ നിന്ന് 153 റൺസാണ് ജതീന്ദർ അടിച്ചെടുത്തത്. ഇതിൽ 11 ബൗണ്ടറികളും മൂന്ന് സിക്‌സറും ഉൾപ്പെടുന്നു. 68 ബോളിൽ നിന്ന് 73 റൺസ് അമീർ ഖലീലും പേരിലാക്കി. പൃത്വി മാച്ചി (16 ), ഹമ്മദ് മിർസ (19 ) മുജീബ് ഉർ അലി (10) വിനായക ശുക്ല (29 ) എന്നിവരും കാര്യമായ സംഭാവന സ്കോര്‍ ബോര്‍ഡിലേക്ക് നൽകിയപ്പോൾ മറ്റുള്ളവരൊന്നും രണ്ടക്കം കടന്നില്ല. കേരളത്തിന് വേണ്ടി നിദീഷും ഏദൻ ആപ്പിൾ ടോമും നാല് വിക്കറ്റ് വീതം വീഴ്ത്തി. ബിജു നാരായണനും അഹമദ് ഇമ്രാനും ഒരോ വിക്കറ്റും വീഴ്ത്തി. 23നാണ് അടുത്ത മത്സരം.