സ്വത്തു തർക്കം, ബെംഗലൂരുവിലെ മുൻ അധോലോക ഗുണ്ടാ നേതാവിന്റെ മകന് നേരെ വധശ്രമം

ബെംഗലൂരു: കർണാടകയിലെ മുൻ അധോലോക ഗുണ്ടാ നേതാവിന്റെ മകന് നേരെ വധശ്രമം. ബെംഗലൂരുവിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് മുത്തപ്പറായിയുടെ മകൻ റിക്കി റായിയെയാണ് അജ്ഞാതർ വെടിവച്ച്കൊല്ലാൻ ശ്രമിച്ചത്. ഫാം ഹൌസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് 35കാരന് വെടിയേറ്റത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനും കാർ ഡ്രൈവറുമാണ് അക്രമം നടന്ന സമയത്ത് റിക്കി റായിക്ക് ഒപ്പമുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചയോടെയാണ് വലത് കയ്യിലും മൂക്കിലും പരിക്കേറ്റ് റിക്കി ചികിത്സ തേടിയത്. 

ബിദാദിയിലെ മുത്തപ്പറായിയുടെ ഫാമിൽ നിന്ന് പുറത്തേക്ക് കാറിൽ വരുമ്പോഴാണ് റിക്കി വെടിയേറ്റ് വീണത്. 12എംഎം ബോർ ഷോട്ട് ഗൺ ഉപയോഗിച്ച് രണ്ട് റൌണ്ട് വെടിയുണ്ടകളാണ് അജ്ഞാതർ റിക്കിക്ക് നേരെ ഉപയോഗിച്ചിട്ടുള്ളത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിക്കിക്ക് നിരവധി ശത്രുക്കളാണ് ഉള്ളത്.  വെടിവയ്പിൽ പരിക്കേറ്റ ഡ്രൈവറുടെ പരാതിയിൽ പൊലീസ് സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. നാല് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. മുത്തപ്പറായിയുടെ മുൻ കൂട്ടാളിയായ രാകേഷ് മല്ലി, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, റിയൽ എസ്റ്റേറ്റ് വ്യാപാരികളായ നിതേഷ് ഷെട്ടി, വൈദ്യനാഥൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. 

ബെംഗലൂരുവിലെ കൈവള്ളയില്‍ അമ്മാനമാടിയ അധോലോക നേതാവിന്റെ സ്വത്തു സംബന്ധിച്ച് രണ്ടാം ഭാര്യയുമായുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. സ്ഥിരമായി സ്വയം ഡ്രൈവ് ചെയ്യാറുള്ള റിക്കിയെ ലക്ഷ്യമിട്ട് ഡ്രൈവിംഗ് സീറ്റിലേക്കാണ് വെടിയുണ്ടകളെത്തിയത്. ബെംഗലൂരു ഐ ടി തലസ്ഥാനമായി വികസിക്കുന്ന 1990കളില്‍ നഗരത്തെ നിയന്ത്രിച്ചിരുന്ന, നിരവധി കൊലപാതക, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായിരുന്നയാളാണു  മുത്തപ്പ റായി.

ബെംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് റിക്കി റായി. കൊലപാതക ശ്രമത്തിനും ആയുധം ഉപയോഗിച്ചുള്ള അക്രമത്തിനുമാണ് സംഭവത്തിൽ പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര വിശദമാക്കിയത്. കേസ് അന്വേഷണത്തിനായി നാല് പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിട്ടുള്ളത്. സിസിടിവി അടക്കമുള്ളവ പരിശോധിക്കുമെന്നും പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin