ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളോട് ആവശ്യപ്പെടും, 2 പേരേയും കേൾക്കും; നാളെ ഫിലിം ചേമ്പർ യോ​ഗം

കൊച്ചി: ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേമ്പർ ശുപാർശ ചെയ്‌തേക്കും. നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും, സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. നാളെക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. 

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്.

“ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയിലെ മുഖ്യ കഥാപാത്രം ലഹരി ഉപയോഗിക്കുന്നയാളായിരുന്നു. അയാള്‍ നല്ല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നു എന്നെയും കൂടെയുള്ളവരെയും. ഡ്രസ് ശരിയാക്കാന്‍ പോകുമ്പോള്‍ കൂടെ വരണോ എന്ന രീതിയില്‍ ചോദിക്കുമായിരുന്നു. ഒരു സീന്‍ ചെയ്തപ്പോള്‍ വെള്ള പൌഡര്‍ മേശയിലേക്ക് തുപ്പി. സിനിമ സെറ്റില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണല്‍ ലൈഫില്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാല്‍ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. ആ സെറ്റില്‍ അങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം, സംവിധായകന്‍ ആ നടനോട് സംസാരിച്ചിരുന്നു. അയാള്‍ പ്രധാന നടന്‍ ആയതുകൊണ്ട് സിനിമ എങ്ങനെയെങ്കിലും തീര്‍ക്കാന്‍ എല്ലാവരും ബുദ്ധിമുട്ടുന്ന കാഴ്ച വേദനയുണ്ടാക്കുന്നതായിരുന്നു. എന്നോട് ക്ഷമ പോലും പലപ്പോഴും പറഞ്ഞു. അത് നല്ല സിനിമയായിരുന്നു. പക്ഷെ ആ വ്യക്തിയില്‍ നിന്നുള്ള അനുഭവം എനിക്ക് ഒട്ടും നല്ലതായി തോന്നിയില്ല. അതാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചത്”, വിന്‍സി പറഞ്ഞിരുന്നു. 

ഷൈനിനെ സന്ദർശിച്ചവരുടെ വിവരങ്ങളും യാത്രകളും പരിശോധിക്കുന്നു; മൊഴി വിശദമായി പരിശോധിച്ച് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin