വീട്ടിൽ ലാബ്രഡോർ റിട്രീവർ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ
ലാബ് എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന ഈ ഇനം നായ അതിന്റെ സൗഹൃദപരമായ സ്വഭാവത്തിനും ബുദ്ധിശക്തിയും പേര് കേട്ടവയാണ്. ഓടാനും കളിക്കാനും ഉല്ലസിക്കാനുമൊക്കെ ലാബ്രഡോർ എപ്പോഴും തയ്യാറാണ്. വളരെ സൗമ്യരും കുടുംബങ്ങളുമായി കൂടുതൽ ഇണങ്ങി ചേരുന്നവയും ആയത് കൊണ്ട് തന്നെ ഇത് എല്ലാവർക്കും പ്രിയമേറിയ ഇനമാണ്. എന്നാൽ എപ്പോഴും ഊർജ്ജസ്വലരായി ഇരിക്കണമെങ്കിൽ അവയ്ക്ക് ശരിയായ രീതിയുള്ള പരിചരണം അത്യാവശ്യമാണ്. അവയ്ക്ക് നൽകേണ്ട മികച്ച രീതിയിലുള്ള ആരോഗ്യം, പോഷകാഹാരം, പരിശീലനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതുണ്ട്.
ഒരു ലാബ്രഡോർ റിട്രീവർ എത്രത്തോളം ഭക്ഷണം കഴിക്കണം?
നായക്കുട്ടി
വളർന്ന് വരുന്ന ലാബ് നായ്ക്കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണ്. ദിവസവും 4 തവണ ഭക്ഷണം നൽകിയാൽ മാത്രമേ നല്ല വളർച്ച ഇവയ്ക്ക് ലഭിക്കുകയുള്ളു. നല്ല രീതിയിൽ പ്രോട്ടീൻ ലഭിച്ചാൽ മാത്രമേ ശക്തിയുള്ള എല്ലുകളും മസിലുകളും ലഭിക്കുകയുള്ളു.
വളർച്ചയെത്തിയ നായ
ഒരു ദിവസം രണ്ട് നേരം മാത്രമേ വളർച്ചയെത്തിയ നായയ്ക്ക് ഭക്ഷണം ആവശ്യമായി വരുന്നുള്ളൂ. മികച്ച ആരോഗ്യം നിലനിർത്തണമെങ്കിൽ രണ്ട് അല്ലെങ്കിൽ മൂന്ന് നേരം ഭക്ഷണം നൽകേണ്ടതുണ്ട്.
പ്രായമായ നായ
പ്രായം കൂടിയ നായകൾക്ക് ഊർജ്ജം കുറവായിരിക്കും. അതിനാൽ തന്നെ അവ എപ്പോഴും സജീവമായിരിക്കില്ല. ഇത് നായക്ക് പൊണ്ണത്തടിയുണ്ടാവാൻ കാരണമാകുന്നു. പെട്ടെന്നു ദഹിക്കുന്ന പോഷകഗുണങ്ങളുളള ഭക്ഷണങ്ങൾ നൽകുന്നതാണ് നല്ലത്.
എത്ര നേരമാണ് വ്യായാമം വേണ്ടത്?
എപ്പോഴും സജീവമായിരിക്കാറുള്ള നായകളാണ് ലാബ്. അതിനാൽ തന്നെ അവർ സന്തുഷ്ടരായിരിക്കാനും ആരോഗ്യം നിലനിർത്താനും ദിവസവും 2 മണിക്കൂർ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ധാരാളം കുരയ്ക്കുന്നവയാണോ?
പൊതുവെ അമിതമായി കുരയ്ക്കുന്നവയല്ല ലാബ്രഡോർ. അതേസമയം അവയ്ക്ക് ആകാംഷ കൂടിയാലോ വിരസത അനുഭവപ്പെട്ടാലോ ധാരാളം കുരയ്ക്കാറുണ്ട്.