മലയാളികൾക്ക് അടക്കം പ്രിയങ്കരിയായ നടിയാണ് തൃഷ. കാലങ്ങളായുള്ള അഭിനയ ജീവിത്തതിൽ ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ച തൃഷയുടേതായി 2025ലും ഒട്ടനവധി സിനിമകളാണ് വരാനിരിക്കുന്നത്. അതിൽ ചിലത് ഇതിനകം റിലീസും ചെയ്തു കഴിഞ്ഞു. പ്രായം നാല്പത്തി ഒന്നായെങ്കിലും തൃഷ ഇപ്പോഴും അവിവാഹിതയാണ്. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന് പലപ്പോഴും താരത്തോട് ചോദിച്ചിട്ടുണ്ടെങ്കിലും അതിന് കൃത്യമായൊരു മറുപടി നൽകാൻ തൃഷ തയ്യാറായിട്ടുമില്ല.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് തൃഷ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. തഗ് ലൈഫ് എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹം എന്ന സങ്കൽപ്പത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് തൃഷ വ്യക്തമാക്കുന്നുണ്ട്. “വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല”, എന്നായിരുന്നു തൃഷയുടെ വാക്കുകൾ.
അടുത്തിടെ നടൻ വിജയിയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ കിംവാദന്തികൾ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ഇത്. വിജയ് ഭാര്യയുമായി അകന്നാണ് കഴിയുന്നതെന്നും അതിന് കാരണം തൃഷ ആണെന്ന രീതിയിലുമായിരുന്നു പ്രചാരണങ്ങൾ. അത്തരം അഭ്യൂഹങ്ങളോട് തൃഷയോ വിജയിയോ പ്രതികരിച്ചതും ഇല്ല. ഒരിടവേളയ്ക്ക് ശേഷം ദ ഗോട്ട് എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
2015ൽ തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹം എത്തും മുൻപേ അത് മുടങ്ങി. അതിന് ശേഷം കല്യാണ ചോദ്യങ്ങളോട് സംഭവിക്കുമ്പോൾ സംഭവിക്കും എന്നായിരുന്നു തൃഷ പറഞ്ഞത്. കല്യാണം കഴിച്ചില്ലെങ്കിൽ ഒരു കുറ്റബോധവും തനിക്ക് ഉണ്ടാകില്ലെന്നും തൃഷ പറഞ്ഞിട്ടുണ്ട്. ഇതേ കാര്യം തന്നെയാണ് ഇപ്പോഴും താരം ആവർത്തിക്കുന്നത്.