വമ്പൻ ക്യാൻവാസ്, ആ ആക്ഷൻ രംഗത്തിന് 3000 പേര്‍, നിര്‍ണായക വേഷത്തില്‍ പൃഥ്വിരാജ്

മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംവിധാനം രാജമൗലിയാണ്. ചിത്രത്തില്‍ പൃഥ്വിരാജും ഒരു നിര്‍ണായക കഥാപാത്രമായി ഉണ്ടാകും. എസ്‍എസ്‍എംബി 29ല്‍ പ്രിയങ്ക ചോപ്രയായിരിക്കും നായിക. വൻ ആക്ഷൻ രംഗം രാജമൗലി ചിത്രത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഏകദേശം 3000 പേര്‍ ആക്ഷൻ രംഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയിലോ ജൂണിലോ ഹൈദരാബാദിലായിരിക്കും ആ രംഗം ചിത്രീകരിക്കുക. മഹേഷ് ബാബുവും പ്രിയങ്കയും പൃഥ്വിരാജും ആക്ഷൻ രംഗങ്ങള്‍ക്കായി തയ്യാറാകുകയാണെന്നും വിവിധ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഹൈദരാബാദിലെ അലൂമിനിയം ഫാക്റ്ററിയില്‍ ആണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും ഇടയ്‍ക്ക് ജോയിൻ ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മല്ലിക സുകുമാരനും ഈ റിപ്പോര്‍ട്ടുകള്‍ ശരിവച്ചിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്‍തിരിക്കുന്നത്.

ട്രെക്കിംഗിന് സാധ്യതയുള്ള വനമേഖലകള്‍ക്കായുള്ള അന്വേഷണത്തിന് ഒടുവിലാണ് രാജമൗലിയും ടീമും ഒഡിഷയിലെ വിവിധ ലൊക്കേഷനുകള്‍ തീര്‍ച്ചപ്പെടുത്തിയത്. ആഫ്രിക്കന്‍ മഴക്കാടുകളെ അനുസ്‍മരിപ്പിക്കുന്ന ദിയോമലി, കൊരപുത് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഷെഡ്യൂള്‍ നടക്കുക. പൂര്‍വ്വഘട്ട മലനിരകളില്‍ പെടുന്ന പ്രദേശങ്ങളാണ് ഇതൊക്കെ. അതില്‍ ദിയോമലിയാണ് ഒഡിഷയില്‍ ഏറ്റവും ഉയരമുള്ള സ്ഥലം.  ആര്‍ആര്‍ആറിന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷ് ബാബുവിനെ നായകനാക്കി ഒരുങ്ങുന്നത്. ആഫ്രിക്കന്‍ ജം​ഗിള്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ഇതിനകം പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. വിദേശ മാര്‍ക്കറ്റ് കൂടി ലക്ഷ്യമിട്ടാണ് രാജമൗലി ഈ ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് ബോക്സ് ഓഫീസില്‍ വൻ തിരിച്ചുവരവുമായി അക്ഷയ് കുമാര്‍, ശനിയാഴ്‍ച കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin