രഹസ്യനാമം ഉൾപ്പെടെ പുറത്ത്, മുംബൈ എക്‌സ്‌പ്രസ്‌വേയിൽ ആ ടെസ്‍ലയുടെ ആദ്യ കാഴ്ച, അത്ഭുതപ്പെട്ട് ജനം

റെക്കാലമായി ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് അമേരിക്കൻ വാഹന ഭീമനായ ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം. അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കൾ ഇതുവരെ ലോഞ്ച് തീയതി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രാജ്യത്ത് വരാനിരിക്കുന്ന ഉൽപ്പന്നങ്ങൾ പരീക്ഷിച്ചു തുടങ്ങിയതായാണ് പുതിയ റിപ്പോർട്ടുകൾ. അടുത്തിടെ ഇന്ത്യൻ റോഡുകളിൽ പുതിയ 2025 ടെസ്‌ല മോഡൽ വൈ പരീക്ഷണ പതിപ്പ് ക്യാമറയിൽ പതിഞ്ഞു. 

ടെസ്‌ല മോഡൽ Y യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് മുംബൈ-പൂനെ എക്‌സ്‌പ്രസ്‌വേയിൽ ആണ് പരീക്ഷണത്തിനിടെ കണ്ടെത്തിയത്. ഈ കാറിന് ജൂനിപ്പർ എന്ന രഹസ്യനാമം നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ടെസ്‌ലയുടെ ഈ കാർ അമേരിക്കയിലെയും കാനഡയിലെയും വിപണികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം വീഡിയോയിൽ കാണുന്ന കാർ ഇന്ത്യക്ക് അനുസൃതമായ നിരവധി അപ്‌ഡേറ്റുകളോടെയാണ് കൊണ്ടുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ടെസ്‌ലയുടെ ഈ പുതിയ കാറിന് സി ആകൃതിയിലുള്ള ടെയിൽലൈറ്റുകളാണ് ലഭിക്കുന്നത്. നീളമുള്ള വളഞ്ഞ മേൽക്കൂരയും ഒന്നിലധികം ഇരട്ട സ്‌പോക്ക് അലോയ് വീലുകളും കാറിന്റെ സവിശേഷതയാണ്. ടെസ്‌ലയുടെ സിഗ്നേച്ചർ ഗ്ലാസ് റൂഫും ഈ കാറിൽ നൽകിയിരിക്കുന്നു. ആറ് നിറങ്ങളിൽ ഈ ടെസ്‌ല കാർ ഇന്ത്യയിൽ ലഭ്യമാണ്. പേൾ വൈറ്റ്, സ്റ്റെൽത്ത് ഗ്രേ, ഡീപ് ബ്ലൂ മെറ്റാലിക്, അൾട്രാ റെഡ്, ക്വിക്ക് സിൽവർ, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.

ടെസ്‌ലയുടെ ഈ ഇലക്ട്രിക് കാർ ദീർഘദൂര ബാറ്ററിയുമായിട്ടാണ് വരാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഈ കാറിന് ദീർഘദൂരം എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിക്കും. ഒറ്റ ചാർജിംഗിൽ 526 കിലോമീറ്റർ സഞ്ചരിക്കാൻ ടെസ്‌ലയുടെ ഈ ഇലക്ട്രിക് കാറിന് കഴിയും. ഈ ഇലക്ട്രിക് എസ്‌യുവിക്ക് 4.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 96 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററാണ്.

ഈ ടെസ്‌ല കാറിൽ 15.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. പിൻ യാത്രക്കാർക്കായി എട്ട് ഇഞ്ച് സ്‌ക്രീനും ഈ കാറിലുണ്ട്. വെന്‍റിലേറ്റഡ് സീറ്റുകൾ, എഡിഎഎസ് ഫീച്ചർ, വയർലെസ് ചാർജിംഗ് ഫീച്ചർ എന്നിവയും ഈ ടെസ്‌ല ഇവിയിൽ നൽകിയിട്ടുണ്ട്. അതേസമയം ടെസ്‌ലയുടെ ആദ്യ കാർ ഇന്ത്യയിൽ എപ്പോൾ പുറത്തിറക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരുപക്ഷേ ടെസ്‌ല ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ കാർ മോഡൽ വൈ ആയിരിക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.

By admin