ബോബി സിംഹയുടെ ഉടമസ്ഥതയിലുള്ള കാർ അപകടത്തിൽപ്പെട്ടു; നാല് പേർക്ക് പരിക്ക്, ഡ്രൈവര്‍ അറസ്റ്റില്‍ !

ചെന്നൈ: തമിഴ് സിനിമ താരം ബോബി സിംഹയുടെ ഉടമസ്ഥതയിലുള്ള കാർ ഉണ്ടാക്കിയത് വന്‍ അപകടം. അപകടത്തില്‍ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിനും അമിത വേഗതയ്ക്കും കാര്‍ ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച എക്കാട്ടുതാങ്കലിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് കാർ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് നടൻ കാറിൽ ഉണ്ടായിരുന്നില്ല എന്ന് പോലീസ് കൂട്ടിച്ചേർത്തു.

ചെന്നൈ ട്രാഫിക് പോലീസ് പറയുന്നതനുസരിച്ച് അറസ്റ്റിലായ ഡ്രൈവര്‍ പുഷ്പരാജ് മദ്യപിച്ചാണ് വാഹനമോടിച്ചത്. കത്തിപ്പാറ ഫ്ലൈഓവറിൽ നിന്ന് ആലന്തൂർ മെട്രോ സ്റ്റേഷനിലേക്ക് ഇറങ്ങുമ്പോൾ, അമിത വേഗത കാരണം നിയന്ത്രണം നഷ്ടപ്പെട്ട് മൂന്ന് മോട്ടോർ സൈക്കിളുകളിലും രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു.

മോട്ടോര്‍ സൈക്കിളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്ക് പറ്റിയത്. ആദ്യ കാര്‍ ഒരു മോട്ടര്‍ സൈക്കിളിലേക്കാണ് ഇടിച്ചുകയറിയത് പെരുമ്പാക്കം സ്വദേശി മുത്തുസ്വാമി (42) എന്നയാൾക്ക് പരിക്കേറ്റു. തുടർന്ന് കാര്‍ മറ്റ് രണ്ട് മോട്ടോർ സൈക്കിളുകളിലും ഒരു ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ചു. 
നൂക്കംപാളയത്ത് നിന്നുള്ള ശരവണൻ (32), കലൈഞ്ജർ കരുണാനിധി നഗർ (വെസ്റ്റ്) സ്വദേശി സുന്ദർരാജ് (59), ക്രോംപേട്ടിലെ പുരുഷോത്തമൻ നഗറിൽ നിന്നുള്ള ആരാധന (30) എന്നിവർക്കാണ് അപകടത്തിൽ  പരിക്കേറ്റത്.

ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് എന്നാണ് പൊലീസ് പറയുന്നത്. കാറിന്‍റെ ആര്‍സി ഓണല്‍ ബോബി സിംഹയാണ്.

“രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ പുഷ്പരാജിന്‍റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ആലന്തൂർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഏപ്രിൽ 30 വരെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. അപകടത്തെത്തുടർന്ന് കത്തിപ്പാറ മേൽപ്പാലത്തിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി” എന്നാണ് ചെന്നൈ ട്രാഫിക് പൊലീസ് ഇറക്കിയ പ്രസ്താവയില്‍ പറയുന്നത്.  

 തമിഴ് സിനിമയിലെ അറിയപ്പെടുന്ന നടനായ ബോബി സിംഹ, പിസ്സ, സൂധു കവ്വു, ജിഗർതണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. മലയാളത്തില്‍ നേരം അടക്കം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ 2 ആണ് അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് ബോബി സിംഹ എത്തിയത്.

‘രജനികാന്തിന്‍റെ മികച്ച ഫാന്‍ ബോയ് പടം’: ആ സംവിധായകനുമായി വീണ്ടും ഒന്നിക്കാന്‍ രജനികാന്ത്

ലോകേഷിന്‍റെ ആദ്യചിത്രത്തിലെ നായകന് എന്ത് പറ്റി?: ഞെട്ടി ആരാധകര്‍, രക്ഷിക്കാന്‍ ലോക്കിയോട് അപേക്ഷ!

By admin