കുരിശിൽ മരിച്ച യേശു മരണത്തെ കീഴടക്കി ഉയർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ഈസ്റ്റർ ആഘോഷിച്ച് ക്രൈസ്തവർ. 50 ദിവസത്തെ നോമ്പാചരണത്തിനൊടുവിലാണ് പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും തിരുനാളായ ഈസ്റ്റർ ആഘോഷിക്കുന്നത്. ജറുസലേമിേലക്ക് ക്രിസ്തുവിന്റെ രാജകീയ പ്രവേശനം ഓർമിക്കുന്ന ഓശാന ഞായറും പെസഹയും ദുഃഖവെള്ളിയും ആചരിച്ച് ഭക്തിനിർഭരമായാണ് ഈസ്റ്ററിനെ വരവേൽക്കുന്നത്. മരണം ജീവിതത്തിന്‍റെ അവസാനമല്ലെന്നും നിത്യ ജീവിതത്തിലേക്കുള്ള കവാടമാണെന്നുമുള്ള ഓർമപ്പെടുത്തലാണ് ഈസ്റ്റർ എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.
ശനിയാഴ്ച വൈകിട്ട് മുതൽ പല ദേവാലയങ്ങളിലും ഈസ്റ്റർ കുർബാനകളും ആഘോഷങ്ങളും തുടങ്ങി. മാനന്തവാടി രൂപതയുടെ കീഴിലെ പള്ളികളിൽ ശനിയാഴ്ച രാത്രി 7 മുതൽ ഈസ്റ്റർ കുർബാനകളും പ്രാർഥനകളും നടത്തി. ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നു കരുതുന്ന പുലർച്ചെ സമയത്താണ് സാധാരണ ഈസ്റ്റർ കുർബാന ചൊല്ലാറ്. എന്നാൽ വന്യമൃഗ ശല്യം മൂലം വയനാട് ഉൾപ്പെടുന്ന മാനന്തവാടി രൂപതയിൽ ശനിയാഴ്ച രാത്രി ഈസ്റ്റർ കുർബാന ചൊല്ലി.
താമരശേരി രൂപതയുടെ ചില ഇടവകകളിലും ശനിയാഴ്ച രാത്രിയായിരുന്നു കുർബാന. താമരശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിൽ ഞായാഴ്ച പുലർച്ചെ മൂന്നിന് താമരശേരി മേരിമാതാ കത്തീഡ്രൽ പള്ളിയിൽ കുർബാന അർപ്പിച്ചു. ഓരോ ഇടവകകളിലും ഈസ്റ്റർ കുർബാനയുടെ സമയത്തിൽ മാറ്റമുണ്ടാകും. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ മുട്ടകൾ ദേവാലയങ്ങളിൽ വിതരണം ചെയ്യും. പ്രത്യാശയുടേയും ആനന്ദത്തിന്റെയും ആശംസകൾ നേർന്നുകൊണ്ടാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷങ്ങളിലേക്ക് കടന്നത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg