കോഴിക്കോട്: പോത്തിറച്ചിക്ക് പകരം കാളയിറച്ചി വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മാംസം വില്‍ക്കുന്ന കടകളില്‍ പരിശോധന നടത്തി. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. കൂടരഞ്ഞി അങ്ങാടിയിലെയും കരിങ്കുറ്റിയിലെയും ബീഫ് സ്റ്റാളുകൾക്കെതിരെയാണ് പരാതി ഉയര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വിവിധ കടകളില്‍ പരിശോധന നടത്തിയ സംഘം, ഏത് മാംസമാണ് വില്‍ക്കുന്നതെന്ന് പ്രത്യേകം പ്രദര്‍ശിപ്പിക്കണമെന്ന് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന മാംസ വിൽപ്പന കേന്ദ്രങ്ങൾ പൂട്ടാനും നിർദേശം നൽകി. അനധികൃതമായി മാംസ, മത്സ്യ വില്‍പന നടത്തുന്ന കടകളില്‍ പരിശോധന തുടരുമെന്നും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി രാജീവന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.