തുടർച്ചയായ മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിൽ, മൂന്ന് പേർ മരിച്ചു, ദേശീയപാത അടച്ചു

ശ്രീനഗർ: തുടർച്ചയായ മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിൽ. മൂന്നുപേർ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലിൽ നശിച്ചു. ജമ്മു കശ്മീർ ശ്രീനഗർ ദേശീയ പാതയിൽ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റമ്പാൻ ജില്ലയിൽ ജമ്മു ശ്രീനഗർ ദേശീയപാത താൽക്കാലികമായി അടച്ചു. നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 

മേഖലയിൽ കനത്ത മഴ മൂലം വിവിധ ഇടങ്ങളിൽ മിന്നൽ പ്രളയം അനുഭവപ്പെട്ടു. ദേശീയ പാതയിൽ പാറകളും ചെളിയും അവശിഷ്ടങ്ങളും വന്ന് മൂടിയ നിലയിലാണ് ഉള്ളത്. ഇതിനാൽ തന്നെ നിരവധി വാഹനങ്ങളാണ് ദേശീയ പാതയിൽ തന്നെ കുടുങ്ങിയിട്ടുള്ളത്. പാറകൾ വീണ് വാഹനങ്ങളുടെ മുകൾ ഭാഗം തകർന്ന് ചെളിയിൽ പുതഞ്ഞ നിലയിലാണ് മിക്ക വാഹനങ്ങളുമുള്ളത്. അവശിഷ്ടങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതരുള്ളത്. മറ്റ് അറിയിപ്പുകൾ ലഭിക്കുന്നത് വരെ മേഖലയിലേക്കുള്ള യാത്രകൾ താൽക്കാലികമായി നിർത്തി വയ്ക്കണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. 

ചിനാബ് നദിക്കരയിലുള്ള ധരംകുണ്ട് ഗ്രാമത്തിൽ വലിയ രീതിയിലുള്ള നാശ നഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഒരാളെ ഇവിടെ കാണാതായിട്ടുമുണ്ട്. ആലിപ്പഴ വീഴ്ച മേഖലയിലെ കെട്ടിടങ്ങൾക്കും സാരമായ നാശം സംഭവിക്കാൻ കാരണമായിട്ടുണ്ട്. പത്തോളം വീടുകൾ പൂർണമായും 30ഓളം വീടുകൾ ഭാഗികമായും തകർന്ന നിലയിലാണ് ഉള്ളത്. നൂറിലേറ പേരെയാണ് മേഖലയിൽ നിന്ന് രക്ഷാപ്രവർത്തകർ ഒഴിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin