ദില്ലി: രാജ്യ തലസ്ഥാനത്തെ കുപ്രസിദ്ധയായ ഗൂണ്ടാ സംഘാംഗമാണ് ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്ര. പല ആക്രമണങ്ങളിലും ഉയർന്നുകേട്ട സിക്രയുടെ പേര് വീണ്ടും രാജ്യ തലസ്ഥാനത്ത് ചർച്ചയാകുന്നു. ദില്ലിയിൽ 17 കാരനെ സിക്രയും സംഘവും കുത്തിക്കൊന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സീലംപൂര്‍ സ്വദേശി കുനാലാണ് കൊല്ലപ്പെട്ടത്. പാലു വാങ്ങിക്കാൻ പോയ കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊല നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് ഉയർന്നിട്ടുള്ളത്. അതേസമയം സിക്രയും സഹോദരൻ സാഹിലും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വിവരിച്ചു.
പ്രതിയെ പിടികൂടുന്നതിനിടയിൽ പൊലീസിന് നേരെ ആക്രമണം; കുറത്തിക്കാട് എസ്ഐ ഉദയകുമാറിന് കൈക്ക് പരുക്കേറ്റു
വിശദവിവരങ്ങൾ ഇങ്ങനെ
ദില്ലി സീലംപൂരിൽ 17 വയസുകാരനായ കുനാലിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രദേശത്തുതന്നെയുള്ള ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്രയാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാത്രി പാല് വാങ്ങാൻ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു കുനാൽ. ആ സമയത്താണ് ഒരു സംഘം ആളുകൾ കുനാലിനെ കുത്തി പരിക്കേൽപ്പിക്കുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തുതന്നെയുള്ള ലേഡി ഡോൺ എന്നറിയപ്പെടുന്ന സിക്ര എന്ന യുവതിയാണ് കൊലപാതകം നടത്തിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. മുൻ വൈരാഗ്യം കാരണം സിക്രയും സഹോദരൻ സാഹിലും ചേർന്ന് കൊലപാതകം നടത്തിയെന്നാണ് കുടുംബം പറയുന്നത്. സിക്രയും സഹോദരനും നിലവിൽ ഒളിവിലാണ്. സാഹിലിനെയും രഹാൻ എന്ന മറ്റൊരു യുവാവിനെയും സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഇവർ തന്നെയാണോ കൊലപാതകം നടത്തിയത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിക്രയുടെയും സംഘാംഗങ്ങളുടെയും ഭീഷണി കാരണം പ്രദേശത്ത് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് ആരോപിച്ച് പ്രദേശത്തെ ജനങ്ങൾ പൊലീസിനെതിരെ പ്രതിഷേധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. മേഖലയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.