‘‌ഞാന്‍ പിന്തുടരുന്നത് രാമന്‍റെ വഴിയല്ല, ദശരഥന്‍റെ വഴി’: നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

ചെന്നൈ: തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ തിരക്കിലാണ് നടന്‍ കമല്‍ഹാസൻ. ജൂണില്‍ എത്തുന്ന ചിത്രത്തിന്‍റെ വലിയൊരു വാര്‍ത്ത സമ്മേളനം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു. കമല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ മണിരത്നം, നടന്മാരായ ജോജു, ചിമ്പു, അശോക് സെല്‍വന്‍. നായികമാരായ തൃഷ, അഭിരാമി എന്നിവര്‍ എല്ലാം ഇതില്‍ പങ്കെടുത്തിരുന്നു.

അതേ സമയം ചെന്നൈയിലെ വാര്‍ത്ത സമ്മേളനത്തില്‍ ഇപ്പോഴും വിവാഹം കഴിക്കാത്ത ചിമ്പുവിനോടും തൃഷയോടും വിവാഹത്തെക്കുറിച്ച് ചോദ്യം വന്നു. ഇതേ സമയം താന്‍ രണ്ട് തവണ വിവാഹം കഴിച്ചത് സംബന്ധിച്ച് തുറന്നു പറയുകയാണ് കമല്‍ഹാസന്‍. 

വിവാഹം എന്ന വ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ലെന്നാണ് തൃഷ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്. അതിനിടയിലാണ് കമല്‍ വിവാഹം സംബന്ധിച്ച തന്‍റെ വീക്ഷണം വ്യക്തമാക്കിയത്. പത്ത് കൊല്ലം മുന്‍പ് മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ് ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയാണ് കമല്‍ ഓര്‍ത്തെടുത്തത്. 

ശ്രീരാമനെപ്പോലെ ജീവിതത്തില്‍ ഒരു ഭാര്യ എന്ന രീതി എന്താണ് പിന്തുടാരാത്തത് എന്നായിരുന്നു അന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചത്. അതിന് താന്‍ നല്‍കിയ മറുപടി കമല്‍ഹാസന്‍ ഓര്‍ത്തെടുത്തു. “ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. പ്രത്യേകിച്ച് ശ്രീരാമന്‍റെ പാത പിന്തുടരുന്നില്ല. പക്ഷെ ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ പിതാവ് ദശരഥന്‍റെ പാത പിന്തുടരും, അദ്ദേഹത്തിന് ഭാര്യമാര്‍ മൂന്നാണല്ലോ” എന്നാണ് കമല്‍ പറഞ്ഞത്. 

കമല്‍ഹാസന്‍ ആദ്യം നര്‍ത്തകി വാണി ഗണിപതിയെയാണ് വിവാഹം കഴിച്ചത്. 1978ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഈ ബന്ധം കൂടുതല്‍ കാലം നിലനിന്നില്ല. 1988 ല്‍ സരികയെ കമല്‍ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ശ്രുതി, അക്ഷര എന്നീ മക്കളുണ്ട്. 2004ല്‍ ഇരുവരും വിവാഹമോചിതരായി പിന്നീട് നടി ഗൗതമിയുമായി 2005 മുതല്‍ 2016വരെ ലിവിംഗ് ടുഗതര്‍ ആയിരുന്നു കമല്‍. 

അതേ സമയം കമലിന്‍റെ പുതിയ പടം തഗ്ഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും.37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണിത്.  കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. 

കമല്‍ഹാസൻ- മണി രത്നം കോമ്പോ; തഗ് ലൈഫിലെ എ ആർ റഹ്മാൻ ​ഗാനമെത്തി, ഒപ്പം സിമ്പുവും

37 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സൂപ്പര്‍ കോമ്പോ; ‘തഗ് ലൈഫ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

By admin