അരലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ കാനറാ ബാങ്ക് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്‍റെ പിടിയില്‍. മാവേലിക്കര ബ്രാഞ്ചിലെ കണ്‍‍കറന്‍റ് ഓഡിറ്റര്‍ കെ. സുധാകരനെയാണ് എറണാകുളം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ലോണ്‍ അക്കൗണ്ടില്‍ വെട്ടിപ്പ് നടത്തിയതിന്‍റെ പേരില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചി സ്വദേശിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്.
സംസ്ഥാനത്ത് സ്റ്റഡി സ്കില്‍ സെന്‍റര്‍ നടത്തുന്ന പനമ്പിള്ളി നഗര്‍ സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലന്‍സിന്‍റെ നടപടി. ശനിയാഴ്ച വൈകീട്ട് കൊല്ലം ചിന്നക്കടയിലെ വീടിനോട് ചേര്‍ന്നുള്ള ഓഫിസ് റൂമില്‍വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കെ. സുധാകരന്‍ പിടിയിലായത്. കൈക്കൂലിയുടെ ആദ്യഘടുവായ പതിനായിരം രൂപ സുധാകരന്‍ കഴിഞ്ഞ ദിവസം അക്കൗണ്ടിലൂടെ കൈപ്പറ്റി. ആറ് ലക്ഷം രൂപയാണ് കൈക്കൂലിയായി സുധാകരന്‍ ആവശ്യപ്പെട്ടത്.
കാനറാ ബാങ്ക് മാവേലിക്കര ശാഖയില്‍ പരാതിക്കാരന്‍ വിവിധ ആവശ്യങ്ങള്‍ക്കായി ലോണ്‍ എടുത്തിരുന്നു. ലോണ്‍ അക്കൗണ്ട് ഒരു കോടിയിലേറെ രൂപയുടെ ഓവര്‍ ഡ്രാഫ്റ്റായെന്നും ഓഡിറ്റിങ്ങില്‍ തിരിമറിയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. കിട്ടാക്കടമായി പ്രഖ്യാപിച്ച് ബ്ലാക്ക് ലിസ്റ്റില്‍ പെടുത്താതിരിക്കാനാണ് ലക്ഷങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു.
കണ്‍കറന്‍റ് ഓഡിറ്ററായ സുധാകരന് ബാങ്കിലെ ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെടാന്‍ അവകാശമില്ല. പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ ബാങ്കിനെയാണ് അറിയിക്കേണ്ടത്. സമാനമായി മറ്റ് പലരില്‍ നിന്നും സുധാകരന്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ പൂട്ടാനും വിജിലന്‍സിന് അധികാരമുണ്ടെന്ന് തെളിയിക്കുകയാണ് ഈ അറസ്റ്റ്. വിജിലന്‍സ് ഡിവൈഎസ്പി എന്‍. ആര്‍. ജയരാജിന്‍റെ നേതൃത്വത്തിലായിരുന്നു നടപടികള്‍.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *