കാഴ്ചയില്‍ മനുഷ്യന്റെ തോളെല്ല് പോലെ, 1.12 കിലോ മീറ്റര്‍ നീളം, 30 ഒറ്റത്തൂണുകൾ; പുതിയ മേല്‍പ്പാലം തുറന്നു
കാസര്‍കോട്: ദേശീയ പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആറുവരിപ്പാതയാക്കിയ കാസർകോട് പുതിയ മേല്‍പ്പാലം താത്കാലികമായി ജനങ്ങൾക്ക് തുറന്നു നൽകി. കറന്തക്കാട് നിന്ന് നുള്ളിപ്പാടി വരെയുള്ള കാസര്‍കോട് നഗരത്തിലെ മേൽപ്പാലം ഭാഗികമായാണ് തുറന്നു നൽകിയത്. ഇന്നലെ ഉച്ചയോടെ മഞ്ചേശ്വരം ഭാഗത്ത് നിന്ന് ചെര്‍ക്കള ഭാഗത്തേക്കുള്ള റോഡ് തുറന്നു. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് ഫലപ്രദമായി ഈ റോഡ് ഉപയോഗിക്കാവുന്നതാണ്. കാസര്‍കോട് നഗരത്തിൽ സര്‍വീസ് റോഡിലുണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇതോടെ കഴിയുമെന്നാണ് കരുതുന്നത്. നേരത്തെ ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി തലപ്പാടി-ചെര്‍ക്കള റീച്ചില്‍ പലയിടത്തും ദേശീയ പാതാ റോഡ് തുറന്നു നൽകിയിരുന്നു.
ഒറ്റത്തൂണുകളിലാണ് ദേശീയപാതയുടെ മേല്‍പ്പാലമുയര്‍ന്നത്. ആറുവരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം നിര്‍മിക്കുന്നത് ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യത്തെതെന്ന പ്രത്യേകതയുമുണ്ട്. കാഴ്ചയില്‍ മനുഷ്യന്റെ തോളെല്ലിനോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 27 മീറ്റർ വീതിയാണ് പാലത്തിന്റെ വീതി. സമാനമായി കോയമ്പത്തൂർ അവിനാശിയിലും ഒരു പാലം നിർമിക്കുന്നുണ്ട്. 24 മീറ്റർ വീതിയിൽ ആന്ധ്രാപ്രദേശിലെ വിജയവാഡയിലും ഒറ്റത്തൂണ്‍ പാലമുണ്ട്.
സാധാരണ ഗതിയിൽ ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണുകള്‍ ഉയര്‍ത്തിയാണ് പാലങ്ങൾ നിർമിക്കാറുള്ളത്. എന്നാൽ പേരു പോലെത്തന്നെ ഒറ്റത്തൂണുകൾ മാത്രമാണ് ഇവയ്ക്കുണ്ടാകുക. 30 ഒറ്റത്തൂണുകളാണ് പാലത്തിനുള്ളത്. കറന്തക്കാട് അഗ്നിരക്ഷാ സേനയുടെ ഓഫീസ് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡും കഴിഞ്ഞ് നുള്ളിപ്പാടി വരെ 1.12 കിലോ മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്.
ദേശീയ പാതാ നിർമാണ് ജില്ലയിൽ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഡിസംബറോടെ പൂർത്തിയാകുമെന്നും നിര്‍മാണക്കരാറുകാര്‍ പറയുന്നു. ഈ വഷം നിർമാണം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്ന് അറിയിച്ചിട്ടുണ്ട്.