ഒരുമാസം മുമ്പ് ‘സംസ്കരിച്ച’ 17 -കാരൻ ജീവനോടെ തിരിച്ചെത്തി, ട്രെയിൻ തട്ടി മരിച്ചതാര്? ആകെ കുഴങ്ങി പൊലീസ്

ബിഹാറിൽ ഒരുമാസം മുമ്പ് മരിച്ചെന്ന് കരുതി ‘സംസ്കരിച്ച’ 17 -കാരൻ ജീവനോടെ തിരികെ വീട്ടിൽ. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് മരിച്ചതായി കരുതി ഒരു മാസം മുമ്പ് ദഹിപ്പിക്കുച്ച 17 വയസ്സുകാരൻ വെള്ളിയാഴ്ച ജീവനോടെ തിരിച്ചെത്തിയത്. 

ഫെബ്രുവരി 26 -ന് ട്രെയിനിടിച്ചാണ് 17 -കാരൻ മരിച്ചത് എന്നാണ് കരുതിയത്. കുടുംബത്തിന് സർക്കാരിൽ നിന്ന് ഇതിന്റെ പേരിൽ 4 ലക്ഷം രൂപ നഷ്ടപരിഹാരവും ലഭിച്ചിരുന്നു. 

‘സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്. ഒരുമാസം മുമ്പ് സംസ്കാരിച്ചത് ആരെയാണ് എന്ന് കണ്ടെത്താനും ശ്രമിക്കുന്നുണ്ട്’ എന്നാണ് പൊലീസ് പറയുന്നത്. ജീവനോടെ തിരിച്ചെത്തിയ ആൺകുട്ടിയേയും പൊലീസ് ചോദ്യം ചെയ്യും. കാരണം കുട്ടി പറയുന്നത് അവനെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയി എന്നാണ് എന്നും ദർഭംഗ എസ്ഡിപിഒ അമിത് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

ഫെബ്രുവരി 8 -നാണ് 17 -കാരനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മാബി പൊലീസിൽ പരാതി നൽകിയത് എന്ന് നാട്ടുകാർ പറയുന്നു. ഫെബ്രുവരി 26 -ന്, അല്ലൽപട്ടി പ്രദേശത്ത് റെയിൽവേ ട്രാക്കുകൾക്ക് സമീപം കയ്യും കാലും നഷ്ടപ്പെട്ട നിലയിൽ ആളെ തിരിച്ചറിയാൻ പോലും ആവാത്ത നിലയിൽ ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്തു. അത് കാണാതായ 17 -കാരന്റെ മൃതദേഹമാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയും പിന്നീട് കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. 

എന്നാൽ, വ്യാഴാഴ്ച കുട്ടി ദർഭംഗ ജില്ലാ കോടതിയിൽ ഹാജരാവുകയും തന്നെ തട്ടിക്കൊണ്ടുപോയതാണ് എന്ന് അവകാശപ്പെടുകയും ചെയ്തു. താൻ ക്രിക്കറ്റ് കളിക്കുകയായിരുന്നു, അപ്പോഴാണ് മൂന്നോ നാലോ പേർ തന്റെ അടുത്തേക്ക് വന്നത്. അവർ ഒരു തുണി തന്റെ മുഖത്ത് അമർത്തി പിന്നെ തനിക്ക് ഒന്നും ഓർമ്മയില്ല എന്നാണ് കുട്ടി പറഞ്ഞത്. 

അവിടെ നിന്നും തന്നെ നേപ്പാളിലേക്കാണ് കൊണ്ടുപോയത്. ഒരുവിധത്തിൽ അവിടെ നിന്നും രക്ഷപ്പെട്ടു. ആദ്യം സഹോദരനെ വീഡിയോകോൾ വിളിച്ചു. സഹോദരൻ നേപ്പാളിലെത്തി തന്നെ കൂട്ടിക്കൊണ്ടു വന്നു. പൊലീസിൽ പോകാതെ നേരിട്ട് കോടതിയിൽ വരാൻ തീരുമാനിക്കുകയായിരുന്നു എന്നും കുട്ടി പറഞ്ഞു. 

നടുക്കുന്ന ദൃശ്യങ്ങൾ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സെൽഫി എടുക്കുന്നതിനിടെ യുവാവ് നദിയിൽ വീണു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin