ഒരാവേശത്തില്‍ ഓടാമ്പല്‍വട്ടം പാതി കടന്ന മോതിരവിരല്‍ അടുത്തനിമിഷം സ്റ്റക്കായി, അനന്തരം നിലവിളിയായി!
നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.
ഓര്‍മ്മകള്‍ക്ക് ഗന്ധം മാത്രമല്ല, കണ്ണന്‍ദേവന്‍ ചായ പോലെ നിറവും, രുചിയും, നല്ല കടുപ്പവും ഉണ്ട്. സന്തോഷമുള്ള ഓര്‍മ്മകളേക്കാള്‍ മനസ്സിന്റെ ചീനച്ചട്ടിയില്‍ കരിഞ്ഞു പിടിച്ചിരിക്കുന്നത് സങ്കടം ഉള്ളവയാണ്. ഒരുപക്ഷേ അവയ്ക്ക് വേവു കൂടുതല്‍ ഉള്ളതുകൊണ്ടും ഇടയ്ക്കിടെ നമ്മള്‍ പോലും ഇളക്കാന്‍ ചെല്ലാത്തതുകൊണ്ടും ആകാം.
ഉറ്റ കൂട്ടുകാരനെ പോലെ നമ്മള്‍ സദാ തോളില്‍ കയ്യിട്ട് നടക്കുന്ന, ഇഷ്ടം കൂടുമ്പോള്‍ ‘ചമ്മല്‍’ എന്നു വിളിക്കുന്ന, ആധാര്‍കാര്‍ഡില്‍ ‘നാണക്കേട്’ എന്ന അത്യുഗ്രന്‍ പേരുള്ള ഒരു മൃദുലവികാരമില്ലേ – അവനാല്‍ തരളിതയായ ഒരു ഓര്‍മ്മ. അത് പങ്കുവെക്കാനാണ് ഇത്രയും വലിച്ചു നീട്ടിയത്! പാവാട പ്രായമുള്ള ഒരു ഓര്‍മ്മ.
സംഭവം നടക്കുന്നത് പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. അന്നൊക്കെ സ്‌കൂള്‍ അവധിക്കാലത്ത് മിക്കവരും എക്‌സ്‌കര്‍ഷന് പോകുന്നത് അമ്മവീട്ടിലേക്ക് ആണല്ലോ. എന്റെയും പ്രധാന വിനോദസഞ്ചാരകേന്ദ്രം അതായിരുന്നു, എങ്കിലും ഇടയ്‌ക്കൊക്കെ പാലാരിവട്ടത്തുള്ള അച്ഛന്‍പെങ്ങളുടെ വീട്ടിലും പോകാറുണ്ടായിരുന്നു. രണ്ടു ചേച്ചിമാരും ഒരു ചേട്ടനും, അന്നത്തെ അപൂര്‍വ്വതയായ കളര്‍ ടിവിയും ടാപ് തുറന്നാല്‍ വെള്ളം വരുന്ന അടുക്കളയും ബാത്‌റൂമും ഒക്കെയുള്ള വീട്. കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം പോലുള്ള പൊന്നും പൊടിയും ഒക്കെ ഇടീച്ചാണ് അമ്മ എന്നെ വിടാറുള്ളത്.
അവിടുത്തെ ഓര്‍മ്മകള്‍ക്ക് പഴുത്ത പേരയ്ക്കാ മണമാണ്. കാരണം മറ്റൊന്നുമല്ല; വീടിന് മുന്നിലും, പിന്നിലും സൈഡിലും എല്ലാം വളര്‍ന്ന് ടെറസിലേക്ക് തലകുനിച്ച് നിന്നിരുന്ന, ഉള്ളില്‍ വെയിലുകൊണ്ട സായിപ്പിന്റെ നിറമുള്ള തുടുതുടുത്ത പേരക്കകള്‍ തന്നെ! കൂടാതെ ചുറ്റുപാടും കൈകള്‍ വിടര്‍ത്തിപ്പിടിച്ച് മുറ്റത്ത് തണല്‍ വിരിച്ച ‘പഞ്ചസാരപ്പഴ’മരവും. കിളികളുടെയും അണ്ണാന്റെയും മാത്രം ഭാരം അറിഞ്ഞിരുന്ന ആ മരം ഇത്തരം അവധിക്കാലങ്ങളിലാണ് ഒരു എല്ല് കൂടുതലുള്ള, (ഇപ്പോഴത്തെ നിഘണ്ടു അനുസരിച്ച് ‘പൊളിസാനം’) ഒരു പെണ്‍കുട്ടിയുടെ ഭാരം അറിഞ്ഞിരുന്നത്.
ആ അങ്കണം പേരക്കാമണത്തിന് മാത്രമായി വിട്ടുകൊടുക്കാതെ അരികു തോറും വെച്ചുപിടിപ്പിച്ചിരുന്ന ‘തൃത്താവ്’ എന്ന തുളസിയുടെ വലിയേട്ടന്‍ മത്സരിച്ചിരുന്നു. മൂക്കിനേക്കാള്‍ പ്രാധാന്യം വായ്ക്ക് ആയതിനാല്‍ പേരക്കയോട് തന്നെയായിരുന്നു എനിക്കും പ്രിയം. പേരക്ക തിന്നാന്‍ മുകളില്‍ കയറിയാല്‍ രണ്ടുണ്ട് കാര്യം. തൃത്താവും ചെമ്പരത്തിയും മാത്രം അതിര് തിരിച്ചിരുന്ന അയല്‍പ്പക്കത്തെ ചേച്ചിമാരുമായി ആകാശമാര്‍ഗ്ഗം ആശയവിനിമയം നടത്താം. ഇപ്രകാരം ഞാന്‍ കര -വ്യോമമാര്‍ഗ്ഗം ബന്ധം ഊട്ടിയുറപ്പിച്ചിരുന്നവരായിരുന്നു കിഴക്കേതിലെ സിന്ധു, സന്ധ്യ ചേച്ചിമാരും, പടിഞ്ഞാറേതിലെ സോളിചേച്ചിയും. ചിലപ്പോഴൊക്കെ സോളിചേച്ചി കുട്ടികളെ ഡാന്‍സ് പഠിപ്പിക്കുന്നത് ജനലിലൂടെ കാണാം.
‘ആലിപ്പഴം പെറുക്കാന്‍,
പീലിക്കുട നിവര്‍ത്തി…’
ഗുരു അറിയാതെ ആലിപ്പഴം പെറുക്കി ‘ഏകലവ്യ’ ആകാനും ഞാനന്ന് പരിശ്രമിച്ചിരുന്നു. നാട്ടിന്‍പുറത്തുകാരി എന്ന നിലയില്‍ ‘അയല്‍പക്കം നിരങ്ങല്‍’ എന്ന കല നല്ലവണ്ണം പരിശീലിച്ച ഞാന്‍ അതിനപ്പുറത്തെ ‘കാരക്ക’യുള്ള വീട്ടിലെ സുനന്ദചേച്ചി, അതിനുമപ്പുറത്തെ മനു, മഞ്ജുഷ എന്നിവരുമായി നിത്യസന്ദര്‍ശനത്തിലൂടെ നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു. ആ നിയോജകമണ്ഡലത്തിലെ എന്റെ സ്വാധീനം ഇത്ര വിശദമായി പറഞ്ഞത് എന്തിനാണെന്ന് നിങ്ങള്‍ക്ക് വഴിയേ മനസ്സിലാകും.
അപ്പോ കാര്യത്തിലേക്ക് കടക്കാം.
രാത്രിക്ക് ഉറങ്ങാന്‍ കരിമ്പടം വിരിച്ചു കൊടുത്തിട്ട് സായംസന്ധ്യ വീട്ടിലേക്ക് മടങ്ങിയ നേരം. ചിറ്റേമ്മച്ചി എല്ലാവര്‍ക്കും അത്താഴം എടുത്തുവയ്ക്കുന്നു. തന്നാലാകുന്ന സഹായം ചെയ്തു കൊടുക്കേണ്ട അണ്ണാന്‍ കുഞ്ഞാണെങ്കിലും എന്റെ കുരുട്ടുബുദ്ധി ഡൈനിങ്‌റൂമില്‍ നിന്നും അടുക്കളയിലേക്കുള്ള വാതില്‍പ്പടിയില്‍ എന്നെ തടഞ്ഞു. ഏത് ചേതോവികാരത്താല്‍ ആണെന്നറിയില്ല; എന്നിലെ അഡ്വഞ്ചറസ് കുട്ടി സട കുടഞ്ഞെഴുന്നേറ്റ്, ആ വാതില്‍പ്പടിയിലെ ഓടാമ്പലിടുന്ന ചെറിയ വട്ടത്തിന്റെ വ്യാസം അളക്കാന്‍ തീരുമാനിച്ചു. നല്ല അച്ചിങ്ങ പോലുള്ള ഉരുളന്‍ വിരലുകള്‍ ഉള്ളപ്പോള്‍ ടൂള്‍സ് അന്വേഷിച്ച് എന്തിന് നാട്ടില്‍ തേടി നടപ്പൂ?
ചെറുവിരലില്‍ നിന്നു തന്നെ തുടങ്ങി. കുഞ്ഞനവന്‍ കൂളായി കേറി. ഇറങ്ങി. ‘കൊള്ളാലോ സംഭവം.’ അവന്‍ വലിയ ത്രില്ലില്‍ മോതിരവിരലിനോട് പറഞ്ഞു.
‘ഇനി നീ പോ’. ഇതു കേട്ട മോതിരവിരല്‍ മുന്നും പിന്നും നോക്കാതെ ഒറ്റയോട്ടം! ഒരാവേശത്തില്‍ പകുതി കടന്നു. കുഞ്ഞന്‍ പറഞ്ഞത്ര എളുപ്പമാണ് കാര്യം എന്ന് തോന്നിയില്ല. എങ്കിലും വിട്ടുകൊടുക്കരുതല്ലോ. വാശിക്ക് മുന്നോട്ടുതന്നെ വെച്ചുപിടിച്ചു. മുക്കാലും കയറിക്കാണും. പിന്നെ അങ്ങോട്ടും ഇല്ല; ഇങ്ങോട്ടും ഇല്ല. കുറച്ചുനേരം ഈ പുഷ് -പുള്‍ സര്‍വ്വീസ് തുടര്‍ന്നു. കളി കാര്യമായി. മുറ്റത്തെ പേരമരത്തിന്റെ ഇരുണ്ടനിഴല്‍ അടുക്കളവാതില്‍ കടന്ന് എന്റെ മുഖത്ത് കാര്‍മേഘമായി പരന്നു. പിന്നെ ഇടിമുഴക്കമായി, മഴയായി.
വീട്ടിലുള്ളവര്‍ അഞ്ചുപേരും ഓടിവന്നു. ഓരോരുത്തരുടെയും ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പിടിയും വലിയും ഫലം കാണാതെ വന്നപ്പോള്‍ എണ്ണപ്രയോഗമായി. അത്രയും എണ്ണ വേസ്റ്റ്!
അപ്പോള്‍ അടുത്തയാളുടെ ഐഡിയ-
‘നമുക്കിവനെ സോപ്പിടാം.’
‘എന്റടുത്താണോ നിന്റെ സോപ്പിടല്‍? നടക്കൂല്ല മോനെ.’- വളയം കട്ടായം പറഞ്ഞു.
‘എന്തുവന്നാലും വിടില്ല ഞാന്‍.’
ഈ സമയത്തൊക്കെ ഞാന്‍ അനങ്ങാതെ നിന്ന് സഹകരിക്കുകയായിരുന്നു എന്നാണോ നിങ്ങള്‍ കരുതിയത് ?
അല്ലേയല്ല….ഞാനെന്റെ സകല ആമ്പിയറും ഉപയോഗിച്ച് തൊള്ളകീറി കരയുകയായിരുന്നു. വിരലിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലും ഞാനെന്റെ ഭാഷാസ്‌നേഹത്തെ കൈവിട്ടില്ല.
അച്ചടിഭാഷയില്‍ ഉള്ള ആര്‍ത്തനാദമാണ് ഇപ്പോഴും എന്റെ ഓര്‍മ്മയില്‍ ഒരു പോറലുമേല്‍ക്കാതെ കൊത്തിവെച്ചിരിക്കുന്നത്. ‘എനിക്ക് വേദനിക്കുന്നേ.’
എണ്ണയും സോപ്പും തമ്മിലുള്ള ആജന്മശത്രുത അവര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ആര് ആരെ നിര്‍വീര്യമാക്കി എന്നറിയില്ല. എന്തായാലും എന്റെ വീര്യം കൂടിക്കൊണ്ടിരുന്നു. ‘സേവ് വിരല്‍’ യജ്ഞം തുടര്‍ന്നുകൊണ്ടിരുന്നു.
‘കൂടുതല്‍ വേദനിക്കുന്നു…’
സിനിമകളില്‍ ചില ലേബര്‍റൂം രംഗങ്ങള്‍ അടച്ചിട്ട വാതിലിനു പുറത്തുനിന്ന് ചിത്രീകരിക്കുന്നതുപോലെ, മൈക്കിലൂടെ വിളിച്ചുപറയുന്നത് പോലെയായിരുന്നു ശബ്ദം! അതുകൊണ്ട് ഉണ്ടായ ഗുണം കിഴക്കേതിലേയും പടിഞ്ഞാറേതിലേയും വീട്ടുകാര്‍ മൊത്തമായും ചില്ലറയായും അങ്ങോട്ടേക്ക് ഒഴുകിയെത്തി. സദസ്സിന് കട്ടി കൂടിയപ്പോള്‍ മേളപ്പെരുക്കവും മുറുകി. ഞാന്‍ പൂര്‍വ്വാധികം ശക്തിയായി ഓരിയിട്ടു കൊണ്ടിരുന്നു.
‘കൂടുതല്‍ കൂടുതല്‍ വേദനിക്കുന്നു…’ ഇതുകേട്ട് കൂടുതല്‍ കൂടുതല്‍ ആളുകള്‍ അയല്‍പക്കങ്ങളില്‍ നിന്നും അവരുടെ അത്താഴം ഉപേക്ഷിച്ച് എത്തിത്തുടങ്ങി.
എന്റെ മികച്ച പ്രകടനം കണ്ട് കസിന്‍ ബിനോയ്‌ചേട്ടന്‍ ഒരു അഭിപ്രായം പറഞ്ഞു. ‘സ്വര്‍ണ്ണമോതിരമിട്ട വിരലായിപ്പോയി അത്. അല്ലെങ്കില്‍ ആ വിരല്‍ മുറിച്ചെടുക്കായിരുന്നു.’- എന്നെക്കാള്‍ മൂന്നുവയസ്സിന് മൂപ്പേയുള്ളെങ്കിലും മൂപ്പരുടെ ട്രോള് കേട്ട എന്റെ റിയാക്ഷന്‍ എന്തായിരുന്നിരിക്കും എന്ന് നിങ്ങള്‍ക്ക് ഊഹിക്കാല്ലോ.
ആ പഞ്ചായത്തിലെ സഹൃദയരായ നാട്ടുകാര്‍ ഒത്തുകൂടിയ ഊണുമുറിയില്‍, ഇനി വിരല്‍ മുറിച്ചുകളയും എന്ന പേടിയില്‍, അത്താഴം കഴിക്കാത്ത ക്ഷീണം പോലും അറിയിക്കാതെ കാറിക്കൂവിയ ഞാനും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചവരും തമ്മിലുള്ള അത്യുഗ്രമായ വടംവലിക്ക് ഒടുവില്‍ വലിഭാഗം വിട്ടുകളഞ്ഞ വടത്തിന്റെ അറ്റം പിടിച്ച് അലച്ചുകെട്ടി വീണത് ഞാന്‍ തന്നെയാണ്. ആ വീഴ്ചയില്‍ വലിയ പരിക്കൊന്നും കൂടാതെ എന്റെ വിരല്‍ ഊരി പോന്നു – പുഷ്പംപോലെ!
നിങ്ങള്‍ക്കൊരു കാര്യം മനസ്സിലായോ?
യഥാര്‍ത്ഥത്തില്‍ ഊരിയെടുക്കാന്‍ കഴിയാത്തവിധം കുരുങ്ങിപ്പോയിരുന്നില്ല എന്റെ വിരല്‍. എണ്ണയോ സോപ്പോ ഇട്ട് മുതിര്‍ന്നവര്‍ക്ക് ഊരിയെടുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഞാന്‍ അതിന് സമ്മതിച്ചിട്ട് വേണ്ടേ. ഒച്ചയെടുത്ത് ആളെക്കൂട്ടാനായിരുന്നല്ലോ എന്റെ ശ്രമം!
വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ അതിനെ കുട്ടികളിലെ ഉത്കണ്ഠ, ഭയം (anxiety, fear) എന്നൊക്കെ വിളിക്കുന്നു. കുട്ടികള്‍ ചെവിയിലോ മൂക്കിലോ ചെറിയ സാധനങ്ങള്‍ കയറ്റിയാല്‍ ആദ്യം പ്രയോഗിക്കേണ്ട തന്ത്രം അവരെ ശാന്തരാക്കുക എന്നതാണ്. അവരുടെ ശ്രദ്ധതിരിച്ച്, ശരിയായ ഉപകരണങ്ങള്‍ കൊണ്ട് അനായാസേന സാധിക്കാവുന്ന കാര്യമാകും മിക്കതും.
പിന്നീട് വര്‍ഷംതോറുമുള്ള എന്റെ സന്ദര്‍ശനങ്ങളില്‍ ഒരാളും എന്നോട് പരാതി പറഞ്ഞില്ല; ‘നീയൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍…. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍’ എന്ന്. പകരം അവരെല്ലാം ഒരുപോലെ ചോദിച്ചിരുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു –
‘ആ മോതിരവിരല്‍ അവിടെത്തന്നെ ഉണ്ടല്ലോ, അല്ലേ?’