ഉയർപ്പ് തിരുനാൾ ആഘോഷിച്ച് ലോകം, നാളുകൾക്കിപ്പുറം സെൻ്റ് പീറ്റേഴ്സ് ബസിലിക്ക ബാൽക്കണിയിൽ സന്ദേശവുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി: ഉയർപ്പ് തിരുനാൾ ആഘോഷിച്ച് ലോകം. വത്തിക്കാനിൽ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസ നേർന്നു. ഗാസയില്‍ ഉടൻ തന്നെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാര്‍പാപ്പ, ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഏറെ നാളുകള്‍ക്ക് ശേഷമാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ബാല്‍ക്കണിയില്‍ മാർപാപ്പ സന്ദേശം പങ്കുവെച്ചത്.

ഗാസയിലെ സാഹചര്യം പരിതാപകരമാണെന്ന് മാർപാപ്പ ചൂണ്ടികാട്ടി. ലോകത്ത് ജൂതവിരുദ്ധ മനോഭാവം വര്‍ധിച്ചുവരുന്നത് ഏറെ ആശങ്കാജനകമാണ്. ദുരിതമനുഭവിക്കുന്ന ഇസ്രയേല്‍, പലസ്തീന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നുവെന്നും മാര്‍പാപ്പ വ്യക്തമാക്കി. ന്യുമോണിയ ബാധിതനായി ആശുപത്രിയിലേക്കും പോകുന്നതിന് മുന്‍പും ഗാസയിലെ സാഹചര്യത്തെ അദ്ദേഹം അപലപിച്ചിരുന്നു.

വിശദവിവരങ്ങൾ

ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ട മാർപാപ്പ ഈസ്റ്റർ സന്ദേശത്തിലാണ് വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടത്. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റർ സന്ദേശത്തിൽ ആവശ്യപ്പെട്ടു. ശ്വാസകോശ അണുബാധയെത്തുടർന്ന്‌ ഫെബ്രുവരി 14നാണ്‌ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. 38 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം മാർച്ച് 23 നാണ് മാർപാപ്പ തിരിച്ചെത്തിയത്. ആശുപത്രി വാസത്തിനുശേഷം ഫ്രാൻസിസ് പാപ്പ പൂർണമായി ചുമതലകൾ ഏറ്റെടുത്തിട്ടില്ല. പെസഹ വ്യാഴാഴ്ച മാർപാപ്പ റോമിലെ റെജീന കെയ്‌ലി ജയിൽ സന്ദർശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin