‘ഇന്നാണ് ഈ മണിരത്നം ചിത്രം റിലീസ് ചെയ്യുന്നതെങ്കിൽ തിയേറ്ററുകൾക്ക് തീവയ്ക്കുമായിരുന്നു’: രാജീവ് മേനോന്‍

ചെന്നൈ: മണിരത്നത്തിന്‍റെ നിരവധി പ്രൊജക്ടുകളില്‍ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രാജീവ് മേനോന്‍റെ ബോംബെ എന്ന ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം വാര്‍ത്തയാകുന്നു. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും അഭിനയിച്ച ബോംബെ ചിത്രം 30 വർഷം തികയുന്നതിനെക്കുറിച്ച് ഒ2 ഇന്ത്യയോട് സംസാരിക്കുമ്പോഴാണ് ഇന്നാണ് ആ ചിത്രം തിയേറ്ററുകൾ എത്തുന്നതെങ്കില്‍ തീയറ്ററുകള്‍ക്ക് ചിലര്‍ തീവച്ചെക്കുമായിരുന്നുവെന്ന് രാജീവ് മേനോന്‍ പറയുന്നത്. 

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ബോംബെ റിലീസ് ചെയ്തപ്പോഴുള്ളതിനേക്കാൾ ഇന്ത്യയിൽ ഇപ്പോൾ ‘സഹിഷ്ണുത’ കുറഞ്ഞുവെന്ന് രാജീവ് അഭിമുഖത്തിൽ പറഞ്ഞു. ആളുകൾ സിനിമയ്‌ക്കെതിരെ ‘എതിര്‍പ്പുമായി’ എത്താമെന്നും. ചിലപ്പോള്‍ തീയറ്റര്‍ തന്നെ കത്തിച്ചേക്കാം എന്നും രാജീവ് മേനോന്‍ പറഞ്ഞു. 

“ഇന്നത്തെ കാലത്ത് ബോംബെ പോലെ ഒരു സിനിമയും നിർമ്മിക്കാൻ കഴിയില്ല എന്നതാണ് പ്രധാന കാര്യം. കാരണം ഇന്ത്യയിലെ സാഹചര്യം വളരെ അസ്ഥിരമാണ്, ആളുകൾ വളരെ ശക്തമായ നിലപാടുകൾ സ്വീകരിക്കും, മതം വലിയൊരു പ്രശ്നമായി മാറിയിരിക്കുന്നു. ബോംബെ പോലുള്ള ഒരു സിനിമ നിർമ്മിച്ച് തിയേറ്ററിൽ റിലീസ് ചെയ്താല്‍ ഇന്ന് തിയേറ്റർ കത്തിച്ചുകളഞ്ഞേക്കാം എന്നുപോലും പ്രതീക്ഷിക്കണം. 25-30 വർഷത്തിനുള്ളിൽ, ഇന്ത്യ സഹിഷ്ണുത കുറഞ്ഞു.” രാജീവ് മോനോന്‍ പറഞ്ഞു. 

1995 മാർച്ച് 10 ന് പുറത്തിറങ്ങിയ ബോംബെ നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ ചിത്രമായിരുന്നു. അതേ പേരിൽ തന്നെ ഹിന്ദിയിലും സിനിമ റിലീസ് ചെയ്തു. 1992 ഡിസംബർ മുതൽ 1993 ജനുവരി വരെ നടന്ന ബോംബെ കലാപത്തില്‍ പെട്ടുപോകുന്ന ഭിന്നമതത്തില്‍പ്പെട്ട ദമ്പതികളുടെ കഥയാണ് ചിത്രം ആവിഷ്കരിച്ചത്. ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മണിരത്നത്തിന്‍റെ മൂന്ന് ചിത്രങ്ങളില്‍ രണ്ടാമത്തേതായിരുന്നു ബോംബെ. 1992 ൽ റോജയും 1998 ൽ ദിൽ സേയുമാണ് ഈ കൂട്ടത്തിലെ മറ്റ് രണ്ട് ചിത്രങ്ങള്‍. 

അതേ സമയം പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് സംവിധായകന്‍ മണിരത്നം. കമല്‍ഹാസന്‍ നായകനായി എത്തുന്ന പുതിയ പടം തഗ്ഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും.37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണിത്. നായകന്‍ എന്ന ചിത്രത്തിലാണ് മുന്‍പ് ഇവര്‍ ഒന്നിച്ചത്.  കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. 

‘‌ഞാന്‍ പിന്തുടരുന്നത് രാമന്‍റെ വഴിയല്ല, ദശരഥന്‍റെ വഴി’: നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

‘ദളപതി’ വിസ്മയം ആവര്‍ത്തിക്കുമോ?: രജനി മണിരത്നം കൂട്ടുകെട്ട് വീണ്ടും !
 

By admin