ഇത് ആദ്യത്തെ അല്ല, കനറാ ബാങ്ക് ഓഡിറ്റർ ഒരുപാട് മുതലെടുത്തു; സ്വന്തമാക്കിയത് ലക്ഷങ്ങൾ, പുകച്ച് പുറത്ത് ചാടിച്ചു
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ അനധികൃത സമ്പാദ്യമെന്ന് വിജിലന്‍സ്. പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തി ഓഡിറ്റര്‍ മുമ്പും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും വിജിലന്‍സിന് വിവരം കിട്ടി. അറസ്റ്റിലായ ഓഡിറ്റര്‍ സുധാകരനെ റിമാന്‍ഡ് ചെയ്തു. കാനറാ ബാങ്കിന്‍റെ മാവേലിക്കര ബ്രാഞ്ചിലെ കണ്‍കറന്‍റ് ഓഡിറ്റര്‍ കെ സുധാകരനെ ശനിയാഴ്ചയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
എറണാകുളം പനമ്പിളളി നഗര്‍ സ്വദേശിയായിരുന്നു പരാതിക്കാരന്‍. ഇയാള്‍ക്ക് ഒരു കോടി 40 ലക്ഷം രൂപയുടെ ലോണുണ്ടായിരുന്നു മാവേലിക്കര ബ്രാഞ്ചില്‍. ഈ ലോണ്‍ അക്കൗണ്ടിന്‍റെ ഓഡിറ്റിംഗില്‍ പ്രശ്നമുണ്ടെന്നും റീ ഓഡിറ്റ് ചെയ്ത് ഇത് നോണ്‍ പെര്‍ഫോമിംഗ് അസറ്റായി തീരുമാനിക്കുമെന്നും സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്ന് വിജിലന്‍സ് പറയുന്നു. നടപടി ഒഴിവാക്കാന്‍ ആറു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി പതിനായിരം രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. രണ്ടാം ഘട്ടമായി അമ്പതിനായിരം രൂപ കൈമാറുന്നതിനിടെയാണ് സുധാകരന്‍ പിടിയിലായത്.
മുമ്പും പലരെയും ഭീഷണിപ്പെടുത്തി സുധാകരന്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ലക്ഷക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ചതിന് തെളിവ് ലഭിച്ചെന്നും കൊല്ലം ചിന്നക്കടയിലെ സുധാകരന്‍റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം വിജിലന്‍സ് അറിയിച്ചു. ദേശസാല്‍കൃത ബാങ്കായതിനാല്‍ കാനറാ ബാങ്കിലെ ജീവനക്കാരുടെ കൈക്കൂലി ഇടപാടുകളും വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുമെന്ന് വിജിലന്‍സ് വിശദീകരിക്കുന്നു. അറസ്റ്റിലായ സുധാകരന്‍ ബാങ്കിലെ സ്ഥിരം ജീവനക്കാരന്‍ അല്ലെങ്കിലും ബാങ്കില്‍ നിന്ന് പ്രതിഫലം വാങ്ങുന്നയാളെന്ന നിലയില്‍ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ വരുമെന്നും വിജിലന്‍സ് വ്യക്തമാക്കി.