ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ നിന്ന് പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷിച്ചു; കയ്യടി നേടി ദിഷ പഠാണിയുടെ സഹോദരി
ബറേലി: ആൾത്താമസമില്ലാത്ത കെട്ടിടത്തിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷിച്ച് നടി ദിഷ പഠാണിയുടെ സഹോദരി ഖുഷ്ബു പഠാണി. പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തകർന്ന കെട്ടിടത്തിന്‍റെ മതിൽ സാഹസികമായി കയറി ഉള്ളിലെത്തി രക്ഷിച്ചത്. ഇതോടെ ധീരതയ്ക്ക് കയ്യടി നേടുകയാണ് ഖുഷ്ബു.
ദിഷയുടെ ബറേലിയിലെ വസതിക്ക് സമീപമുള്ള കെട്ടിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഖുഷ്ബു പിതാവും വിരമിച്ച പൊലീസ് ഓഫീസറുമായ ജഗദീഷ് പഠാനിക്കൊപ്പമാണ് താമസിക്കുന്നത്. ഖുഷ്ബു പ്രഭാത നടത്തത്തിന് പുറത്തിറങ്ങിയപ്പോൾ അടുത്തുള്ള കെട്ടിടത്തിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേൾക്കുകയായിരുന്നു.
പക്ഷേ നേരിട്ട് കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാനാവില്ല. അതിനാൽ ഖുഷ്ബു മതിൽ ചാടിക്കടന്ന് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചു. മുഖത്ത് പരിക്കേറ്റ പിഞ്ചുകുഞ്ഞിനെയാണ് അവിടെ നിലത്തു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്ന് പ്രഥമ ശുശ്രൂഷ നൽകി. അപ്പോഴേക്കും അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെന്ന് സർക്കിൾ ഓഫീസർ പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി, അവിടെ ചികിത്സ നൽകുകയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ആരാണ് ഉപേക്ഷിച്ചതെന്ന് തിരിച്ചറിയാൻ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞിനെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്തുമെന്ന് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.