ആശുപത്രിയുടെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ കയറിനിന്ന് രോഗിയുടെ അത്മഹത്യാ ഭീഷണി; രക്ഷകനായി ട്രാഫിക് പൊലീസുകാരൻ
ചെന്നൈ: ആശുപത്രിയുടെ അഞ്ചാം നിലയിൽ ബാൽക്കണിയിൽ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ മദ്ധ്യവയസ്കയെ പൊലീസ് ഉദ്യോഗസ്ഥൻ അനുനയിപ്പിച്ച് താഴെയിറക്കി. ചെന്നൈ അൽവാർപേട്ടിലായിരുന്നു സംഭവം. മാനസികാസ്വാസ്ഥയുള്ള സ്ത്രീയാണ് ആശുപത്രിൽ ജീവനക്കാരെ മുൾമുനയിൽ നിർത്തി ഭീഷണി മുഴക്കിയത്. എന്നാൽ ആശുപത്രിക്ക് മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ വയർലെസ് സെറ്റിലൂടെ വിവരമറിഞ്ഞ് സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
തിരുവൊട്ടിയൂർ സ്വദേശിനിയായ 47കാരി ആശുപത്രിയിൽ മാനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ബാൽക്കണിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. പൊലീസുകാർ എത്തുമ്പോൾ ജീവനക്കാർ ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കോടമ്പാക്കം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഹെഡ്കോൺസ്റ്റബിൾ ദേവരാജ് ആശുപത്രിക്ക് സമീപം മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കുന്ന ജോലിയിലായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് ഓടിയെത്തിയ അദ്ദേഹം അഞ്ചാം നിലയിലെത്തി കുറച്ച് അടുത്തേക്ക് ചെന്ന് ഇവരോട് സംസാരിക്കാൻ തുടങ്ങി.
തന്നെ സഹോദരനായി കാണണമെന്നും പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്നും പറഞ്ഞ ദേവരാജിനോട് 20 മിനിറ്റോളം ഇവർ പരാതികൾ പറഞ്ഞു. ബാൽക്കണിയുടെ കൈവരിയിൽ ഒരു കാൽ കയറ്റിവെച്ച് നിൽക്കുകയായിരുന്നു ഈ സമയമത്രയും രോഗി. എല്ലാം കേട്ടതിന് ശേഷം അദ്ദേഹം അവയെല്ലാം പരിഹരിക്കാമെന്ന് ഉറപ്പു നൽകുകയും തന്റെ കൈയിൽ പിടിക്കാൻ സ്ത്രീയോട് പറയുകയുമായിരുന്നു. കൈയിലെ പരിക്കുകൾ കാരണം കൈയിൽ ശരിയായി പിടിക്കാൻ സാധിച്ചില്ലെങ്കിലും സുരക്ഷിതമായി അവരെ താഴെയിറക്കാൻ ദേവരാജിന് സാധിച്ചു. പിന്നീട് ജീവനക്കാരെത്തി രോഗിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പൊലീസുകാരന്റെ കൃത്യസമയത്തെ ഇടപെടലിനെ ഡോക്ടർമാരും മറ്റ് ജീവനക്കാരും അഭിനന്ദിക്കുകയും ചെയ്തു.