ആപ്പിള്‍ ലോഗോയിലേതുപോലെ ഒറ്റക്കടി; ആ കടിഞ്ഞൂല്‍ മാങ്ങ പള്ളപിളര്‍ന്നാടി…

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം. 

ഞാനിപ്പോള്‍ ജര്‍മനിയിലെ ഹാംബര്‍ഗിലാണ്. നിറയെ കാറ്റാടിയന്ത്രങ്ങളുള്ള ചോളപ്പാടത്തിന്റെ നടുവിലൂടെ കടന്ന് പോകുന്ന ഹൈവേയുടെ ഓരം ചേര്‍ന്ന് കിടക്കുന്ന അതിവിശാലമായ ട്രക്ക് പാര്‍ക്കിങ്ങില്‍. സമയം രാത്രി പത്ത് മണി. ദീര്‍ഘ നേരത്തെ ഡ്രൈവിങ്ങിന്റെ ക്ഷീണവും, നല്ല വിശപ്പുമുണ്ട്. എന്തെങ്കിലും കഴിക്കണം, ഉറങ്ങണം. എല്ലാത്തിനും മുന്നോടിയായി ഫോണെടുത്തൊന്ന് തോണ്ടി. രണ്ട് മൂന്ന് ഇ-മെയില്‍. അതിലൊരെണ്ണം വെക്കേഷന്‍ ഓര്‍മ്മകളെ കുറിച്ചുള്ള പരമ്പരയിലേക്ക് എഴുത്ത് ക്ഷണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ നിന്നാണ്. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.

പക്ഷെ, എന്തെഴുതും?

ഞാന്‍ ട്രക്കിന്റെ ചില്ലുജാലകം താഴ്ത്തി വെളിയിലേക്ക് നോക്കി. തണുത്ത കാറ്റ് വീശിയടിക്കുന്നു. കാറ്റാടിയന്ത്രങ്ങള്‍ ദ്രുതഗതിയില്‍ കറങ്ങുന്നു. ഞാന്‍ തനിച്ചല്ല, ശൈത്യകാലത്തിന്റെ യാത്രാ മൊഴിയെന്നോണം വീശിയടിക്കുന്ന തണുത്ത കാറ്റും, തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളും എനിക്ക് കൂട്ടുണ്ട്.

ദ്രുതഗതിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന കാറ്റാടിയന്ത്രങ്ങള്‍ പോലെ, ഓര്‍മ്മകളില്‍ കാലചക്രം ഇരുപത്തിയേഴ് വര്‍ഷം പിറകിലേക്ക് കറങ്ങി. ഞാനിപ്പോള്‍ സഹപാഠിയും, സുഹൃത്തും, അയല്‍വാസിയുമായ അലിയുടെ വീട്ടുമുറ്റത്തെ മാവിന്‍ ചുവട്ടിലാണ്. അതെ, ഒന്നാന്തരം ഒരു ഒട്ടുമാവിന്‍ ചുവട്ടില്‍!

ചെറുമാവില്‍ കായ്ക്കുന്ന മാങ്ങകളെനിക്ക് ബാല്യത്തില്‍ വളരെ കൗതുകവും സന്തോഷവും നല്‍കിയിരുന്നു. എളുപ്പം പറിച്ചെടുക്കാന്‍ കഴിയുമെന്നതായിരുന്നു കാരണം. അത്തരം മാങ്ങകള്‍ എന്റെ വികൃതിക്കിരയാകുന്നത് പതിവായിരുന്നു.

ഞാനും അലിയും അഞ്ചില്‍ പഠിക്കുന്നു. അലിയുടെ വീട്ടുമുറ്റത്ത് കളിയില്‍ തിമിര്‍ത്ത കുട്ടിക്കാലം. ആ ഒട്ടുമാവിനും ഏതാണ്ട് ഞങ്ങളുടെ പ്രായം തന്നെ!

അതുവരെ പൂക്കുകയോ, കായ്ക്കുകയോ ചെയ്യാതിരുന്ന മാവ് ആ വര്‍ഷം പൂത്തുലഞ്ഞു. നാളതുവരെ അവഗണിച്ച മാവിന് അവര്‍ തടമൊരുക്കി. വെള്ളവും വളവും കൊണ്ട് തടം നിറച്ച് അവരതിനെ പരിപാലിച്ചു. പക്ഷേ, ഫലം വിപരീതമായിരുന്നു. കനികളായി മാറാതെ പൂക്കളെല്ലാം കരിഞ്ഞുണങ്ങി. എങ്കിലും പ്രതീക്ഷക്ക് വക നല്‍കി ഒരു കണ്ണിമാങ്ങ അസാധാരണ വലിപ്പമുളള ഞെട്ടിയില്‍ തൂങ്ങിയാടി. അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.               

കൊല്ലപ്പരീക്ഷയും കഴിഞ്ഞ് വേനലവധിക്ക് സ്‌കൂള്‍ അടച്ചതോടെ അലിയുടെ വീട്ടുമുറ്റത്തിന്റെ അധികാരം ഞാനടങ്ങുന്ന കുട്ടിപ്പട്ടാളം പിടിച്ചെടുത്തു. അപ്പോഴും മാവും, മാവില്‍ നിന്ന് നാലടി വൃത്തപരിധിക്കുള്ളിലുള്ള ഭൂപ്രദേശവും അതീവ സുരക്ഷാ മേഖലയായി അലികുടുംബത്തിന്റെ പൂര്‍ണ്ണ അധികാരത്തിലും നിയന്ത്രണത്തിലും പുലര്‍ന്നു. 

എന്നും കണ്ണിമാങ്ങയും നോക്കിയവര്‍ തടം നിറച്ച് പോഷകം നല്‍കി. കണ്ണിമാങ്ങ വളര്‍ന്ന് അര മാങ്ങയായി. മാവിലും മാങ്ങയിലും അവര്‍ക്ക് ശ്രദ്ധകൂടി. 

എന്റെ പോക്രിത്തരം ശരിക്കറിയാവുന്നത് കൊണ്ടും, കളിക്കിടയിലെന്റെ കണ്ണുകള്‍ മാങ്ങയിലുടക്കുന്നത് അലിയുടെ ഉമ്മ കണ്ടതുകൊണ്ടുമാകണം അവരിടയ്ക്കിടെ ശകാര വാക്കുകളില്ലാതെ ഇവ്വിധമെന്നെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു.

‘മോനെ അഞ്ചിദേ, മാങ്ങ പൊട്ടിക്കേര്ത്ട്ടാ.. പൗത്ത്ട്ട് പൊട്ടിക്കുംമ്പോ തരണ്ട്ട്ടാ.’

വകതിരിവില്ലാത്ത ബാല്യം ആ സ്‌നേഹ വാക്കുകള്‍ ചെവിക്കൊള്ളാതെ, തണ്ടിലാടിക്കളിക്കുന്ന കടിഞ്ഞൂല്‍ മാങ്ങയില്‍ ദൃഷ്ടി പായിച്ചുകൊണ്ടേയിരുന്നു.

അരമാങ്ങ വളര്‍ന്ന് നീളമുളള ഞെട്ടിയിലെ മുഴുത്ത മാങ്ങയായി. എന്റെ ശ്രദ്ധ മുഴുവന്‍ ഞാന്‍ മാങ്ങയില്‍ കേന്ദ്രീകരിച്ചു. അതോടെ അലികുടുംബത്തിന്റെ നിരീക്ഷണം എനിക്കുമേല്‍ ശക്തമായി. 

‘ഇനി വൈകിച്ചുകൂടാ, വിളവെടുപ്പിനുള്ള സമയമായിരിക്കുന്നു’-എന്റെ മനസ്സ് മന്ത്രിച്ചു. 

ഞാനും അലിയും, സിദ്ധിയും, ഷാക്കിറും കളിച്ചു കൊണ്ടിരിക്കുന്ന സമയം. ഞാന്‍ നിയന്ത്രണരേഖ ലംഘിച്ചുകൊണ്ട് ഒട്ടുമാവിന്‍ ചുവട്ടില്‍ പ്രവേശിച്ചു. 

വെടിവെക്കണോ, വേണ്ടെ! -അലി ആശയക്കുഴപ്പത്തിലായി.

അടുത്ത നിമിഷം ഞാനാ മാവില്‍ പകുതിവരെ അള്ളിപ്പിടിച്ചു കയറി.

‘ഇമ്മാാാാ…അഞ്ചിദിദാ മാങ്ങോട്ടിക്ക്ണ…’ അലി ആര്‍ത്തു വിളിച്ചു.

അലിയുടെ ഉമ്മ ക്ഷണ നേരംകൊണ്ട് മുറ്റത്തേക്ക് പാഞ്ഞെത്തി. ഉമ്മാനെ കണ്ടതും ഞാന്‍ ചാടിയിറങ്ങി.

‘വെറ്‌തെ കേറീതാ’-ഞാന്‍ പറഞ്ഞു.

‘ഓന് പൊട്ടിക്കൊന്നുല്ല്യ, നല്ലോട്ട്യാ’

അവരതും പറഞ്ഞകത്തേക്കു പോയി. അല്പ നേരം കഴിഞ്ഞു ഞാന്‍ വീണ്ടും മാവില്‍ കയറി. അലി വീണ്ടും ആര്‍ത്തു വിളിച്ചു. 

ഉമ്മ വന്നു.

‘അന്നോടല്ലേ മോനെ പറഞ്ഞി, പൗത്ത്ട്ട് പൊട്ടിക്കുമ്പോ തരണ്ട്ന്ന്’.

‘ഞാ പൊട്ടിക്കാനല്ലന്നൂ, ഓനെ പറ്റിക്കാന് കേറീതാ’.

എന്റെ കാപട്യം ഞാനവര്‍ത്തിച്ചത് തിരിച്ചറിയാതെ അവരകത്തേക്കു പോയി. 

ഞാന്‍ മൂന്നാമതും മാവില്‍ കയറി.

അലി മൗനംപൂണ്ട് എന്റെ നീക്കങ്ങള്‍ വീക്ഷിച്ചു നിന്നു!

ഞാന്‍ ഒരടികൂടി മുകളില്‍ കയറി. 

അലി നോക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല. 

ഒരല്പം കൂടി കയറി ഒരു ചെറു കൊമ്പില്‍ ഞാന്‍ നിലയുറപ്പിച്ചു. ഇപ്പോള്‍ എന്റെ കുഞ്ഞിക്കൈ അകലത്തില്‍ മാങ്ങയുണ്ട്.

അലി, അടുത്ത നിലവിളിക്കുള്ള ഊര്‍ജ്ജവും ശ്വാസവും ആവുന്നത്ര നെഞ്ചിലും തൊണ്ടയിലുമായി സംഭരിച്ചു. 

അടുത്ത ഏതാനും നിമിഷങ്ങള്‍. മൗനം, നിശ്ചലം!

ആ നീളന്‍ ഞെട്ടിയിലെ മുഴുത്ത മാങ്ങ ഞാനെന്നിലേക്ക് വലിച്ചടുപ്പിച്ചു.

എന്റെ ശ്രമം തിരിച്ചറിഞ്ഞ അലി അത്യുച്ചത്തില്‍ നിലവിളിച്ചു.

‘ഇമ്മാാാാാാാ…അഞ്ചിദിദാ മാങ്ങോട്ടിക്ക്ണ’

പുലി വരില്ലെന്നുറപ്പിലാകണം അകത്തു നിന്നാരും വന്നില്ല!

അവന്റെ നിലവിളി പുരയിടത്തിന്റെ നാലതിരുകളും കടന്ന് എവിടെയോ തലതല്ലി വീണു.

അലിയുടെ നിലവിളിക്കെന്റെ കരുണയെന്നോണമാകണം, മാങ്ങ പറിച്ചെടുക്കാതെ, ഞാനെന്റെ മോഹം ഒരു കടിയിലൊതുക്കി ഇറങ്ങിയോടി.

വര്‍ത്തമാനകാലത്തെ ആപ്പിള്‍ കമ്പനിയുടെ ലോഗോ അനുസ്മരിപ്പിക്കും വിധം, അസാധാരണ നീളമുള്ള ഞെട്ടിയില്‍ ആ കടിഞ്ഞൂല്‍ മാങ്ങ പള്ളപിളര്‍ന്നാടി കൊണ്ടിരുന്നു.

കാലചക്രം വീണ്ടും 2025-ലേക്ക് കറങ്ങി. 

ബാല്യകാല ഓര്‍മ്മകളില്‍ സജീവമായിരുന്ന ഒട്ടനവധി മാവുകള്‍ വിറകായ് എരിഞ്ഞമര്‍ന്നപ്പോള്‍, ഞങ്ങളുടെ അവധിക്കാല സ്മരണകളും പേറി, മാവ് നിറയേ മാമ്പഴങ്ങളുമായ് അലിയുടെ വീട്ടുമുറ്റത്ത് ഇന്നും തലയിടുപ്പോടെ നില്‍ക്കുന്നുണ്ട് ആ ഒട്ടുമാവ്.

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

By admin