ആദ്യ മൂന്നിലേക്ക് കുതിച്ച് ആര്‍സിബി! പഞ്ചാബ് കിംഗ്‌സിന് തിരിച്ചടി, ലക്‌നൗവിന് ഒരു സ്ഥാനം നഷ്ടം

മുല്ലാന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് 10 പോയിന്റാണുള്ളത്. അഞ്ച് ജയവും മൂന്ന് തോല്‍വിയും. എട്ട് മത്സരങ്ങളില്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ പഞ്ചാബ് നാലാം സ്ഥാനത്താണ്. അവര്‍ക്കും പത്ത് പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് പിന്നിലായി. ഏഴ് മത്സരങ്ങളില്‍ 10 വീതം പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് യഥാക്രമം ഒന്ന് മുതല്‍ രണ്ട് വരെയുള്ള സ്ഥാനങ്ങളില്‍. ഉയര്‍ന്ന റണ്‍റേറ്റാണ് ഗുജറാത്തിനെ ഒന്നാമതെത്തിച്ചത്.

ആര്‍സിബിയുടെ വരവോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലക്‌നൗവിനും പത്ത് പോയിന്റാണുള്ളത്. നെറ്റ് റണ്‍റേറ്റാണ് അവരേയും പിന്നോട്ടാക്കിയത്. ഏഴ് കളികളില്‍ ആറ് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത്. കൊല്‍ക്കത്തക്ക് പിന്നിലായി ഏഴാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സുണ്ട്. പിന്നില്‍ രാജസ്ഥാന്‍ റോയല്‍സ്. നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. എട്ട് മത്സരങ്ങളില്‍ ആറിലും ടീം പരാജയപ്പെട്ടു. ഏഴ് കളികളില്‍ രണ്ട് ജയം മാത്രമുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍.

അതേസമയം, പഞ്ചാബ് കിംഗ്‌സിനെതിരെ ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. മുല്ലാന്‍പൂരില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോലി (54 പന്തില്‍ പുറത്താവാതെ 73), ദേവ്ദത്ത് പടിക്കല്‍ (35 പന്തില്‍ 61) എന്നിവരാണ് ആര്‍സിബിയുടെ വിജയശില്‍പ്പികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് വേണ്ടി 33 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആര്‍സിബിക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ, സുയഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചിന്നസ്വാമിയില്‍ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബിനായിരുന്നു ജയം.

മുംബൈ ഇന്ത്യന്‍സിന് ടോസ്! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ആയുഷ് മാത്രെയുടെ അരങ്ങേറ്റം, ത്രിപാദി പുറത്ത്

ദേവ്ദത്ത് – കോലി കൂട്ടുകെട്ടാണ് ആര്‍സിബിയുടെ രക്ഷയ്‌ക്കെത്തിയത്. ഇരുവരും 103 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് ആര്‍സിബിയുടെ വിജയത്തിന് ഇന്ധനമായതും. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 

ദേവ്ദത്തിനെ ഹര്‍പ്രീത് ബ്രാര്‍ മടക്കുകയായിരുന്നു. 35 പന്തുകള്‍ മാത്രം നേരിട്ട ദേവ്ദത്ത് നാല് സിക്‌സും അഞ്ച് ഫോറും നേടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ രജത് പടിധാറിന് (12) തിളങ്ങാനായില്ല. എന്നാല്‍ ജിതേഷ് ശര്‍മയെ (11) കൂട്ടുപിടിച്ച് കോലി ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചു. 54 പന്തുകള്‍ കളിച്ച കോലി ഒരു സിക്‌സും ഏഴ് ഫോറും നേടി.

By admin