വിഷു റിലീസുകളില്‍ ബോക്സ് ഓഫീസില്‍ നമ്പര്‍ 1 ആയി തുടരുകയാണ് നസ്‍ലെന്‍ നായകനായ ആലപ്പുഴ ജിംഖാന. ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തില്‍ എത്തിയിരിക്കുന്ന ചിത്രം അമെച്വര്‍ ബോക്സിംഗിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സ്പോര്‍ട്സ് കോമഡി ആണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 34.8 കോടിയാണ്. റിലീസിന്‍റെ ഒന്‍പതാം ദിവസവും ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച ഒക്കുപ്പന്‍സിയാണ് ലഭിക്കുന്നത്. ഇത് എഴുതുമ്പോള്‍ അവസാന ഒരു മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ മാത്രം ചിത്രം 3600 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന് പുറമെ മറ്റൊരു ഭാഷയിലും പ്രദര്‍ശനത്തിന് എത്തുകയാണ് ചിത്രം.
ആലപ്പുഴ ജിംഖാനയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ആണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ഏപ്രില്‍ 25 ന് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ തെലുങ്ക് ട്രെയ്‍ലറും പുറത്തെത്തിയിട്ടുണ്ട്. നസ്‍ലെന് കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയ പ്രേമലു തെലുങ്ക് ഭാഷയിലും തിയറ്ററുകളില്‍ എത്തിയിരുന്നു. മൊഴിമാറ്റ പതിപ്പായി എത്തിയ തെലുങ്ക് പ്രേമലുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 10 ദിവസം കൊണ്ട് 10.54 കോടി ആയിരുന്നു ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് നേടിയ കളക്ഷന്‍. അതിനാല്‍ത്തന്നെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതനാണ് നസ്‍ലെന്‍.
പ്രേമലുവിന് സാധിച്ചതുപോലെ തെലുങ്ക് പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ വലിയ ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രത്തെ കാത്തിരിക്കുന്നത്. വേനലവധിക്കാലത്ത് യുവാക്കളുടെ തിയറ്ററുകളിലെ ഫസ്റ്റ് ചോയ്സ് നിലവില്‍ ആലപ്പുഴ ജിംഖാനയാണ്. മോഹന്‍ലാലിന്‍റെ തുടരും, ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി, സൂര്യയുടെ റെട്രോ അടക്കമുള്ള ചിത്രങ്ങള്‍ വരും വാരാന്ത്യങ്ങളില്‍ വരാനുണ്ടെങ്കിലും യുവ പ്രേക്ഷകരുടെ ചോയ്സ് ആയി ആലപ്പുഴ ജിംഖാന തിയറ്ററുകളില്‍ തുടരാനാണ് സാധ്യത. അത് സാധിച്ചാല്‍ മികച്ച ലൈഫ് ടൈം കളക്ഷന്‍ സെറ്റ് ചെയ്യാന്‍ ചിത്രത്തിന് സാധിക്കും. ചിത്രത്തിന്‍റെ ഫൈനല്‍ ബോക്സ് ഓഫീസ് സംഖ്യ ഇപ്പോള്‍ പ്രവചിക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്.
ALSO READ : കണ്ണനായി അൽ സാബിത്ത്, പട്ടുപാവാടയണിഞ്ഞ് ശിവാനി; വിഷുച്ചിത്രങ്ങൾ വൈറൽ