സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേര്, എൻസി‌ഇആർടി നടപടിയിൽ എതിർപ്പ്: കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയത്തിലുള്ളവ ഉൾപ്പെടെ സ്കൂൾ പാഠപുസ്തകങ്ങൾക്ക് ഹിന്ദി പേരുകൾ നൽകാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻ‌സി‌ഇ‌ആർ‌ടി) സമീപകാല തീരുമാനങ്ങൾക്കെതിരെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. പൂർവി (6, 7 ക്ലാസുകൾ), മൃദംഗ് (1, 2 ക്ലാസുകൾ), സന്തൂർ (3, 4 ക്ലാസുകൾ), ഗണിത പ്രകാശ് (6-)o ക്ലാസ്‌ ഗണിതത്തിന് ഇംഗ്ലീഷിലും ഹിന്ദിയിലും) എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങൾക്ക് എൻ.സി.ഇ.ആർ.ടി നൽകിയിരിക്കുന്നത്.

 “ഭാഷാ വൈവിധ്യത്തെയും ധാർമ്മികതയെയും ദുർബലപ്പെടുത്തുന്നതാണ് എൻ‌സി‌ആർ‌ടിയുടെ ഈ നീക്കം. സാംസ്കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ യാത്രയിലെ പിന്നോട്ടടിയായും കേരളം ഇതിനെ കാണുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി കേന്ദ്രമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. പാഠപുസ്തകങ്ങൾക്ക് പേരിടൽ കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല, മറിച്ച് പഠിതാക്കളുടെ ഭാഷാ പശ്ചാത്തലത്തെ മാനിക്കേണ്ട ഒരു അക്കാദമിക തീരുമാനമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ നിന്നുള്ള പദങ്ങളുടെ ഉപയോഗം സാംസ്കാരികമായി ഏകീകരിക്കുന്നതായി ന്യായീകരിക്കപ്പെടുമ്പോൾ, ഒരു ഭാഷാ പാരമ്പര്യത്തിൽ നിന്നുള്ള പേരുകൾ അടിച്ചേൽപ്പിക്കുന്നത് ബഹുഭാഷയെ ആഘോഷിക്കുന്ന രാജ്യത്ത് ശരിയായ നടപടിയല്ല.

ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിന്റെ സമ്പന്നമായ പാരമ്പര്യമുള്ള കേരളം, എൻ‌സി‌ഇആർ‌ടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറൽ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടൻ ഇടപെടണം. പാഠപുസ്തകങ്ങൾ ഭാഷാപരമായ ആധിപത്യത്തിന്റെയല്ല, പഠനത്തിന്റെയും ഉൾക്കൊള്ളലിന്റെയും ഉപകരണങ്ങളായി വർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എൻ‌സി‌ഇആർ‌ടിയുടെ തീരുമാനം തിരുത്താനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് അയച്ച കത്തിൽ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

Read More : ഇടിമിന്നലോടുകൂടിയ മഴ, കേരളത്തിൽ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മണിക്കൂറിൽ 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത

By admin