സച്ചിയുടെ കള്ളം പൊളിക്കാനൊരുങ്ങി ശ്രുതി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

സുധിയ്ക്ക് 14 ലക്ഷം രൂപ കൊടുക്കേണ്ട കാര്യം മീരയോട് പറയുകയാണ് ശ്രുതി. എന്ത് ചെയ്യാൻ പറ്റുമെന്ന് നമുക്ക് പാർലറിൽ പോയ ശേഷം ആലോചിക്കാമെന്ന് മീര മറുപടി പറയുന്നു. അങ്ങനെ പാർലറിലേയ്ക്ക് പോകാൻ ഇരുവരും ഓട്ടോ പിടിക്കാൻ ഒരുങ്ങുന്നു. എതിരെ വന്ന ഓട്ടോയ്ക്ക് അവർ കൈ കാണിച്ച് നിർത്തുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

ശ്രുതിയും മീരയും ഓട്ടോയിൽ കയറാൻ ഒരുങ്ങിയപ്പോഴാണ് അവർ ആ കാര്യം ശ്രദ്ധിച്ചത് . ആ ഓട്ടോ ഓടിച്ചത് സച്ചിയായിരുന്നു. സച്ചിയെ ഓട്ടോ ഡ്രൈവറായി കണ്ടതും ശ്രുതിയും മീരയും ആകെ അമ്പരന്നു. തൽക്കാലം ആ വഴി വേറെ ഓട്ടോ വരുന്നത് കാണാത്തതുകൊണ്ട് അവർ ആ ഓട്ടോയിൽ തന്നെ കയറി. പാർലറിലേയ്ക്ക് പോകാനാണെന്ന് സച്ചിയോട് പറഞ്ഞു. സച്ചി  നേരെ പാർലർ ലക്ഷ്യമാക്കി വണ്ടി വിട്ടു. എന്നാലും ഇവൻ കാർ വിറ്റോ, എന്തിനാണ് ഇവൻ ഓട്ടോ ഓടിക്കുന്നത് തുടങ്ങിയ സംശയങ്ങൾ ശ്രുതിയ്ക്ക് ഉണ്ടായിരുന്നു. അക്കാര്യം മീരയോട് ശ്രുതി ചോദിക്കാൻ പറഞ്ഞെങ്കിലും പേടി കാരണം മീര ചോദിക്കാൻ കൂട്ടാക്കിയില്ല. 

അതേസമയം ശ്രുതിയ്ക്ക് തന്റെമേൽ സംശയം തോന്നുമെന്ന് കരുതി സച്ചി മഹേഷിനെ ഫോൺ ചെയ്ത് ചെറുതായൊരു നാടകം നടത്തി . ശ്രുതി കേൾക്കാനായി തന്റെ കാർ കാർത്തിക്കിന്റെ കയ്യിലാണെന്നും അവന്റെ അനിയത്തിയുടെ കല്യാണമല്ലേ അതുകൊണ്ട് കൊണ്ടുപോയതാണെന്നും, ഒരാഴ്ച കഴിഞ്ഞാൽ തിരികെ തരുമെന്നും ഉച്ചത്തിൽ ഫോണിൽ പറഞ്ഞു. ആദ്യം മഹേഷിന്റെ സംഭവം മനസ്സിലായില്ലെങ്കിലും പിന്നീട് സച്ചി അഭിനയിക്കുകയാണെന്ന് പിടി കിട്ടി. മഹേഷും കട്ടയ്ക് നിന്നു. എന്നാൽ ശ്രുതിയുടെ സംശയം എന്നിട്ടും തീർന്നില്ലായിരുന്നു. അവനെ പരീക്ഷിക്കാനായിത്തന്നെ ശ്രുതിയും മീരയും പാർലർ എത്തും മുൻപ് വണ്ടിയിൽ നിന്നിറങ്ങി.  പൈസയും കൊടുത്ത് അവർ മറ്റെവിടേയ്ക്കോ പോകാനുണ്ടെന്ന് പറഞ്ഞ് പോകുന്നതുപോലെ കാണിച്ചു. എന്നാൽ രണ്ടുപേരും തൊട്ടടുത്ത മതിലിന് പിറകിൽ ഒളിച്ച് നിൽക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് സച്ചിയുടെ ഒരു സുഹൃത്ത് ആ വഴിയ്ക്ക് വന്നതും സച്ചിയോട് കാർ വിറ്റ കാര്യമെല്ലാം അറിഞ്ഞെന്ന് പറയുന്നതും. ശ്രുതിയും കാത്തിരുന്നത് ഈ സത്യം അറിയാനായിരുന്നു. ഹോ ..അത് കേട്ടപ്പോഴുള്ള ശ്രുതിയുടെ മുഖം 100 അല്ല 500 വാൾട്ട് ബൾബ് പോലെ കത്തി. കുടുംബത്തിൽ ഒരു പ്രശനം ഉണ്ടാക്കാൻ പറ്റിയ അവസരമാണല്ലോ വന്നിട്ടുള്ളത്. അപ്പൊ മുഖത്ത് നല്ല പ്രകാശം വന്നില്ലെങ്കിൽ അത്ഭുതമുള്ളു. 

സത്യമറിഞ്ഞ ശ്രുതി ഇക്കാര്യം നേരെ പോയി ശുദ്ധിയോടും ചന്ദ്രയോടും പറഞ്ഞു. ചന്ദ്രയാവട്ടെ അക്കാര്യം നേരെ രവിയോടും പറഞ്ഞു. വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിക്കൊടുത്ത കാർ അവൻ വിറ്റെന്ന് കേട്ടപ്പോൾ അച്ഛൻ ആകെ ഷോക്ക് ആയി. എന്തായാലും അവൻ വന്നിട്ട് ചോദിക്കാമെന്ന് രവി ചന്ദ്രയ്ക്ക് ഉറപ്പ് നൽകി. അതേസമയം പൂക്കടയിലേക്കുള്ള പൂക്കൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയിരിക്കുകയാണ് രേവതി. അവിടെ വെച്ച് രേവതിയും അപ്രതീക്ഷിതമായി സച്ചിയെ കാണാൻ ഇടവരുന്നു. കാർ ഓടിച്ച് നടന്ന സച്ചിയെ പെട്ടന്ന് ഓട്ടോ ഡ്രൈവറായി കണ്ട ഞെട്ടലിൽ നിൽക്കുന്ന രേവതിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.
സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.
 

By admin