ഷൈന്‍റെ നഖം, രക്തം, മുടി എന്നിവയുടെ സാമ്പിളുകളെടുത്തു, സഹകരിച്ച് താരം; അറസ്റ്റിൽ പ്രതികരിച്ച് സഹോദരൻ
കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളെടുത്തു. ഷൈന്‍റെ മുടി, രക്തം, നഖം എന്നിവയുടെ സാമ്പിളുകളാണ് എടുത്തത്. പൊലീസ് നടപടിയുമായി ഷൈൻ ടോം ചാക്കോ പൂര്‍ണമായും സഹകരിച്ചു. സാമ്പിളുകള്‍ പൊലീസിന്‍റെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറയിലേക്ക് അയക്കും.
ഷൈനിനെതിരെ മറ്റു വകുപ്പുകള്‍ കൂടി ചുമത്തി അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. ലഹരി ഇടപാട് നടത്തിയ സജീറിനെയും പൊലീസ് അറസ്റ്റ് ചെയ്തേക്കും. സജീറിനെ അറിയാമെന്ന് ഷൈൻ സമ്മതിച്ചിരുന്നു. ആലപ്പുഴയിലെ ലഹരിക്കേസിൽ പിടിയിലായ തസ്ലീമയെ അറിയാമെന്നും ഷൈൻ സമ്മതിച്ചിരുന്നു. ലഹരി ഉപയോഗിക്കുമെന്നും ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. അതേസമയം, ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്കുശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ചു. നിലവിലെ കേസുകള്‍ പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിച്ചേക്കും. ഷൈന്‍റെ പിതാവും സഹോദരനും പൊലീസ് സ്റ്റേഷനിലെത്തി.
ചേട്ടനെ കൊണ്ടുപോകാൻ വന്നതാണെന്നും ലഹരി ഉപയോഗിച്ചോയെന്ന കാര്യം അറിയില്ലെന്നും സ്റ്റേഷനിലെത്തി ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോണ്‍ ചാക്കോ പ്രതികരിച്ചു. സാമ്പത്തിക പ്രശ്നം കാരണം കേബിള്‍ കട്ടാക്കിയിരുന്നു. അതിനാൽ വാര്‍ത്തയൊന്നും അങ്ങനെ കാണാറില്ല. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന കാര്യം തനിക്കറിയില്ല. വാര്‍ത്തകളൊന്നും കണ്ടിട്ടില്ല. ചേട്ടനെ കൊണ്ടുപോകാൻ വന്നതാണ്.
ജാമ്യം കിട്ടിയാൽ ചേട്ടനെ കൊണ്ടുപോകും. ഷൈൻ ടോം ചാക്കോയെ ഡി അഡിക്ഷൻ സെന്‍ററിൽ കൊണ്ടുപോയിട്ടുണ്ടായിരിക്കാമെന്നും അതേക്കുറിച്ച് അറിയില്ലെന്നും സഹോദരൻ പ്രതികരിച്ചു. അന്ന് ചേട്ടൻ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയപ്പോള്‍ ഓടുന്നത് നല്ലതല്ലേയെന്നാണ് താൻ പ്രതികരിച്ചതെന്നും കൂടുതലൊന്നും അറിയില്ലെന്നും സഹോദരൻ പറഞ്ഞു.